Featured Posts

Breaking News

നോളജ് സിറ്റി: വിവാദത്തിന് പിന്നിൽ തത്പര കക്ഷികൾ- കാന്തപുരം


കോഴിക്കോട് | നോളജ് സിറ്റി വിവാദത്തിന് പിന്നിൽ തത്പര കക്ഷികളെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇവർ ആരെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിർമാണങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളെല്ലാം തെറ്റാണ്. എല്ലാ ചട്ടങ്ങളും പാലിച്ച് കൊണ്ടാണ് നിർമാണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി തരം മാറ്റിയെന്ന ആക്ഷേപത്തിൽ കഴമ്പില്ല. നാലോ അഞ്ചോ തലമുറ കൈമാറിയ ശേഷമുള്ള ഭൂമിയാണ് മർകസ് നോളജ് സിറ്റിക്കായി വാങ്ങിയത്. ഭൂമി സംബന്ധിച്ച കേസ് കോടതി തള്ളിയതാണ്. വിവാദമുയർത്തുന്നവരെ ആരും അനുകൂലിക്കുന്നില്ല. ജാതിമതഭേദമന്യേ എല്ലാവരും അതിനെതിരാണ്. പുക പരത്താൻ ശ്രമിച്ച് നോക്കിയതാണ്. രാഷ്ട്രീയപരമായോ സാമുദായികപരമായോ ഉള്ള എതിർപ്പല്ല വിവാദത്തിന് പിന്നിലെന്നും കാന്തപുരം പറഞ്ഞു.

മർകസിന്റെ പുരോഗമന പ്രവർത്തനങ്ങൾ എപ്പോൾ പൂർത്തിയാകുമെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ചില പദ്ധതികൾ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. നിർമാണവുമായി ബന്ധപ്പെട്ട് ഒരു നിയമ തടസ്സവും നിലവിലില്ലെന്ന് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. തകർന്ന കെട്ടിടത്തിനുള്ള സ്റ്റോപ്പ് മെമ്മോ താത്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. പല ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് കോംപ്രമൈസ് ചെയ്യാൻ പല ആളുകൾ തങ്ങളെ സമീപിച്ചിട്ടുണ്ട്. അതിലൂടെ അവർക്ക് വലിയ തുകകൾ ലഭിക്കണം. അതൊരു ന്യായമായ കാര്യമല്ലാത്തതിനാൽ അവർക്ക് വഴിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് പലതരം ആവശ്യങ്ങളുമായി അവർ രംഗത്ത് വരുന്നത്.


ആയിരത്തിലധികം ഏക്കർ ഭൂമിയുടെ അവകാശമുണ്ടെന്ന വാദം ഉന്നയിച്ചാണ് അവർ ജില്ലാ കോടതിയെ സമീപിച്ചതും കോടതി അത് തള്ളിയതുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളെ നിയമപരമായി നേരിടാൻ കഴിയും. എന്നാൽ അതിനെ സാമൂഹികമായാണ് നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മർകസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാമും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

No comments