Featured Posts

Breaking News

കനത്ത മഴ തുടരുന്നു; ശബരിമല യാത്ര ദുഷ്കരമാകും


പത്തനംതിട്ട: ഭക്തർക്ക് പ്രവേശനം അനുവദിക്കാനിരിക്കേ, മഴ ശക്തമായ സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള പാതകളില്‍ ഗതാഗതം ദുഷ്കരമാകും. നാളെയാണ് (നവംബർ 16) മണ്ഡലകാലം ആരംഭിക്കുക. കനത്തമഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള പല പാതകളും തകര്‍ന്ന നിലയിലാണുള്ളത്. അച്ചന്‍കോവിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. മാത്രമല്ല, ചെറുതോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകുന്ന സ്ഥിതി തുടരുകയാണ്.

പത്തനംതിട്ട ജില്ലയില്‍ ഇടവിട്ട് പരക്കെ മഴയുണ്ട്. അതുകൊണ്ടു തന്നെ പ്രധാനപാതകളിലടക്കം ഗതാഗത സ്തംഭനത്തിലേക്ക് കാര്യങ്ങള്‍ കടക്കുന്ന സ്ഥിതിയാണുള്ളത്.

പന്തളം-പത്തനംതിട്ട- മാവേലിക്കര പാതയില്‍ പലയിടത്തും റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണ് ഇത്. ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും എത്തുന്ന ഭക്തര്‍ പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശബരിമലയ്ക്കു പോകുന്ന പതിവുണ്ട്. ഇത്തരത്തില്‍ സന്ദര്‍ശനം നടത്താന്‍ ആലോചിക്കുന്നവര്‍ക്ക് ഇക്കുറി കൃത്യസമയത്ത് എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. പന്തളം- പത്തനംതിട്ട റോഡില്‍ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. 

നൂറനാട്, ചാരുംമൂട്, കായംകുളം എന്നീ മേഖലയില്‍നിന്നെത്തുന്ന പല വഴികളും പലയിടത്തും തടസ്സപ്പെട്ട സാഹചര്യമാണുള്ളത്. അച്ചന്‍കോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമണ്‍, പ്രമാടം, തുമ്പമണ്‍, മുട്ടം, കുടശ്ശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്.

പന്തളത്തുനിന്ന് മാവേലിക്കരയിലേക്ക് പോകുന്ന വഴിയില്‍ ഐരാണിമുട്ടം, മുടിയൂര്‍ക്കോണം ഭാഗത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അടൂരില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തില്‍ വെള്ളംകയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് ഉപയോഗശൂന്യമായി. 

ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതയും മരം കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്. ഇത് മുന്‍നിര്‍ത്തി, പ്രശ്‌നങ്ങളുണ്ടായാല്‍ അത് അതിവേഗം നീക്കുന്നതിന് പി.ഡബ്ല്യൂ.ഡി. ജെ.സി.ബി. അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

ശബരിമലയില്‍ ഭക്തരെ അനുവദിക്കുന്ന ആദ്യദിവസമായ നാളെ, വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളവരുടെ എണ്ണം 8,000 ആണ്. സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചത് പ്രകാരം ഭക്തരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

No comments