ഗള്‍ഫില്‍ ശക്തമായ ചൂട് 50 ഡിഗ്രി കടന്നു..
അൽഐൻ: കനത്ത മഴക്കും പ്രളയത്തിനും ശേഷം യു.എ.ഇ വീണ്ടും കൊടുംചൂടി. തുടർച്ചയായ രണ്ടാം ദിവസവും അൽഐനിലെ സ്വെയ്ഹാനിൽ താപനില 50 ഡിഗ്രി കടന്നു. ബുധനാഴ്ച 50.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂണിൽ ഇവിടെ 51.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. യു.എ.ഇയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ് അബൂദബി എമിറേറ്റിലെ സ്വെയ്ഹാൻ. എന്നാൽ, പ്രദേശവാസികൾക്ക് ഇതൊരു പുത്തരിയല്ല.
ശരാശരി 45 ഡിഗ്രി ചൂട് ലഭിക്കുന്ന സ്ഥലമാണിത്. സാധാരണ ദിവസങ്ങളിലേത് പോലെ തന്നെ 'ചൂടൻ' ദിനങ്ങളിലും ഇവിടെ പ്രവർത്തനം തുടർന്നു. അതേസമയം, ദുബൈയിൽ 42 ഡിഗ്രിയായിരുന്നു ഉയർന്ന താപനില. 1913ൽ യു.എസിലെ കാലിഫോർണിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ 56.7 ഡിഗ്രിയാണ് ഇതുവരെയുള്ള ഉയർന്ന താപനില.
അതേസമയം, വടക്ക്, കിഴക്ക് മേഖലയിൽ കനത്ത മഴ വീണ്ടുമെത്തും എന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. കിഴക്ക് ഭാഗത്തുണ്ടാകുന്ന ന്യൂനമർദം അസ്ഥിരമായ കാലാവസ്ഥ സൃഷ്ടിക്കുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തിൽ തിമിർത്തുപെയ്ത മഴ കിഴക്കൻ എമിറേറ്റുകളിൽ ദുരിതം വിതച്ച സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുന്നത്.
മഴക്കൊപ്പം മണിക്കൂറിൽ 40കിലോമീറ്റർ വേഗതയിൽ കാറ്റും പ്രവചിക്കപ്പെട്ടിട്ടുണ്ട്. മഴയെ തുടർന്ന് വെള്ളം നിറഞ്ഞ രാജ്യത്തെ വിവിധ ഡാമുകൾ കഴിഞ്ഞ ദിവസം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു.