ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി
കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ യുവാൻ വാങ്-5ന് നങ്കൂരമിടാന്‍ അനുമതി നല്‍കി ശ്രീലങ്ക. ചൈനീസ് കപ്പല്‍ ലങ്കന്‍ തീരത്തെത്തുന്നതില്‍ ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ വകവെയ്ക്കാതെയാണ് ശ്രീലങ്കയുടെ നടപടി. കപ്പലിന് ഓഗസ്റ്റ് 16 മുതല്‍ 22 വരെ ശ്രീലങ്കയില്‍ ചൈനീസ് മേല്‍നോട്ടത്തിലുള്ള ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി ശ്രീലങ്കന്‍ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി. സില്‍വ വ്യക്തമാക്കി.
എന്തുകൊണ്ട് അനുമതി നല്‍കരുതെന്ന ശ്രീലങ്കയുടെ ചോദ്യത്തിന് ഇന്ത്യ തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.
ചൈനയുടെ യുവാൻ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ചാരവൃത്തിക്ക് ഉപയോഗിക്കാവുന്ന കപ്പലാണ് ഇതെന്നാണ് പറയപ്പെടുന്നത്. ഇതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ സൈനിക നീക്കങ്ങളുള്‍പ്പെടെയുള്ള വിവരങ്ങള്‍ കപ്പല്‍ ചോര്‍ത്തിയെടുത്തേക്കാമെന്നാണ് ഇന്ത്യയുടെ ആശങ്ക. ഇന്ത്യന്‍ സമുദ്രത്തിലും ശ്രീലങ്കയിലും ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഓഗസ്റ്റ് 11-ന് ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കുരമിടാന്‍ ചൈന ശ്രീലങ്കയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ഇന്ത്യ ആശങ്കയറിയിച്ചതിനു പിന്നാലെ യാത്ര വൈകിപ്പിക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു.ഓഗസ്റ്റ് 11 മുതല്‍ 17 വരെയാണ് ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ ചൈനീസ് കപ്പല്‍ അനുമതി തേടിയത്.