Featured Posts

Breaking News

ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കും




ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്നതിനിടെ ശനിയാഴ്ച അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വൈറസിന്റെ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും ചര്‍ച്ചയായി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു.

ആഗോളതലത്തിലുണ്ടായ കോവിഡ് വ്യാപന രീതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഒമിക്രോണിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയും വിവിധ രാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തിയ യോഗം ഇന്ത്യയിലുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

രാജ്യാന്തര വിമാനങ്ങള്‍, പ്രത്യേകിച്ച് പ്രശ്‌നരാജ്യങ്ങളില്‍ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു.കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ ദുരിതം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്., യൂറോപ്യന്‍ യൂണിയന്‍, യു.കെ., കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെത്തിയാല്‍ ആര്‍.ടി.പി.സി.ആര്‍., ക്വാറന്റീന്‍

പത്തനംതിട്ട: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധനയും ഏഴുദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

പുതിയ വകഭേദം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും കേന്ദ്ര നിര്‍ദേശപ്രകാരം അതിജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ മറികടക്കാന്‍ കഴിവുള്ളതാണോ പുതിയ വകഭേദം എന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തും അതിജാഗ്രത

തിരുവനന്തപുരം: കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പ് അതിജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കു വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തി 'എയര്‍സുവിധ' പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നെത്തുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നുണ്ട്.

അതിവ്യാപന ശേഷിയുള്ളത്

ഇതുവരെ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളെക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണ് ഒമിക്രോണ്‍. നിലവില്‍ സംസ്ഥാനത്തുനിന്നുള്ള സാംപിളുകളില്‍ പുതിയ വകഭേദങ്ങളുണ്ടാകുന്നുണ്ടോ എന്നറിയാന്‍ തുടര്‍ച്ചയായി ജനിതക ശ്രേണീകരണം നടത്തിവരുന്നുണ്ട്. അതിനാല്‍ വൈറസ് വകഭേദം അതിവേഗം കണ്ടെത്താനാകുമെന്നതാണ് ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം.

ജനിതക ശ്രേണീകരണം തുടങ്ങി

നിലവില്‍ മൂന്ന് ലാബുകളിലാണ് കേരളത്തില്‍നിന്നുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം നടത്തുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗവേഷണ യൂണിറ്റിലും രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലും പരിശോധന നടത്തുന്നുണ്ട്.

വിദേശത്തുനിന്ന് എത്തുന്നവര്‍ ശ്രദ്ധിക്കണം

യു.കെ. അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാബ്വേ, സിങ്കപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ അതിജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്രനിര്‍ദേശം.

ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദം

ഉത്കണ്ഠയുളവാക്കുന്ന ജനിതകവകഭേദങ്ങളുടെ കൂട്ടത്തിലാണ് ലോകാരോഗ്യസംഘടന ഒമിക്രോണിനെ (ബി.1.1.529) ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിവ്യാപനശേഷിയും രോഗം ബാധിച്ചയാള്‍ക്ക് ഗുരതരമാകാനുള്ള സാധ്യതയും ഉള്ളതിനാലാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇക്കൂട്ടത്തില്‍പ്പെടുന്ന വകഭേദങ്ങള്‍ ചികിത്സയില്‍നിന്നും പ്രതിരോധമരുന്നില്‍നിന്നും വഴുതിപ്പോകുന്നവയാണെന്നാണ് വിലയിരുത്തല്‍.

പേര് ഗ്രീക്ക് അക്ഷരമാലയില്‍നിന്ന്

വൈറസ് വകഭേദം കണ്ടെത്തുന്ന രാജ്യങ്ങളുടെ പേരില്‍ അവ അറിയപ്പെടരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖ. ഗ്രീക്ക് അക്ഷരമാല ക്രമത്തിലാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട വകഭേദങ്ങളെ പട്ടികപ്പെടുത്തിയിട്ടുള്ളത്. ആല്‍ഫയും ബീറ്റയും ഗാമയും ഡെല്‍റ്റയും ഒക്കെ ഇങ്ങനെ വന്ന പേരുകളാണ്. അക്ഷരമാലാ ക്രമത്തിലെ പതിനഞ്ചാമനാണ് ഒമിക്രോണ്‍.

