മഞ്ചേരിയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവർ നാലായി
മഞ്ചേരി (മലപ്പുറം): ആനക്കയം വള്ളിക്കാപറ്റ പൂങ്കുടിൽ മനക്ക് സമീപം സിദ്ദീഖിയ റോഡിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്നുപേരുൾെപ്പടെ നാലുപേർക്ക് ദാരുണാന്ത്യം. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി ചുള്ളിയിൽ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചേപ്പൂർ സ്വദേശി ചുണ്ടിയൻമൂച്ചി ഹസ്സൻകുട്ടി (52) എന്നിവരാണ് മരിച്ചത്.
ഖൈറുന്നീസയുടെ മക്കളായ അഫ്നാസ് (ഒമ്പത്), അബിൻഷാൻ (ഏഴ്), ഉസ്മാെൻറ മക്കളായ നിഷാദ് (11), നിഷാൽ (എട്ട്) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഹസൻകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചരയോടെ മരിച്ചു.
ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ വെള്ളിലയിലുള്ള ബന്ധുവീട്ടിലേക്ക് സൽക്കാരത്തിനായി പോകുന്നതിനിടെയാണ് അപകടം. ഇടുങ്ങിയ റോഡിൽ വളവ് തിരിഞ്ഞുവന്ന ഓട്ടോ നിയന്ത്രണംവിട്ട് 20 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. തൊട്ടുപിന്നാലെയെത്തിയ ലോറി ഡ്രൈവറാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. മലപ്പുറം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഹസൻകുട്ടിയുടെ ഭാര്യ അയിഷാബി. പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ആസ്യ. മക്കൾ: ആഷിക് ബാബു, ഷഫീക് ലാൽ.