Featured Posts

Breaking News

രാജ്യം ഞെട്ടിയ രാത്രിക്ക് 5 വയസ്സ്; അക്കൗണ്ടിൽ ഇന്നും എത്തിയിട്ടില്ല മോദി പറഞ്ഞ 15 ലക്ഷം!


കൃത്യം 5 വർഷം മുൻപ്, 2016 നവംബർ 8നു രാത്രി 8 മണിക്കാണ് ഇടിത്തീ പോലൊരു പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്. 500,1000 എന്നീ കറൻസികൾ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം കേട്ട് രാജ്യം ഞെട്ടിത്തരിച്ചു. ഒരു സൂചന പോലും നൽകാതെ പെട്ടെന്നുണ്ടായ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുപോലെ ബാധിച്ചു. അരി വാങ്ങാൻ പോലും ‘കയ്യിൽ’ പണമില്ലാതെ ജനങ്ങൾ പിറ്റേന്ന് തെരുവിലിറങ്ങുന്ന കാഴ്ചയും കാണേണ്ടതായി വന്നു. 1000, 500 നോട്ടുകൾ മാറ്റി നിരോധനമില്ലാത്ത ചെറിയ മൂല്യമുള്ള നോട്ടുകൾ വാങ്ങാൻ ബാങ്കുകളുടെ മുന്നിൽ രാജ്യത്തെ സാധാരണക്കാരുടെ അവസാനമില്ലാത്ത നിരകൾ രൂപപ്പെട്ടു.

മണിക്കൂറുകളുടെ കാത്തുനിൽപിൽ വെയിലേറ്റ് തളർന്ന് ഒട്ടേറെ പാവങ്ങൾ വീണു മരിച്ചു. സമാനതയില്ലാത്ത പ്രതിസന്ധിയിൽ പാവങ്ങളുടെ അന്നം മുടങ്ങി. ജീവനോപാധികൾ തന്നെ താറുമാറായവരുമേറെ. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റൽ പണമിടപാടിലേക്കു പൂർണമായി മാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതി പക്ഷേ ലക്ഷ്യം കണ്ടില്ല. മാത്രമല്ല, സാധാരണക്കാരെ സമാനതകളില്ലാത്ത ദുരിതത്തിലേക്കു തള്ളിവിടുകയും ചെയ്തു. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടിയാണല്ലോ എന്ന് ആശ്വസിച്ച് ദുരിതം സഹിച്ചവരുമുണ്ട്; അഞ്ചു വർഷത്തിനു ശേഷവും ആ ദുരിതത്തിൽ നിന്നു കരകയറാത്തവരും.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നോട്ടു നിരോധനം നടപ്പാക്കിയതാണു ജനജീവിതത്തെ വല്ലാതെ ബാധിക്കാൻ കാരണം. തൊട്ടടുത്ത വർഷം തന്നെ ചരക്കു സേവന നികുതിയും (ജിഎസ്‌ടി) മോദി സർക്കാർ നടപ്പാക്കി. അതോടെ ദുരിതങ്ങളുടെ തുടർക്കഥയിലേക്ക് സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും തള്ളിവിടുകയാണു സർക്കാർ ചെയ്തത്. ജിഎസ്ടി നടപ്പാക്കിയപ്പോഴും വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതു സർക്കാരിനു തിരിച്ചടിയായി. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും എന്ന വാർത്ത കേൾക്കുമ്പോൾ ഓരോ പൗരന്റെയും മനസ്സിൽ ഇപ്പോഴും ആദ്യമുണ്ടാകുക ഒരു ഞെട്ടലാണ്… നോട്ട് നിരോധനം സാധാരണക്കാരിലുണ്ടാക്കിയ ദുരിതത്തിന്റെ ആഘാതമാണിതിനു കാരണം. ‘ഡീമോണിറ്റൈസേഷൻ’ എന്ന മോദി സർക്കാരിന്റെ സ്വപ്ന പദ്ധതി നടപ്പാക്കി 5 വർഷം കഴിയുമ്പോൾ ലക്ഷ്യം ഇനിയും എത്ര അകലെയാണെന്നു പരിശോധിക്കാം.

