Featured Posts

Breaking News

10 മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് റഷ്യന്‍ സമ്മാനം...


10 മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിന്‍ വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച വാര്‍ത്ത അടുത്തിടെയാണ് പുറത്ത് വന്നത്. ജനപ്പെരുപ്പത്താല്‍ ശ്വാസം മുട്ടുന്ന ഭൂമിയെ വീണ്ടും വരിഞ്ഞുമുറുക്കുന്നതാണ് പുതിന്റെ പ്രഖ്യാപനമെന്നാണ് പലരുടേയും വിമര്‍ശം. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ റഷ്യയുടെ നിലനില്‍പ് അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ് പുതിന്‍ നടത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തനമാണ് ഇതെന്നുള്ളതാണ് സത്യം.

ജനസംഖ്യയിലുണ്ടാകുന്ന കുറവ് റഷ്യയ്ക്ക് ഭീഷണിയായേക്കുമെന്ന തിരിച്ചറിവാണ് പുതിനെ ഇത്തരമൊരു പ്രഖ്യാപനത്തിലേക്കെത്തിച്ചത്. റഷ്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലേയും ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പകുതിയാകുമെന്നുമാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് രണ്ടു നൂറ്റാണ്ടിനുള്ളില്‍ ആ രാജ്യങ്ങളിലെ ജനതയും അവരുടെ സംസ്‌കാരവും ഇല്ലാതായേക്കും. പല വികസിത രാജ്യങ്ങളിലേക്കാളും ജനന നിരക്ക് കുറഞ്ഞ കേരളത്തിന്റെ അവസ്ഥയും സമാനമാണ്. ഒരു പക്ഷേ 'മലയാളി'യും ഈ ലോകത്ത് ഇല്ലാതായേക്കാം..

ലോകത്ത് 800 കോടി മനുഷ്യര്‍ ഉണ്ടെന്നാണ് കണക്ക്. ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്താണ് ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കൊണ്ട് അത് ഏഴു മടങ്ങ് വര്‍ധിച്ചു. കൃഷിയുടെ പ്രചാരം, ആരോഗ്യ രംഗത്തെ കണ്ടുപിടുത്തങ്ങള്‍, വ്യാവസായിക വിപ്ലവം എന്നിവയെല്ലാം ജനസംഖ്യാവർധനവിനെ ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. നിര്‍ബന്ധിതമാക്കപ്പെട്ട പ്രതിരോധകുത്തിവെപ്പുകളും ശുചിത്വ പ്രചാരണപരിപാടികളുമെല്ലാം കുട്ടികളുടെയും പ്രായമായവരുടെയും മരണനിരക്ക് കുറച്ചതും ജനസംഖ്യാപ്പെരുപ്പത്തിന് കാരണമായി. 2100 ഓടെ ലോക ജനസംഖ്യ 1000 കോടിയോടടുക്കമെന്നാണ് യു.എന്‍ കണക്ക്. എന്നാല്‍ ലാന്‍സെറ്റ് ജേര്‍ണലിന്റേതടക്കം മറ്റ് ചില പഠനത്തില്‍ പറയുന്നത് 2064 ഓടെ ലോക ജനസംഖ്യ അതിന്റെ മൂര്‍ധന്യാവസ്ഥയായ 970 കോടി ആയി 2100 ഓടെ 880 കോടിയായി കുറയുമെന്നാണ്.

ഏഷ്യാ ഭൂഖണ്ഡത്തിലാണ് ലോകത്തില്‍ ഏറ്റവും കൂടുതലാളുകള്‍ അധിവസിക്കുന്നത്. 60 %. 2050-ല്‍ അമേരിക്കയെ പിന്തള്ളി നൈജീരിയ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തെത്തും. ആഗോള ജനസംഖ്യാവളര്‍ച്ചയുടെ പകുതി ഇന്ത്യയടക്കം ഒമ്പതു രാഷ്ട്രങ്ങളില്‍ നിന്നാകും. പാകിസ്താന്‍, അമേരിക്ക, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, ഇന്‍ഡൊനീഷ്യ, ടാന്‍സാനിയ എന്നിവയാണ് ജനസംഖ്യയില്‍ മുന്നിലെത്തുന്ന മറ്റുരാജ്യങ്ങള്‍.

