Featured Posts

Breaking News

മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം: സര്‍ക്കാര്‍ പ്രതികരിച്ചത് മാന്യമായി- ലീഗിന്റേത് രാഷ്ട്രീയ റാലി: മുത്തുക്കോയ തങ്ങള്‍


കോഴിക്കോട് : വഖ്ഫ് വിഷയത്തില്‍ ഒരു സമരവും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രതിഷേധത്തിനും സമരത്തിനും സമസ്തയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പില്‍ സമസ്തക്ക് പൂര്‍ണവിശ്വാസമാണെന്നും സര്‍ക്കാര്‍ വളരെ മാന്യമായാണ് പ്രതികരിച്ചതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. വഖ്ഫ് വിഷയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതിയോഗം ചേരാനിരിക്കെയാണ് ജിഫ്രി തങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം.

തുടര്‍ നടപടി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവരോടെല്ലാം ആലോചിച്ചേ തീരുമാനം എടുക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരിക്കലും സമരം ആഹ്വാനം ചെയ്തിട്ടില്ല. ഒരു പ്രതിഷേധ പ്രമേയം പാസാക്കൂക മാത്രമാണ് സമസ്ത ചെയ്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ച ചെയ്യാന്‍ വിളിക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. നാളെ കോഴിക്കോട് നടക്കുന്നത് ലീഗിന്റെ രാഷ്ട്രീയ റാലിയാണ്. മുസ്ലിം സംഘടനകളുടെ പൊതുകോര്‍ഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. ലീഗിനോടോ മറ്റേതെങ്കിലും പാര്‍ട്ടിയോടെ സമസ്തക്ക് അകലമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയതോടെ നാളെ നടക്കുന്ന ലീഗ് സമ്മേളനത്തില്‍ സമസ്തയുടെ ഒരു പിന്തുണയുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ജിഫ്രി തങ്ങളുടെ പുതിയ പ്രതികരണത്തില്‍ ലീഗ് നേതാക്കള്‍ എന്ത് പ്രതികരണം നടത്തുമെന്നാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

No comments