തടഞ്ഞോ കള്ളപ്പണം

നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപു വരെ രാജ്യത്ത് 17.97 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 86 ശതമാനവും വലിയ മൂല്യമുള്ള 500, 1000 രൂപയുടെ കറൻസികൾ. 8 മണിക്ക് പ്രധാനമന്ത്രി നിരോധനം പ്രഖ്യാപിച്ചു. രാത്രി 12 മണി മുതൽ നിരോധനം പ്രാബല്യത്തിലായി. കള്ളപ്പണക്കാർക്ക് വമ്പൻ പ്രഹരമായിരുന്നു ഈ സർപ്രൈസ് പ്രഖ്യാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 4 മണിക്കൂർകൊണ്ട് വമ്പൻ കള്ളപ്പണക്കാർക്ക് ഒന്നും ചെയ്യാനാവില്ലെന്ന കണക്കുകൂട്ടൽ.

എന്നാൽ കള്ളപ്പണം എന്നത് 1000, 500 നോട്ടുകളിൽ മാത്രമൊതുങ്ങില്ലെന്നതു വലിയ വസ്തുതയായി അവശേഷിച്ചു. ആസ്തിയായും ഉൽപന്നമായും വർഷങ്ങളായി കുന്നുകൂടിയ അനധികൃത പണംകൊണ്ട് കള്ളപ്പണക്കാർ വീണ്ടും വരുമാനമുണ്ടാക്കി. വിദേശരാജ്യങ്ങളിലെ കണക്കില്ലാത്ത നിക്ഷേപങ്ങളെയും നോട്ടു നിരോധനം സ്പർശിച്ചില്ല. 500 രൂപയുടെയും 1000 രൂപയുടെയും കറൻസിയായി ഈ സമയത്തുണ്ടായിരുന്നത് രാജ്യത്തെ ആകെ കള്ളപ്പണത്തിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമായിരുന്നു. കള്ളപ്പണത്തിന്റെ വഴികളെ തടയാനോ എന്നെന്നേക്കുമായി അവസാനിപ്പിക്കാനോ നോട്ടു നിരോധനത്തിനു കഴിഞ്ഞില്ല.

കൃത്യമായി നികുതി കൊടുക്കുന്ന ഒട്ടേറെ ചെറുകിട സംരംഭങ്ങളെയാണ് നോട്ട് നിരോധനം ഏറ്റവും അധികം ബാധിച്ചത്. അതിസമ്പന്നരുടെ നോട്ടുകൾ അതിവേഗം മാറ്റിക്കൊടുക്കാൻ പല ബാങ്കുകളും തിടുക്കം കൂട്ടി. 30 ശതമാനം ചാർജ് ഈടാക്കിയായിരുന്നു ഇത്. മറ്റൊരു തരത്തിലുള്ള കള്ളപ്പണ സാധ്യതയാണ് ഇതുവഴി തുറന്നത്. 2000 രൂപയുടെ നോട്ട് പുറത്തിറക്കിയതോടെ കള്ളപ്പണവും വ്യാജനോട്ടുകളും വീണ്ടും ശക്തമായി. 2017 ഓഗസ്റ്റിൽ, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500,1000 നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകൾ പുറത്തുവിട്ടു. റിസർവ് ബാങ്ക് ഇറക്കിയ 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളിൽ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യം രാജ്യത്താകെ ഉയർന്നു.