ലോകത്തിന്റെ ഒരു ഭാഗത്ത് ജനസംഖ്യാ വിസ്‌ഫോടനം നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് കാറ്റു പോയ ബലൂണിന്റെ സ്ഥിതിയാണ്. ജനസംഖ്യാ ശോഷണം നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന നിലയിലാണ് പല രാജ്യങ്ങളും. പുതിയ തലമുറ ജനിക്കാത്തത് വംശത്തിന്റേയും സംസ്‌കാരത്തിന്റേയും മരണ മണിയാണെന്ന യാഥാര്‍ഥ്യത്തിലാണ് അവര്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് റഷ്യയില്‍ പുതിന്‍ മദര്‍ ഹീറോയിന്‍ പദ്ധതി പ്രഖ്യാപിച്ചത്. റഷ്യ മാത്രമല്ല യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളായ ദക്ഷിണ കൊറിയയും ജപ്പാനും സിംഗപ്പുരുമൊക്കെ ഈ ഭീഷണി നേരിടുന്നുണ്ട്. ജനസംഖ്യ കുറയുന്നത് നല്ല കാര്യമാണെങ്കിലും രാജ്യാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ലോകത്ത് രാജ്യങ്ങളിലെ ജനസംഖ്യ വല്ലാതെ കുറയുന്നത് ആ സമൂഹങ്ങളുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാണ്. അതുകൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുണ്ടായിട്ട് പോലും ചൈന തങ്ങളുടെ ഒറ്റക്കുട്ടി നയം പിന്‍വലിച്ചതും.

ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റും ജനസംഖ്യയും

ഒരു രാജ്യത്തെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (TFR) കണക്കാക്കിയാണ് ജനസംഖ്യ കൂടുകയാണോ കുറയുകയാണോ എന്ന് മനസിലാക്കുന്നത്. ഒരു സ്ത്രീക്ക് അവരുടെ ആകെയുള്ള ജീവിതകാലത്ത് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണമാണ് ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷം ജനിക്കുന്ന ആകെ കുട്ടികളുടെ എണ്ണത്തിന്റെ ശരാശരിയായ ജനന നിരക്കില്‍ (birth rate) നിന്നും വ്യത്യസ്തമാണ് ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക്

സാമൂഹിക ശാസ്ത്രജ്ഞരുടെ അഭിപ്രായമനുസരിച്ച് ഒരു രാജ്യത്തെ ടോട്ടല്‍ ഫെര്‍ട്ടലിറ്റി നിരക്ക് 2.1 ആണെങ്കില്‍ മാത്രമെ ആ രാജ്യത്തെ ജനസംഖ്യ അതേ നിലയില്‍ നില്‍ക്കുകയുള്ളു. 'റീപ്ലേസ്‌മെന്റ്' ലെവല്‍ എന്നാണ് അതിനെ വിളിക്കുക. ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് ലെവലിനും താഴെപ്പോയാല്‍ ജനസംഖ്യ കുറയും. ആഗോളാടിസ്ഥാനത്തില്‍ നിലവില്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2.32 ആണ്. അതു കൊണ്ടു തന്നെ ലോക ജനസംഖ്യ ഉയരാനാണ് സാധ്യത. പക്ഷേ പല രാജ്യങ്ങളുടേയും നിരക്ക് റീപ്ലേസ്മന്റ് ലെവലിലും വളരെ താഴെയാണ്. 2100 ല്‍ ആഗോള ഫെര്‍ട്ടിലിറ്റി നിരക്ക് 1.7 ലും കുറയുമെന്നാണ് ലാന്‍സെറ്റ് ജേണല്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ രണ്ട് നൂറ്റാണ്ട് കൊണ്ട് ആ രാജ്യങ്ങളിലെ ജനത തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയാണ്. പുതുതലമുറ ഇല്ലാത്തത് കാരണം വംശനാശം സംഭവിച്ച നിരവധി സമൂഹങ്ങള്‍ ലോകത്തുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഗോത്ര സമൂഹങ്ങളും അന്യം നിന്നു കൊണ്ടിരിക്കുന്ന പാഴ്‌സികളും ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്.

