Featured Posts

Breaking News

സ്കൂൾ തുറന്നശേഷം കോവിഡ് ബാധിച്ചത് 1000ൽ താഴെ വിദ്യാർഥികൾക്കു മാത്രം


തിരുവനന്തപുരം∙ സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികൾക്കിടയിൽ കോവിഡ് പടരാതിരിക്കാൻ സർക്കാരും സമൂഹവും സ്വീകരിച്ച മുൻകരുതലുകൾ ഫലം കണ്ടുവെന്നു സർക്കാരിന്റെ കണക്കുകൾ. സ്കൂളുകൾ തുറന്ന് ഒരു മാസത്തിനിടെ 40 ലക്ഷത്തിലേറെ വിദ്യാർഥികളും 1.75 ലക്ഷത്തോളം അധ്യാപകരും സ്കൂളുകളിലെത്തിയപ്പോൾ ആകെ കോവിഡ് ബാധിച്ചത് 1000 ൽ താഴെ കുട്ടികൾക്കും 300 ൽ താഴെ അധ്യാപകർക്കും മാത്രമെന്നാണ് ഔദ്യോഗിക കണക്കുകൾ.

സ്കൂളുകളൊന്നും കോവിഡ് വ്യാപനം മൂലം പൂർണമായി അടച്ചിടേണ്ടി വന്നില്ല. ഒട്ടേറെ ആശങ്കകൾക്കിടെയാണു നവംബർ ഒന്നു മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങിയത്. മറ്റു പല സംസ്ഥാനങ്ങളിലും ഒട്ടേറെ സ്കൂളുകൾ കോവിഡ് ബാധയെത്തുടർന്ന് വീണ്ടും അടയ്ക്കേണ്ടി വന്നിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ രോഗവ്യാപന സാധ്യത കൂടുതലായിരുന്നു. 40% കുട്ടികൾക്കു മാത്രമേ കോവിഡ് ആന്റിബോഡിയുണ്ടായിരുന്നുള്ളൂ എന്ന സിറോ സർവേ കണ്ടെത്തലും ആശങ്ക വർധിപ്പിച്ചു.

സ്കൂളുകൾ തുറന്നു രണ്ടാഴ്ചക്കകം രോഗവ്യാപനമുണ്ടാകാനിടയുണ്ടെന്ന കണക്കുകൂട്ടലിൽ അതു കൈകാര്യം ചെയ്യാനുള്ള നടപടികളും ആസൂത്രണം ചെയ്തിരുന്നു. ആശങ്കയുള്ളതിനാൽ ആദ്യഘട്ടത്തിൽ പല രക്ഷിതാക്കളും കുട്ടികളെ സ്കൂളുകളിലേക്ക് അയച്ചില്ല. എന്നാൽ, രോഗപ്രതിരോധത്തിനായി വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ രൂപം നൽകിയ മാർഗരേഖയിലെ നിബന്ധനകൾ കൃത്യമായി പാലിക്കപ്പെട്ടതോടെ രോഗവ്യാപനം ആശങ്കപ്പെട്ട രീതിയിലുണ്ടായില്ല.

കുട്ടികളെ ബാച്ചുകളാക്കി ബയോ ബബ്‌ൾ സംവിധാനമൊരുക്കിയതും തിരക്കുണ്ടാകാതിരിക്കാൻ ഷിഫ്റ്റ് ഏർപ്പെടുത്തിയതും ക്ലാസ് മുറിക്കുള്ളിലും പുറത്തും കർശനമായ സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പാക്കിയതും രോഗപ്പകർച്ചാ സാധ്യതകൾ ഇല്ലാതാക്കി.

∙ ദീർഘ വീക്ഷണത്തോടെ മാർഗരേഖ

വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖൊബ്രഗഡെ എന്നിവരുടെ നേതൃത്വത്തിലാണ് ദീർഘവീക്ഷണത്തോടെയുള്ള മാർഗരേഖ തയാറാക്കിയത്. മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾക്കിടയിലെ രോഗവ്യാപനം കൂടി വിലയിരുത്തിയാണ് ബയോ ബബിൾ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്.

വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് മാർഗരേഖ കർശനമായി നടപ്പാക്കിയത്. സ്കൂൾ തുറന്ന ശേഷം എല്ലാ ദിവസവും ജില്ലകളിൽ നിന്ന് കോവിഡ് സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് സംസ്ഥാന തലത്തിൽ അവലോകനം ചെയ്തു. കോവിഡ് വ്യാപനത്തിനിടെ സുരക്ഷിതമായി എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ പരീക്ഷകൾ നടത്തിയ അനുഭവ പരിചയവും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തുണയായി.

തദ്ദേശം, ഗതാഗതം ഉൾപ്പെടെയുള്ള വകുപ്പുകളുടെ പങ്കാളിത്തവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎകളുടെയും നേരിട്ടുള്ള നിയന്ത്രണവും മുൻകരുതലുകൾ കാര്യക്ഷമമായി നടപ്പാക്കാൻ സഹായിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ അധ്യാപകസംഘടനകളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുന്നിൽ നിന്നു.

കുട്ടികൾക്കും അധ്യാപകർക്കും രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ പരിശോധനയ്ക്കും ബാച്ച് അടിസ്ഥാനത്തിൽ ക്വാറന്റീനിലാക്കാനും സംവിധാനമൊരുക്കിയതിനാൽ കൂടുതൽ പേരിലേക്കു പടരാതെ നിയന്ത്രിക്കാനായി. സ്കൂളുകൾ തുറന്നിട്ട് ഒരു മാസം കഴിയുമ്പോഴും കുട്ടികൾക്കിടയിൽ കോവിഡ് വ്യാപനമുണ്ടായില്ലെന്നതു നമ്മുടെ ജാഗ്രതയുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തുടക്കത്തിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. സർക്കാർ തയാറാക്കിയ മാർഗരേഖ സ്കൂളുകൾക്കുള്ളിലും പുറത്തും കൃത്യമായി പാലിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

No comments