സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനെന്ന് വിഷ്ണുകുമാര്‍; ഫോണ്‍ സംഭാഷണം പുറത്ത്
പത്തനംതിട്ട: തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായ ഫോണ്‍ സംഭാഷണം പുറത്ത്. കൊലപാതകം നടത്തിയ ശേഷം പ്രതികളിലൊരാളായ വിഷ്ണു കുമാര്‍ നടത്തിയ കോണ്‍ഫറന്‍സ് കോളിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. സന്ദീപുമായി മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തില്‍ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതിന്റെ ശബ്ദരരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തില്‍ സൂചനയുണ്ട്.
സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്ന് വിഷ്ണു കുമാര്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കൃത്യം നടത്തിയ ശേഷം അഞ്ചംഗ സംഘം മൂന്നായി തിരിഞ്ഞു. ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാര്‍ സ്വന്തം വീട്ടിലേക്കുമാണ് പോയത്. ജിഷ്ണുവും സന്ദീപുമായി മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തുവെന്നും വിഷ്ണു സംഭാഷണത്തില്‍ പറയുന്നുണ്ട്.
സന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാര്‍ പറയുന്നുണ്ട്. അക്രമിച്ചയാള്‍ കൊല്ലപ്പെട്ടുവെന്നറിഞ്ഞിട്ടും അതിന്റെ ഒരു ഭയവും പ്രതികള്‍ക്കുണ്ടായിരുന്നില്ലെന്നതിന് തെളിവ് കൂടിയാണ് സംഭാഷണം. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ പോലീസില്‍ കീഴടങ്ങുമെന്നും എന്നാല്‍ താന്‍ കയറേണ്ടതില്ലെന്നാണ് നിര്‍ദേശമെന്നും വിഷ്ണു പറയുന്നു.
ആക്രമണം നടത്തിയ ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരിയിലുള്ള സുഹൃത്തിനെയാണ് വിളിച്ചത്. കോണ്‍ഫറന്‍സ് കോളില്‍ തിരുവല്ലയിലുള്ള ഒരു സുഹൃത്തിനേയും ഉള്‍പ്പെടുത്തുകയായിരുന്നു. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നുവെന്ന സൂചനയില്‍ നിന്ന് വ്യക്തമാകുന്നത് കൊലപാതകത്തിന് മുന്‍പ് കൃത്യമായ ആസൂത്രണവും ഗൂഡാലോചനയും നടന്നുവെന്ന് തന്നെയാണ്. അതേസമയം സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് സന്ദീപിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നുണ്ട്. സന്ദീപിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതിനാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടെത്തുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നേരത്തെ സന്ദീപിന്റെ വീട്ടിലെത്തിയിരുന്നു.
No comments