മരക്കാറെ കാണാൻ മോഹൻലാലെത്തി; അർദ്ധരാത്രിയും തീയേറ്റർ പൂരപ്പറമ്പായി
മലയാളസിനിമയില്‍ പുതുചരിത്രം കുറിച്ച് മരക്കാറുടെ പടയോട്ടം തീയേറ്ററുകളിൽ തുടങ്ങിക്കഴിഞ്ഞു. അർദ്ധരാത്രി തുടങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് തന്നെ വൻ ജനക്കൂട്ടമാണ് തീയേറ്ററുകളിൽ എത്തിയത്. ഈ ആവേശത്തെ ആളിക്കത്തിച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ മോഹന്‍ലാലും കുടുംബവും കൊച്ചി സരിതാ തീയേറ്ററിലെത്തിയത്.
ആർത്തിരമ്പുന്ന ജനസാഗരത്തിന് നടുവിലൂടെ താരരാജാവ് തീയേറ്ററിനകത്തേക്ക് നീങ്ങുന്ന വീഡിയോ വൈറലായി.
റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.
റെക്കോർഡ് സൃഷ്ടിച്ചാണ് ചിത്രം ഡിസംബർ 2ന് ലോകവ്യാപകമായി റിലീസിനെത്തിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. ദിവസേന 16,000 ഷോകൾ ചിത്രത്തിനുണ്ട്.
കേരളത്തിലെ 631 സ്ക്രീനുകളിൽ 626ലും മരക്കാർ പ്രദർശിപ്പിക്കുന്നുണ്ട്.