Featured Posts

Breaking News

ഞങ്ങൾക്ക് കഴിക്കാൻ ഒന്നുമില്ല', കുട്ടിയുടെ പരാതി കേട്ട് ഞെട്ടി പൊലീസ്


വിശപ്പ് സഹിക്കാൻ കഴിയാതെ ബ്രസീലിയൻ എമർജൻസി വകുപ്പിലേക്ക് ഫോൺ വിളിച്ച മിഗ്വേൽ ബാരോസ് എന്ന 11കാരന്‍റെ ജീവിതമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കഴിഞ്ഞയാഴ്ചയാണ് കുട്ടി പൊലീസിനെ വിളിച്ച് സഹായം അഭ്യർഥിച്ചത്. എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് ചോദ്യത്തിന് 'മിസ്റ്റർ പൊലീസ്, ഞങ്ങളുടെ വീട്ടിൽ കഴിക്കാൻ ഒന്നുമില്ല' എന്ന് കുട്ടി മറുപടി പറയുകയായിരുന്നു. കുട്ടിയുടെ ആവശ്യം കേട്ട് ഉദ്യോഗസ്ഥർ അക്ഷരാർഥത്തിൽ ഞെട്ടി.

തുടർന്ന് തെക്കുകിഴക്കൻ നഗരമായ ബെലോ ഹൊറിസോണ്ടെയിലെ സാന്താ ലൂസിയയിൽ കുട്ടിയെ അന്വേഷിച്ച് പൊലീസ് എത്തി. കുട്ടിയുടേയും കുടുംബത്തിന്‍റേയും ദയനീയാവസ്ഥ മനസിലാക്കിയ പൊലീസ് അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോവുകയും കുട്ടിയുടെ വീട്ടിലേക്ക് ഭക്ഷണം എത്തിച്ച് നൽകുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ കഥകേട്ട സൂപ്പർമാർക്കറ്റ് ഉടമയും ധാരാളം ഭക്ഷ്യസാധനങ്ങൾ സംഭാവനയായി നൽകി.

തുടർന്ന് മിഗ്വേലിന്‍റെ ജീവിതം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കുട്ടിക്ക് സഹായവാഗ്ദാനവുമായി നിരവധിപേർ എത്തി. ബ്രസീലിൽ നിന്നു മാത്രമല്ല, ലോകത്തിന്‍റെ പല ഭാഗത്തുനിന്നും കുട്ടിയുടെ വീട്ടിലേക്ക് നിരവധി ഭക്ഷണസാധങ്ങളാണ് എത്തുന്നത്.


അമ്മക്കും അഞ്ച് സഹോദരങ്ങൾക്കൊപ്പമാണ് മിഗ്വേൽ ബാരോസ് കഴിയുന്നത്. കോവിഡ് വ്യാപിച്ചതോടെ അമ്മക്ക് ജോലി ഇല്ലാതെയായി. ഇതോടെ കുടുംബം പട്ടിണിയിലായി. ചോളപ്പൊടിയും വെള്ളവും മാത്രമാണ് മൂന്ന് ദിവസമായി കുട്ടികൾക്ക് കഴിക്കാൻ ഉണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനത് മറക്കില്ല, കാരണം വിശപ്പ് വളരെയധികം വേദനിപ്പിക്കുന്നതാണ്'- മിഗ്വേലിന്‍റെ അമ്മ പറഞ്ഞു.


കുട്ടിയുടെ കഥ പുറത്തുവന്നതോടെ ബ്രസീലിയൻ ഭരണകൂടത്തിനെതിരെ വിമർശനവുമായും നിരവധിപേർ രംഗത്തെത്തി. 30 ശതമാനം ബ്രസീലിയൻ പൗരൻമാരും ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് പഠനങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

No comments