രാജ്യാന്തര മാധ്യമങ്ങളും നോട്ടുനിരോധനത്തെ പരിഹസിച്ച് രംഗത്തെത്തി. നോട്ടുനിരോധനം രാഷ്ട്രീയമായും വലിയ തോതിൽ ചോദ്യം ചെയ്യപ്പെട്ടു. സാമ്പത്തിക വിദഗ്ധരും തീരുമാനത്തെ വിമർശിച്ചു. 2019‌ൽ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ 1.3 ലക്ഷം കോടിയുടെ കള്ളപ്പണം നോട്ടുനിരോധനം ഉൾപ്പെടെയുള്ള നടപടികളിലൂടെ ബാങ്കിങ് സംവിധാനത്തിലേക്കു തിരിച്ചെത്തിച്ചതായി പാർലമെന്റിനെ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങൾ തിരിച്ചുകൊണ്ടുവരുമെന്നും രാജ്യത്തെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുകൊടുക്കുമെന്നുമുള്ള വാഗ്ദാനത്തോടെയായിരുന്നു ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. ഈ പണം എവിടെ എന്ന ചോദ്യം നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷത്തിലും ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നുണ്ട്.

ഭീകരവാദം തടഞ്ഞില്ല, കറൻസി ഉപയോഗവും കൂടി!

ഭീകര പ്രവർത്തനങ്ങൾക്കായുള്ള പണത്തിന്റെ ഒഴുക്കു തടയൽ, വ്യാജ നോട്ടുകൾ ഇല്ലാതാക്കുക, പണമിടപാടുകൾ ഡിജിറ്റലാക്കുക എന്നിവയായിരുന്നു മോദിയുടെ നോട്ടു നിരോധനത്തിന്റെ മറ്റു ലക്ഷ്യങ്ങൾ. ഈ രണ്ടു ലക്ഷ്യങ്ങളും പൂർണമായി വിജയിച്ചില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. നോട്ടു നിരോധനത്തിന്റെ ഭാഗമായി കൂടുതൽ ജൻ ധൻ അക്കൗണ്ടുകൾ തുറന്നു. ആളുകളുടെ ഡിജിറ്റൽ പണക്കൈമാറ്റം കൂടി. നികുതിവലയിലേക്കു കൂടുതൽ ആളുകളെത്തി. 2016–17 വർഷത്തിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം ഉയർന്നു. എന്നാൽ മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ ഇതു വലിയ വർധന ആയിരുന്നില്ല. മാത്രമല്ല, പുതിയതായി റിട്ടേൺ സമർപ്പിച്ചവരിൽ കൂടുതലും ശമ്പളം വാങ്ങുന്ന ജീവനക്കാരുമായിരുന്നു.

കേന്ദ്ര സർക്കാരിന്റെ ആസ്തി വെളിപ്പെടുത്തൽ പദ്ധതിയും പിഴയോടു കൂടി നികുതി അടയ്ക്കാനുള്ള അവസരവും നികുതി പിരിവു കൂടാനും നികുതി ദായകരുടെ എണ്ണം കൂടാനും കാരണമായി. യുപിഐ സംവിധാനങ്ങൾ ഗ്രാമീണ മേഖലകളിലും വ്യാപകമായി. പക്ഷേ, കറൻസി ഉപയോഗത്തിൽ നോട്ടു നിരോധനത്തിനു ശേഷം വലിയ വർധനയുണ്ടായെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നവംബർ ആദ്യ വാരത്തിലെ കണക്കു പ്രകാരം ജനങ്ങളുടെ കൈവശമുള്ള കറൻസിയുടെ മൂല്യം 18 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ 2021 ഒക്ടോബർ അവസാന വാരത്തിലെ കണക്കുകൾ പ്രകാരം ജനങ്ങളുടെ കൈയിലുള്ള കറൻസിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്.

