ഡെൻസിയുടെ മരണം കൊലപാതകം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്യും
ചാലക്കുടി: രണ്ടര വർഷം മുമ്പ് അബൂദബിയിൽ മരിച്ച വാളിയേങ്കൽ ഡെൻസിയുടെ (38) മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനായി വ്യാഴാഴ്ച നോർത്ത് ചാലക്കുടി സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽനിന്ന് പുറത്തെടുക്കും. 2020 മാർച്ചിലാണ് മൃതദേഹം സംസ്കരിച്ചത്. മൂന്ന് മക്കളുടെ അമ്മയായ ഇവർ 2019 ഡിസംബറിലാണ് ജോലി തേടി അബൂദബിയിലേക്ക് പോയത്. തുടർന്ന് മൂന്നുമാസം കഴിഞ്ഞ് 2020 മാർച്ചിലായിരുന്നു മരണം.
ഏതാനും ദിവസം മുമ്പാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാർ അറിയുന്നത്. വാഹനാപകടത്തിലാണ് മരണമെന്നാണ് ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. പിന്നീട് ഹൃദയാഘാതമാണെന്നും അറിയിച്ചു. എന്നാൽ പാരമ്പര്യ വൈദ്യൻ മൈസൂരുവിലെ ഷാബാ ഷെരീഫിന്‍റെ കൊലപാതകത്തിലെ കൂട്ടുപ്രതികളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊലപാതകമാണെന്ന രഹസ്യം പുറത്തറിഞ്ഞത്.
ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂർ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫാണ്.
കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികൾ മൊഴിനൽകിയതിനെ തുടർന്നാണ് റീ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി കേസ് അന്വേഷിക്കുന്ന നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം നൽകിയ അപേക്ഷയിൽ ഇരിങ്ങാലക്കുട ആർ.ഡി.ഒ അനുമതി നൽകിയതോടെയാണ് കുഴിമാടം തുറക്കാൻ നടപടിയായത്. ഷൈബിന്‍റെ ബിസിനസ് പങ്കാളിയായ ഹാരിസിന്‍റെ സ്ഥാപനത്തിലാണ് ഡെൻസി ജോലി ചെയ്തിരുന്നത്.