എട്ടുപേരിൽ ഒരാൾക്ക് മാനസിക പ്രശ്നമെന്ന് ലോകാരോഗ്യ സംഘടന
ലോകം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മാറുകയാണ് മാനസികാരോഗ്യം. ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്നം അനുഭവിക്കുന്നണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വർഷങ്ങളോളം വൈകല്യവുമായി ജീവിക്കേണ്ടി വരുന്നതിന് മാനസിക പ്രശ്നങ്ങളും പ്രധാന കാരണമാണെന്നും ആഗോള തലത്തിൽ ആറിൽ ഒരാൾ ഇങ്ങനെ ജീവിക്കുന്നവരാണെന്നും ലോകാരോഗ്യ സംഘടന മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മാനസികാരോഗ്യ സംരക്ഷണത്തിനായി അടിയന്തര നടപടികൾ ആവശ്യപ്പെടുന്ന കണ്ടെത്തലുകളാണ് വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലുള്ളത്.
കോവിഡ് മഹാമാരിയാണ് ആളുകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന ആരോപണങ്ങളെ റിപ്പോർട്ട് തള്ളിക്കളയുന്നു. കോവിഡിനു മുമ്പും 2019ൽ 100 കോടിയോളം പേർ മാനസിക ബുദ്ധിമുട്ടുകളുമായാണ് ജീവിച്ചത്. കോവിഡ് കാലത്ത് അത് കൂടിയെന്ന് മാത്രം. കോവിഡ് കാലത്ത് 14 ശതമാനം കൗമാരക്കാരും മാനസിക പ്രശ്നങ്ങൾ നേരിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ ആദ്യവർഷം സാധാരണ മാനസിക ബുദ്ധിമുട്ടുകളായ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുടെ എണ്ണം 25 ശതമാനത്തിലേറെ ഉയർന്നിരുന്നു.