12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍, നടുങ്ങി ആലപ്പുഴ; കൊല്ലപ്പെട്ടത് സംസ്ഥാന നേതാക്കള്‍
ആലപ്പുഴ: മണിക്കൂറുകള്‍ക്കിടെ രണ്ട് കൊലപാതകവാര്‍ത്തകള്‍ കേട്ടതിന്റെ ഞെട്ടലിലാണ് ആലപ്പുഴ. ദിവസങ്ങള്‍ക്ക് മുമ്പ് ചില ഗുണ്ടാആക്രമണങ്ങളും മറ്റും നഗരത്തിന്റെ പരിസരപ്രദേശങ്ങളിലുണ്ടായിരുന്നെങ്കിലും മണിക്കൂറുകള്‍ക്കിടെ രണ്ട് ദാരുണ കൊലപാതകങ്ങള്‍ക്ക് നാട് സാക്ഷിയാകേണ്ടിവരുന്നത് ആദ്യം.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ദേഹമാസകലം 40-ഓളം വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു.
ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ അക്രമികള്‍ വെട്ടിക്കൊന്നത്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ അക്രമികള്‍ വാതിലില്‍ മുട്ടുകയും വാതില്‍ തുറന്നതിന് പിന്നാലെ രഞ്ജിത്തിനെ വീട്ടില്‍ക്കയറി ഹാളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് വിവരം. തുടയിലും കഴുത്തിലുമാണ് രഞ്ജിത്തിന് മാരകമായി വെട്ടേറ്റത്. ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയാണ് കൊല്ലപ്പെട്ട രഞ്ജിത്.
ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവർത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ. ആണെന്ന് ബി.ജെ.പി.യും ആരോപിച്ചു.
അതിനിടെ, ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികള്‍ വന്ന വാഹനത്തിന്റെ ചില സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പോലീസും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.