Featured Posts

Breaking News

പ്രവാചകനെതിരായ പരാമര്‍ശം: 15 രാജ്യങ്ങള്‍ അപലപിച്ചു


ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി. നേതാക്കളുടെ വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാന്‍, ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈത്ത്, ജോര്‍ദാന്‍, അഫ്ഗാനിസ്താന്‍, മാലദ്വീപ്, ലിബിയ, ഇന്‍ഡോനേഷ്യ തുടങ്ങി 15 രാജ്യങ്ങള്‍ പ്രസ്താവനയില്‍ ഇതുവരെ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യങ്ങള്‍ സ്ഥാനപതിമാരെ വിളിച്ച് വരുത്തിയും അല്ലാതെയും പ്രതിഷേധമറിയിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.

57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍(ഒ.ഐ.സി.) ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തുകൊണ്ടിരിക്കുകയാണ് ബിജെപി നേതാക്കളെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവന നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.


ഇതിനിടെ വിവാദ പ്രസ്താവനയില്‍ പുറത്താക്കപ്പെട്ട ബിജെപി നേതാവ് നൂപുര്‍ ശര്‍മക്ക് മുംബൈ പോലീസ് നോട്ടീസയച്ചു. പ്രസ്താവനയില്‍ മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴിയെടുക്കുന്നതിനാണ് നോട്ടീസ് നല്‍കിയതെന്ന് മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് പാണ്ഡെ അറിയിച്ചു.


ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മക്കെതിരെ മെയ് 28-നാണ് മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുംബൈ റാസ അക്കാദമി ജോയന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷൈഖ് നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. ബോധപൂര്‍വ്വം മതവികാരം വ്രണപ്പെടുത്തല്‍, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

No comments