Featured Posts

Breaking News

'ചുവന്നതൊപ്പി' ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട്- അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് മോദി




ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ചുവന്നതൊപ്പി' ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്ന് മോദി പറഞ്ഞു. അഖിലേഷ് സ്ഥിരമായി ധരിക്കാറുള്ള ചുവന്ന തൊപ്പിയെ ചൂണ്ടിയാണ് മോദിയുടെ വിമര്‍ശനം.

അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും റെഡ് അലര്‍ട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോരഖ്പുറില്‍, നവീകരിച്ച വളംഫാക്ടറി-എ.ഐ.ഐ.എം.എസ്. ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ചുവന്നതൊപ്പിക്കാര്‍ക്ക് ചുവന്ന ലൈറ്റുകളില്‍ (സര്‍ക്കാര്‍ വാഹനങ്ങളുടെ മുകളില്‍ കാണുന്ന റെഡ് ബീക്കണുകള്‍) മാത്രമാണ് താല്‍പര്യമെന്ന് ഉത്തര്‍ പ്രദേശുകാര്‍ക്ക് മുഴുവനും അറിയാമെന്നും മോദി പറഞ്ഞു. അധികാരത്തോടും വി.ഐ.പി. പദവിയോടും മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് താല്‍പര്യമെന്ന വിമര്‍ശനമാണ് മോദി ഈ പരാമര്‍ശത്തിലൂടെ ലക്ഷ്യമാക്കിയത്.

അഴിമതി, കയ്യേറ്റം, മാഫിയകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഈ ആളുകള്‍ക്ക് അധികാരം വേണ്ടത്. ചുവന്ന തൊപ്പിക്കാര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലില്‍നിന്ന് മോചിപ്പിക്കാനാണ്. ചുവന്നതൊപ്പിക്കാര്‍ ഉത്തര്‍ പ്രദേശിന് റെഡ് അലര്‍ട്ടാണ്, അപകട മുന്നറിയിപ്പാണ്- മോദി പറഞ്ഞു. അടുത്തകൊല്ലം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍, അഖിലേഷിന്റെ റാലികളില്‍ വന്‍ജനാവലിയാണ് പങ്കെടുക്കുന്നത്.

No comments