സല്‍മാന്‍ റുഷ്ദിയെ അക്രമി കുത്തിയത് 15 തവണ; നടുക്കമുണ്ടാക്കിയ സംഭവം വിവരിച്ച് ദൃക്‌സാക്ഷി
ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് ആക്രമണത്തിനിരയായ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു. പരിപാടി നടക്കുന്നതിനിടെ പെട്ടെന്ന് അക്രമി സ്റ്റേജിലേക്ക് കയറി ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. പരിപാടിയുടെ ഭാഗമായ ഒരു സ്റ്റണ്ട് ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്ന് ദൃക്‌സാക്ഷികളിലൊരാളായ റാബി ചാള്‍സ് സാവ്‌നോര്‍ പറയുന്നു.
20 സെക്കന്റോളം അക്രമി റുഷ്ദിയെ ആക്രമിച്ചു. കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിച്ചാണ് അക്രമി എത്തിയതെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ കാതലിന്‍ ജോണ്‍സ് പറഞ്ഞു. 2500ല്‍പ്പരം ആളുകളാണ് ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നത്. സംഭവം നടന്നതിന് പിന്നാലെ നിരവധി ആളുകള്‍ സഹായിക്കുന്നതിനായി എത്തിയെങ്കിലും സംഘടകര്‍ സ്ഥിതി നിയന്ത്രിച്ചു. ഹെലികോപ്റ്ററില്‍ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ന്യൂയോര്‍ക്ക് പോലീസ് ട്വീറ്റ് ചെയ്തു. അന്വേഷണത്തിന് എല്ലാ സഹായവും ഉണ്ടാകുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ അറിയിച്ചു. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റുഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്. സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ ആളുകള്‍ റുഷ്ദിയെ സഹായിക്കാനായി പാഞ്ഞടുക്കുന്നത് കാണാം. പ്രതിയെ അറസ്റ്റുചെയ്തു.
മുംബൈയില്‍ ജനിച്ച സല്‍മാന്‍ റുഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്. 1988-ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ ഏറെ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാന്‍ ഇതിന് വിലക്കേര്‍പ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. റുഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്‌സസ്. 1981-ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.