കറൻസി ഉപയോഗം കുറയ്ക്കാനായി നോട്ട് നിരോധിച്ചിട്ട് കറൻസി ഉപയോഗത്തിൽ വന്നത് 57.48% വർധന! 2017 ജനുവരിയിൽ ജനങ്ങളുടെ പക്കലുള്ള കറൻസിയുടെ മൂല്യം 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. തുടർന്ന് 2000, 200, 500 എന്നീ ഡിനോമിനേഷനുകളിലുള്ള നോട്ടുകൾ സർക്കാർ പുറത്തിറക്കി. ഇതാണ് ജനങ്ങളുടെ കയ്യിലുള്ള കറൻസിയുടെ മൂല്യം കുതിച്ചു കയറാനുള്ള കാരണങ്ങളിലൊന്ന്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ഇക്കാലയളവിൽ ശക്തിപ്പെട്ടെങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച ഭയവും ആശങ്കകളും ജനങ്ങളെ പണം കയ്യിൽ കരുതാൻ പ്രേരിപ്പിച്ചു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചതുകൊണ്ടു മാത്രം ഭീകരവാദ പ്രവർത്തനങ്ങളിലേക്കുള്ള പണമൊഴുക്ക് തടയാൻ കഴിഞ്ഞില്ല. ഡോളർ അടക്കമുള്ള വിദേശ കറൻസികളും സ്വർണവും മറ്റു ലോഹങ്ങളും ലഹരിക്കടത്തുമെല്ലാം ഭീകരർ വരുമാനത്തിനായി ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണക്കാർ അവരുടെ സമ്പത്തിന്റെ 6 ശതമാനം മാത്രമേ പണമായി സൂക്ഷിക്കാനിടയുള്ളൂ എന്ന റിപ്പോർട്ട് ആദായനികുതി വകുപ്പും പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപയുടെയും 500 രൂപയുടെയും കറൻസികൾ പുറത്തിറങ്ങിയതിനു പിന്നാലെ ഇവയുടെ വ്യാജനും വന്നു.

2019ലേതിനേക്കാൾ വ്യാജ നോട്ട് കേസുകൾ 2020ൽ 190.5 ശതമാനം വർധിച്ചതായി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. 201ൽ 6.32 ലക്ഷം കോടിയുടെ വ്യാജനോട്ടുകളാണ് രാജ്യത്ത് പിടിച്ചത്. തുടർന്നുള്ള 4 വർഷങ്ങളിൽ 18.87 ലക്ഷം കോടിയുടെ വ്യാജനോട്ട് പിടിച്ചെടുത്തു. നോട്ടു നിരോധനം വ്യാജനോട്ടിന്റെ ഒഴുക്കിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 100 രൂപയുടെ വ്യാജനോട്ടുകളുടെ കുത്തൊഴുക്കു തന്നെ നോട്ടുനിരോധനത്തിനു ശേഷമുണ്ടായി. 144.5 ശതമാനമാണ് 2017–18 വർഷത്തിൽ 100 രൂപയുടെ വ്യാജനോട്ട് കോസിലുണ്ടായ വർധന. ഹവാല ഇടപാടുകളും നിർബാധം തുടരുന്നുമുണ്ട്.

ലക്ഷ്യത്തിൽ യുപി വിജയവും

കള്ളപ്പണം ഇല്ലാതാക്കൽ മാത്രമായിരുന്നില്ല മോദി സർക്കാരിന്റെ നോട്ടു നിരോധനത്തിനു പിന്നിലുള്ള ലക്ഷ്യമെന്നു കാലക്രമേണ തെളിഞ്ഞു. നോട്ടുനിരോധനത്തിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ടായിരുന്നു. ഉത്തർപ്രദേശ് നിയമസഭാ വിജയമായിരുന്നു തൊട്ടടുത്തുതന്നെയുണ്ടായിരുന്ന രാഷ്ട്രീയ ലക്ഷ്യം. തിരഞ്ഞെടുപ്പ് ക്യാംപെയ്നുകൾക്കു ചെലവഴിക്കാൻ ബിജെപി ഇതര പാർട്ടികൾക്കൊന്നും പണമില്ലാത്ത സ്ഥിതിയെത്തി. കള്ളപ്പണമില്ലാതാക്കുകയെന്ന ലക്ഷ്യമായിരുന്നു നോട്ടു നിരോധനത്തിനു പിന്നിലെന്ന വാദം വിലപ്പോകില്ലെന്നു മനസ്സിലാക്കിയ മോദി പിന്നീട് രാജ്യത്തെ ഡിജിറ്റൽ ആക്കുകയെന്ന ആശയത്തിലേക്ക് നോട്ടുനിരോധനത്തെ സൗകര്യപൂർവം മാറ്റാനുള്ള ശ്രമം നടത്തി.