സ്ത്രീകള്‍ കൂടുതലായി തൊഴില്‍ രംഗത്തേക്ക് എത്തിയതും കൂടുതല്‍ വിദ്യാഭ്യാസം ലഭിച്ചതുമാണ് ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് കുറയാന്‍ പ്രധാന കാരണം. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയും മറ്റൊരു കാരണമാണ്. ജനന നിരക്കിലെ ഈ കുറവ് സാമൂഹികാന്തരീക്ഷത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് ഫെര്‍ട്ടിലിറ്റി റേറ്റ് കുറയുന്നത് ഒരനുഗ്രഹമാണ്. ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കൂടുതലുള്ളത് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. 1990 കളില്‍ അഫ്ഗാനിസ്ഥാനായിരുന്നു ഫെര്‍ട്ടിലിറ്റി റേറ്റ് ഏറ്റവും കൂടിയ രാജ്യം (8.0)എന്നാല്‍ ഇപ്പോള്‍ ഇത് 4.5 ആയി കുറഞ്ഞിട്ടുണ്ട്. നൈജറാണ് ഇപ്പോള്‍ ലോകത്ത് മുന്നില്‍ 6.8 ആണ് ഇവിടുത്തെ ഫെര്‍ട്ടിലിറ്റി നിരക്ക്. തൊട്ടുപിന്നില്‍ സൊമാലിയ (6.0), കോംഗോ (5.8), മാലി (5.8), ഛാഡ് (5.6) എന്നിവ തൊട്ടു പിന്നിലുണ്ട്. ടുണീഷ്യയാണ് ആഫ്രിക്കയില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള (2.2) രാജ്യം. ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ അഭാവം അല്ലങ്കില്‍ അറിവില്ലായ്മ, ചെറുപ്രായത്തിലുള്ള വിവാഹം, കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കുള്ള ഉയര്‍ന്ന നില എന്നിവയൊക്കെയാണ് ആഫ്രിക്കയിലെ ജനസംഖ്യാ വര്‍ധനയ്ക്ക് പിന്നില്‍.

'വയസ്സാ' കുന്ന ലോകം

ലാന്‍സെറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ജനസംഖ്യയില്‍ കുറവുണ്ടാകും. ഏറ്റവും കുറഞ്ഞത് 23 രാജ്യങ്ങളിലെ ജനസംഖ്യ പകുതിയാകും. പുതിയ തലമുറ ജനിക്കാതാകുന്നതോടെ ജനസംഖ്യയില്‍ കൂടുതലും വയോജനങ്ങളായിരിക്കും. അതായത് ഈ രാജ്യങ്ങളെല്ലാം'വൃദ്ധരാകും'. വൈദ്യ ശാസ്ത്രത്തിന്റെ മുന്നേറ്റമുണ്ടായതോടെ ആയുര്‍ദൈര്‍ഘ്യവും കൂടി. ഇതും വൃദ്ധ ജനസംഖ്യ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

യു.എന്നിന്റെ കണക്ക് അനുസരിച്ച് 2050 ല്‍ ലോകത്ത് ആറില്‍ ഒരാള്‍ 65 വയസിന് മുകളിലുള്ളവരായിരിക്കും. 2019 ല്‍ ഇത് 11 ല്‍ ഒന്നായിരുന്നു. 2050ല്‍ 60 വയസിന് മുകളിലുള്ളവരുടെ എണ്ണം 200 കോടിക്ക് മുകളില്‍ വരും. 80 വയസിന് മുകളിലുള്ളവരുടെ എണ്ണം 45 കോടി ആകും. ഇപ്പോള്‍ തന്നെ 17 രാജ്യങ്ങളില്‍ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളാണ്. 2100 ആകുമ്പോഴേക്ക് 155 രാജ്യങ്ങളില്‍ ഇങ്ങനെയാകുമെന്നാണ് യു.എന്‍ കണക്ക്. അതായത് ലോക ജനസംഖ്യയുടെ 61 ശതമാനം പ്രായമായവരായിരിക്കും. വികസിത രാജ്യങ്ങളില്‍ ഇത് ഇപ്പോള്‍ തന്നെ പ്രകടമാണ്. ജപ്പാന്‍ ജനസംഖ്യയുടെ 30 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. ഇറ്റലിയില്‍ ഇത് 23 ശതമാനവും ഫിന്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവിടങ്ങളില്‍ 22 ശതമാനവുമാണ്. ദക്ഷിണ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വയോജനങ്ങളുടെ എണ്ണം ജനസംഖ്യയുടെ 21 ശതമാനമാണ്. ചൈനയില്‍ 11.9 ശതമാനവും ഇന്ത്യയില്‍ 6.1 ശതമാനവും ആണ് 60 വയസിന് മുകളിലുള്ളവര്‍. യു.എസില്‍ ഇത് 16 ശതമാനമാണ്.

