ജംഷിദിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കും ഏറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടംറിപ്പോര്‍ട്ട്
കോഴിക്കോട്: കര്‍ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണ കാരണം നെഞ്ചിനും തലയ്ക്കും ഏറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജംഷിദിന്റെ കയ്യിലും കാലിലും ഉള്‍പ്പടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകള്‍ എല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തീവണ്ടി തട്ടിയുള്ള മരണമാണ് മകന്റേതെന്ന നിലപാടാണ് തുടക്കം മുതല്‍ കര്‍ണാടക പോലീസ് സ്വീകരിച്ചത്, മൃതശരീരം കണ്ടപ്പോള്‍ തന്നെ ആരോ അവനെ കൊലപ്പെടുത്തി പാളത്തില്‍ കൊണ്ടിട്ടതാണെന്ന് സംശയം തോന്നിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക പോലീസിനേ സമീപിക്കുമെന്നും പിതാവ് മുഹമ്മദ് പറഞ്ഞു.
മേയ് 11-നാണ് ജംഷിദിന്റെ മൃതദേഹം മാണ്ഡ്യയിലെ റെയില്‍വേ പാളത്തില്‍ കണ്ടെത്തിയത്. ജംഷിദിന്റെത് അപകടമരണമല്ലെന്നും കൊലപാതകം ആണെന്നും അന്നുതന്നെ ജംഷിദിന്റെ കുടുംബം ആരോപിച്ചിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്കെന്ന് പറഞ്ഞാണ് ജംഷിദ് വീട്ടില്‍ നിന്ന് പോയത്. പീന്നീട് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടെന്നും വിളിച്ചാല്‍ കിട്ടില്ലെന്നും മറ്റൊരു നമ്പറില്‍ നിന്നും വിളിച്ച് അറിയിച്ചു. രണ്ട് ദിവസം കഴിഞ്ഞ് സുഹൃത്തുക്കളെ കാണുന്നില്ലെന്നും കയ്യില്‍ പണം ഇല്ലെന്നും പറഞ്ഞു. ആയിരം രൂപ അവന്റെ അക്കൗണ്ടില്‍ ഇട്ട് തിരിച്ച് വരാന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും ജംഷിദ് നാട്ടിലേക്ക് വന്നില്ല. പിന്നീട് ഒരു സുഹൃത്താണ് മരണ വിവരം അറിയിക്കുന്നത്. ജംഷിദിന്റെ കൂടെ ഉണ്ടായിരുന്ന റിയാസ് ലഹരിമാഫിയയുമായി ബന്ധമുള്ള ആളാണെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സത്യം പുറത്തുവരാന്‍ ജംഷിദിന്റെ സുഹൃത്തുക്കളായ അഫ്‌സല്‍, ഫെബിന്‍ ഷാ, റിയാസ് എന്നിവരെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.