കാഷ്‌ലെസ് എന്ന പദത്തെ ഓരോ പ്രസംഗത്തിലും വിദഗ്ധമായി ഉപയോഗിച്ചു. വളരെയേറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നെങ്കിലും ധനവാൻമാർക്ക് തങ്ങളേക്കാൾ അധികം നഷ്ടമുണ്ടായെന്ന ആശ്വാസം ജനങ്ങൾക്കുണ്ടായി. ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിലെത്തി. നോട്ടു നിരോധനത്തപ്പറ്റി മുൻകൂട്ടി അറിയാത്ത ബിജെപി ഇതര പാർട്ടികളെല്ലാം തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ഫണ്ടില്ലാതെ ബുദ്ധിമുട്ടി. നോട്ടുനിരോധനത്തിൽ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടായാൽ തന്നെ ശിക്ഷിച്ചോളൂ എന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ച നരേന്ദ്ര മോദി, നോട്ടുകൾ മാറാനായി ബാങ്കുകൾക്കു മുന്നിൽ മണിക്കൂറുകൾ പൊരിവെയിൽ ക്യൂ നിന്നു തളർന്നു വീണ ജനങ്ങളോട് പിന്നീട് ഇതേപ്പറ്റി ഒരക്ഷരം പോലും പറഞ്ഞില്ല.

സാമ്പത്തിക മേഖലയിലെ ആഘാതം

വിപണിയിൽ നിന്ന് 85% പണവും ഒറ്റയടിക്കു നഷ്ടപ്പെട്ടത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അസംഘടിത മേഖലയുടെ നട്ടെല്ലൊടിഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് പ്രവർത്തനം നിർത്തിവയ്ക്കേണ്ട തരത്തിൽ പണമില്ലാതായി. ശമ്പളം മുടങ്ങി. ആളുകളുടെ വാങ്ങൽ ശേഷിയും ഡിമാൻഡും കുറഞ്ഞു. കോർപറേറ്റുകളെ തീരുമാനം വലിയ തോതിൽ ബാധിച്ചില്ലെങ്കിലും തൊട്ടടുത്ത വ്യാപാര ദിവസം ഓഹരി വിപണികൾ 6 ശതമാനം വരെ ഇടിഞ്ഞു. ചെറുകിട കച്ചവടക്കാർ, കർഷകർ, ദിവസവേതനക്കാർ തുടങ്ങിയവരുടെ ദുരിതം നാളുകൾ നീണ്ടു.

രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ നോട്ടുനിരോധനം മന്ദീഭവിപ്പിച്ചതായി മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞിട്ടുണ്ട്. നോട്ടു നിരോധനത്തിനു മുൻപുള്ള 6 പാദങ്ങളിൽ ശരാശരി വളർച്ചാ നിരക്ക് 8 ശതമാനമായിരുന്നു. എന്നാൽ തുടർന്നുള്ള 7 പാദങ്ങളിലും വളർച്ചാ നിരക്ക് 7 ശതമാനത്തിനു താഴെയായി. അസംഘടിത മേഖലയിൽ ഒട്ടേറെയാളുകൾക്കു തൊഴിൽ നഷ്ടമായി. 2017ൽ തിടുക്കപ്പെട്ട് ജിഎസ്ടി നടപ്പാക്കിയതും അസംഘടിത മേഖലയെയാണു കൂടുതൽ ബാധിച്ചത്. ഈ രണ്ടു തീരുമാനങ്ങളുടെയും പ്രത്യാഘാതം തീരുന്നതിനു മുൻപ് അടുത്ത ദുരിതം കോവിഡ് മഹാമാരിയുടെ രൂപത്തിലുമെത്തി.

By Manorama Online.

No comments