Featured Posts

Breaking News

നീതിക്ക് വേണ്ടി അവസാന ശബ്ദവും സമർപ്പിച്ച് ലത്തീഫ് സഅദി പഴശ്ശി യാത്രയായി...


കണ്ണൂർ: ശനിയാഴ്ച വിടവാങ്ങിയ എൻ. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശിയുടെ അവസാന ശബ്ദവും നീതിക്ക് വേണ്ടി. കെ.എം ബഷീറിന് നീതിതേടി കണ്ണൂരിൽ ശനിയാഴ്ച കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ ഉടനെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടയുടൻ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകീട്ട് മൂന്നരയോടെ അദ്ദേഹം എന്നെന്നേക്കുമായി വിടപറഞ്ഞു.


കെ.എം ബഷീറിന് നീതി നിഷേധിച്ച അധികാരികൾക്ക് ശക്തമായ താക്കീത് നൽകുന്നതായിരുന്നു അവസാന വാക്കുകൾ. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ ആലപ്പുഴ കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചുവിളിച്ചില്ലെങ്കിൽ അവകാശം നേടിയെടുക്കുന്നത് വരെ തെരുവിൽ നിന്ന് പോകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ പ്രസ്ഥാനം എവിടെ സമരം ചെയ്തിട്ടുണ്ടോ അവിടെയൊക്കെ വിജയിച്ച ചരിത്രമേ ഉള്ളൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

''ഈ അവകാശത്തിന് വേണ്ടിയുള്ള ശബ്ദം അധികാരികൾ കണ്ടിട്ടില്ലെങ്കിൽ ഞങ്ങൾ ഒരു കാര്യം തുറന്നുപറയുകാണ്. വർഷങ്ങൾ ഇനിയും കഴിയും, ഭരണങ്ങൾ മാറും, മുനിസിപ്പാലിറ്റിയുണ്ട്, പഞ്ചായത്തുണ്ട്, നിയമസഭാ വരാനുണ്ട്… ഞങ്ങളുടെ കൈയിൽ ഞങ്ങൾ എന്നും ഉയർത്തിപ്പിടിച്ച ഒരു ആയുധമുണ്ട്... അത് വോട്ട് ബാങ്കാണ്... ഞങ്ങൾ അതിലൂടെ പ്രതിരോധിക്കുമെന്ന് മാത്രമേ ഓർമപ്പെടുത്താനുള്ളൂ'' അദ്ദേഹം പറഞ്ഞു.

ജാമിഅ സഅദിയ്യയിൽ പഠിക്കുന്ന കാലത്താണ് പഴശ്ശി പ്രഭാഷണ രംഗത്ത് ശ്രദ്ധേയനാകുന്നത്. ഉൾക്കാമ്പുള്ള പ്രസംഗങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. വിഷയങ്ങൾ കൃത്യമായി അവതരിപ്പിക്കുമ്പോൾ അനുയോജ്യമായ ഗാനങ്ങളും കവിതാശകലങ്ങളും കൂട്ടിച്ചേർത്ത് അതിനെ ആകർഷമാക്കുന്നതിൽ പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.

കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ല വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. എസ്.എസ്.എഫിലൂടെ സംഘടന രംഗത്ത് വന്ന അദ്ദേഹം എസ്.എസ്.എഫിന്റെയും എസ്.വൈ.എസിന്റെയും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു.

ശനിയാഴ്ച വൈകീട്ട് മുതൽ പതിനായിരങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാൻ പഴശ്ശിയിലെ വസതിയിലെത്തിയത്. നൂറോളം തവണ മയ്യിത്ത് നമസ്കാരം ജമാഅത്തായി നിർവഹിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി തുടങ്ങി പ്രമുഖർ നമസ്കാരത്തിന് നേതൃത്വം നൽകി. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതോയോടെ പഴശ്ശി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

No comments