Featured Posts

Breaking News

നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍..


ഫിറോസാബാദ്: പോലീസ് മെസ്സില്‍ നിന്ന് ലഭിച്ച മോശം ഭക്ഷണവുമായി നടുറോഡില്‍ പൊട്ടിക്കരഞ്ഞ് യു.പിയിലെ പോലീസ് കോണ്‍സ്റ്റബിള്‍. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

മൃഗങ്ങള്‍ പോലും കഴിക്കാത്ത ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഈ ഭക്ഷണം കഴിച്ച് എങ്ങനെ ജോലിചെയ്യുമെന്നും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ ഇദ്ദേഹം ചോദിക്കുന്നുണ്ട്. പോലീസ് കോണ്‍സ്റ്റബിളായ മനോജ് കുമാറാണ് കയ്യില്‍ പിടിച്ച പ്ലേറ്റിലെ റൊട്ടിയും കറിയും ചൂണ്ടിക്കാട്ടി റോഡില്‍നിന്ന് കരയുന്നത്. മറ്റൊരു പോലീസുകാരന്‍ ഇയാളുടെ അടുത്തെത്തി സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.



മോശം ഭക്ഷണം സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടതാണെന്നും പരിഹാരമുണ്ടായിട്ടില്ലെന്നും പോലീസുകാരന്‍ പറഞ്ഞു. പരാതി പറയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു. ജോലി പോലും നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നും പോലീസുകാരന്‍ വ്യക്തമാക്കി.


കുറച്ചുദിവസം മുന്നേയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായുള്ള അലവന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ലഭിക്കുന്നത് ഇത്രയും മോശമായ ഭക്ഷണമാണെന്നും പോലീസുകാരന്‍ പറയുന്നു.

മനോജ് കുമാറിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരാതിയേക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിറോസാബാദ് പോലീസ് ട്വീറ്റ് ചെയ്തു. ഭക്ഷണത്തേക്കുറിച്ച് പരാതിപറഞ്ഞ പോലീസുകാരനെ വിവിധ കാരണത്തിന്റെ പേരില്‍ 15 തവണ ശിക്ഷിച്ചതാണെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

No comments