അമിതപേടി വേണ്ടാ

വൈറസിന്റെ പകര്‍ച്ചശേഷി മുമ്പുണ്ടായിരുന്ന വകഭേദങ്ങളെക്കാള്‍ കൂടുതലാണെന്നാണ് ലോകാരോഗ്യസംഘടന പറഞ്ഞത്. എന്നാല്‍, വാക്‌സിന്‍ അതിജീവനശേഷി കൂടുതലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അമിതമായ ആശങ്ക ഇക്കാര്യത്തില്‍ കാണുന്നില്ല. പകര്‍ച്ചശേഷി കൂടുതലാണെങ്കിലും ഡെല്‍റ്റ വൈറസിനെക്കാള്‍ പ്രശ്‌നമുണ്ടാക്കാവുന്ന വൈറസ് ആകാന്‍ സാധ്യതയില്ലെന്നാണ് അഭിപ്രായം. അമിത പേടി വേണ്ടാ. കൂടുതല്‍ കരുതല്‍ മതി.

ഡോ. ബി. ഇക്ബാല്‍ (കോവിഡ് വിദഗ്ധസമിതി അധ്യക്ഷന്‍)

ഒമിക്രോണിനെതിരേ പുതിയ വാക്‌സിന്‍ നൂറുദിവസത്തിനകം -ഫൈസര്‍, ബയോണ്‍ടെക്

വാഷിങ്ടണ്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിനെതിരേ തങ്ങളുടെ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെക്കും ശനിയാഴ്ച പ്രസ്താവനയിറക്കി. നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ ഉറപ്പുനല്‍കി. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്.

ഏഷ്യന്‍ രാജ്യങ്ങളില്‍ ജാഗ്രതവേണമെന്ന് ഡബ്‌ള്യു.എച്ച്.ഒ.

ന്യൂഡല്‍ഹി: ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.)യുടെ മുന്നറിയിപ്പ്. ആവശ്യമായ മുന്‍കരുതല്‍നടപടി സ്വീകരിക്കാനും പ്രതിരോധകുത്തിവെപ്പ് വര്‍ധിപ്പിക്കാനും ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു.

'മിക്ക രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍, ചിലയിടങ്ങളില്‍ പുതിയ വകഭേദം പൊട്ടിപ്പുറപ്പെട്ടത് അപകടസാധ്യതയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്. വൈറസിനെ പ്രതിരോധിക്കുകയും വ്യാപനം തടയുകയും ചെയ്യണം. ആഘോഷങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കണം.'-ഡബ്ല്യു.എച്ച്.ഒ. തെക്കുകിഴക്കന്‍ ഏഷ്യ മേഖല ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു. മേഖലയിലെ ജനസംഖ്യയുടെ 31 ശതമാനം പൂര്‍ണമായും 21 ശതമാനം ഭാഗികമായും പ്രതിരോധ കുത്തിവെപ്പെടുത്തു. അതേസമയം, 48 ശതമാനത്തോളം പേര്‍ ഇപ്പോഴും വാക്‌സിനേഷന് പുറത്താണ്. അവര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ് അവര്‍ പറഞ്ഞു.

ബ്രിട്ടനിലും ഒമിക്രോണ്‍

ബ്രസ്സല്‍സ്/വാഷിങ്ടണ്‍: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ബ്രിട്ടനില്‍ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍നിന്ന് നെതര്‍ലന്‍ഡ്‌സിലെത്തിയ 60-ലേറെപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ വകഭേദമാണോയെന്ന് വ്യക്തമല്ല. അതേസമയം, പുതിയ വകഭേദം ഭീതിയുയര്‍ത്തിയതോടെ ശനിയാഴ്ച കൂടുതല്‍ രാജ്യങ്ങള്‍ യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വേ, എസ്വറ്റിനി, ലെസൂത്തു, സീഷെല്‍സ്, മലാവി, മൊസാംബിക് രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, തായ്ലാന്‍ഡ്, ഈജിപ്ത്, മലേഷ്യ, സൗദി അറേബ്യ, കാനഡ രാജ്യങ്ങള്‍ വിലക്കു പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിനെതിരേ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാകുമോയെന്ന കാര്യത്തില്‍ ഡബ്ല്യു.എച്ച്.ഒ. ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, അപ്രതീക്ഷിതമായി രാജ്യങ്ങള്‍ യാത്രാവിലക്കേര്‍പ്പെടുത്തിയതോടെ പല രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളും വ്യവസായസംബന്ധമായ ആവശ്യങ്ങള്‍ക്കെത്തിയവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.

ഞായറാഴ്ചമുതല്‍ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രയ്ക്ക് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി.

ഒന്‍പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് 14 ദിവസത്തേക്ക് ഓസ്‌ട്രേലിയ വിലക്കു പ്രഖ്യാപിച്ചു

തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ജപ്പാന്‍ പത്തുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരെ ബംഗ്ലാദേശ് വിലക്കി

ഡിസംബര്‍ ആദ്യം ജനീവയില്‍ നടക്കാനിരുന്ന ലോകവ്യാപാരസംഘടന (ഡബ്ല്യു.ടി.ഒ.)യുടെ 12-ാം മന്ത്രിതല സമ്മേളനം നീട്ടിവെച്ചു

ലോകം ശിക്ഷിക്കുന്നു -ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബര്‍ഗ്: ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് പ്രശംസിക്കുന്നതിനുപകരം ലോകം തങ്ങളെ ശിക്ഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചു. ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ വിമര്‍ശിച്ചുകൊണ്ടാണിത്.

ലോകത്ത് മറ്റിടങ്ങളിലും പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. അപ്പോഴൊന്നുമില്ലാത്ത രീതിയിലാണ് ലോകമിപ്പോള്‍ തങ്ങളോടു പെരുമാറുന്നതെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. ലോകത്ത് കോവിഡ് വകഭേദങ്ങളെ കണ്ടെത്താന്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയും ബ്രിട്ടനും.

ഒമിക്രോണ്‍: നടപടി ശക്തമാക്കി യു.എ.ഇ., ഒമാന്‍

ദുബായ്: ചിലയിടങ്ങളില്‍ കോവിഡ് വകഭേദം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ യു.എ.ഇ., ഒമാന്‍ എന്നീരാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, ലെസൂത്തു, ഇസ്വാതിനി, സിംബാബ്വേ, മൊസാംബിക് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് താത്കാലിക വിലക്ക്. യു.എ.ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ്, ഒമാന്‍ സുപ്രീം കമ്മിറ്റി എന്നിവയാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ. യില്‍ നവംബര്‍ 29-ന് തീരുമാനം പ്രാബല്യത്തിലാകും.

14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യു.എ.ഇ.യിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യു.എ.ഇയിലേക്ക് വരാം. യു.എ.ഇ. പൗരന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, യു.എ.ഇ. ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. ഇവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് ഫലം കരുതണം. വിമാനത്താവളത്തില്‍ റാപിഡ് പരിശോധനയ്ക്ക് വിധേയരാകണം. 10 ദിവസം ക്വാറന്റീനില്‍ കഴിയുകയും രാജ്യത്ത് പ്രവേശിച്ച ശേഷം ഒമ്പതാം ദിവസം പി.സി.ആര്‍. പരിശോധന നടത്തുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ. നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. യു.എ.ഇ. പൗരന്മാര്‍ ഈ ഏഴ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധികള്‍, അടിയന്തര മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ട്.

ഒമാനില്‍ പ്രവാസികള്‍ക്ക് ഇളവ്

മസ്‌കറ്റ്: ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ പ്രവാസികള്‍ക്കും ആരോഗ്യമേഖലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവ് നല്‍കും. ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ ഇളവ് അനുവദിച്ചിരിക്കുന്ന എല്ലാ വിഭാഗങ്ങളിലുള്ളവരും ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണം.

അതേസമയം 14 ദിവസത്തിനിടെ വിലക്കേര്‍പ്പെടുത്തിയ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശനമുണ്ടാകില്ല. നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

ഒമാന്‍ സ്വദേശികള്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുംവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ളവരും ഒമാനില്‍ സാധുതയുള്ള താമസ വിസയുള്ളവരുമായ പ്രവാസികള്‍ എന്നിവരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ രാജ്യത്ത് പ്രവേശിച്ച ഉടനെ പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാകണം. ശേഷം ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും പൂര്‍ത്തിയാക്കണം. ഇതിന്റെ ആറാം ദിവസവും വീണ്ടും കോവിഡ് പരിശോധന നടത്തണം. പുതിയ സാഹചര്യത്തില്‍ സൗദി അറേബ്യ, ബഹ്റൈന്‍ രാജ്യങ്ങളും ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

------------------------------------------------------------------------------
English Summary: Prime Minister Narendra Modi on Saturday called an emergency meeting amid concerns around the world about the new Kovid variant omicron found in South Africa. The challenges posed by the virus variant and how it will affect the country were also discussed. The Prime Minister directed the officials to reconsider the decision to resume international flights on December 15 and the concessions given for travel.

No comments