Featured Posts

Breaking News

ലവ് ജിഹാദിന് 10 വർഷം തടവും പിഴയും; യു.പിയില്‍ ബി.ജെ.പി. പ്രകടനപത്രിക


ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി. കര്‍ഷകര്‍ക്ക് ജലസേചന ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി, ഒരോ കുടുംബത്തിലെയും ചുരുങ്ങിയത് ഒരാള്‍ക്ക് ജോലി തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലവ് ജിഹാദ് കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് പത്തുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്തുമെന്നും പ്രകടന പത്രികയിലുണ്ട്.

ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നേരത്തെ ഫെബ്രുവരി ആറിന് പ്രകടന പത്രിക പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രകടന പത്രികാ പുറത്തിറക്കല്‍ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.

ഹോളിക്കും ദീപാവലിക്കും സത്രീകള്‍ക്ക് ഓരോ സൗജന്യ ഗ്യാസ് സിലിണ്ടര്‍, അറുപതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യയാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ഇരുചക്ര വാഹനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.

സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയാക്കും, പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും, വിധവാ പെന്‍ഷന്‍ 800-ല്‍നിന്ന് 1,500 രൂപയായി ഉയര്‍ത്തും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.

No comments