ജനസംഖ്യയില്‍ കൂടുതല്‍ വയോജനങ്ങളാകുന്നതോടെ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ താളം തെറ്റും. ആരോഗ്യവും ചുറുചുറുക്കുമുള്ള യുവജനങ്ങളുടെ അഭാവം രാജ്യത്തിന്റെ ഉത്പാദന ക്ഷമതയെ ബാധിക്കും. അതു മാത്രവുല്ല എണ്ണത്തില്‍ കൂടുതലുള്ള വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും അതിജീവനത്തിനുമായി പൊതുപണം ഏറെ ചെലവാക്കേണ്ട അവസ്ഥ സംജാതമാകുകയും അവരെ ശുശ്രൂഷിക്കാന്‍ മനുഷ്യ വിഭവശേഷി കൂടുതല്‍ ഉപയോഗിക്കേണ്ടിയും വരും. ഇത് സാമൂഹിക ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കും. പ്രായമുള്ള ഈ ആളുകളെ മുഴുവന്‍ സംരക്ഷിക്കാനുള്ള ബാധ്യത ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. മക്കളോ മറ്റ് ബന്ധുക്കളോ ഇല്ലാത്ത വൃദ്ധജനങ്ങളുടെ മാനസിക, ശാരീരിക ആരോഗ്യത്തേയും ഇത് ബാധിക്കും.

തൊഴിലാളി ക്ഷാമം മൂലം യുവാക്കള്‍ കൂടുതല്‍ സമയം തൊഴിലെടുക്കണ്ട അവസ്ഥയിലാകും. ഇത് അവരുടെ മാനസിക ആരോഗ്യത്തേയും ബാധിക്കും. വയോജനങ്ങളുടെ ഉത്തരവാദിത്വം മുഴുവനും സര്‍ക്കാരിന്റെ ചുമലില്‍ വരും. ഇവരെ ശുശ്രൂഷിക്കാന്‍ ആവശ്യമായ ആളുകള്‍ രാജ്യത്ത് ഇല്ലാതാകുന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ആളുകളെ കണ്ടെത്തേണ്ട സ്ഥിതിയാകും. ഇതിനായി കുടിയേറ്റം പ്രോത്സാഹിപ്പിക്കേണ്ടി വരും. ഇതാണ് ഇപ്പോള്‍ യൂറോപ്പിലും മറ്റും നടക്കുന്നത്. കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ട സ്ഥിതി സര്‍ക്കാരുകള്‍ക്ക് വരും. ഇതിനായി കൂടുതല്‍ നികുതികള്‍ ചുമത്തേണ്ടി വരും.

സൃഷ്ടിപരമായി ജോലിചെയ്യേണ്ട എല്ലാ മേഖലകളിലും യുവാക്കളുടെ അഭാവം ആ രാജ്യങ്ങളെ പിന്നോടടിക്കും. ശാസ്ത്ര സാങ്കേതിക മേഖലകളെയെല്ലാം ബാധിക്കും. ഇതിനെല്ലാം പുറമെ രാജ്യങ്ങളുടെ സൈനിക ശക്തിയേയും ഇത് ബാധിക്കും. സൈന്യത്തില്‍ സേവനമനുഷ്ഠിക്കാൻ ആളുകളില്ലാതെ വരും. ജനസംഖ്യയില്‍ ചെറുപ്പക്കാര്‍ കൂടുതലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തിക ശക്തിയായി വളരുന്നത് ഈ സാഹചര്യത്തിലാണ്.

തൊഴിലെടുക്കാന്‍ സാധിക്കുന്ന ആളുകളുടെ എണ്ണം കുറയുമ്പോള്‍ സ്ത്രീകളെല്ലാം തൊഴിലെടുക്കേണ്ടതായി വരും. പ്രസവിക്കാനോ കുട്ടികളെ വളര്‍ത്താനോ സമയം കണ്ടെത്താന്‍ സ്ത്രീകള്‍ക്കും സാധിക്കില്ല. കരിയര്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കുടുംബത്തിനായി സമയം നീക്കിവെക്കാന്‍ ആരും മിനക്കെടില്ല. ഇത് ഫെര്‍ട്ടിലിറ്റി നിരക്ക് പിന്നേയും കുറയ്ക്കും.

എല്ലാ വൃദ്ധരേയും സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുക എന്ന കാര്യം വികസിത രാജ്യങ്ങളെ സംബന്ധിച്ച് പോലും ബുദ്ധിമുട്ടേറിയ കാര്യമാണ്. അപ്പോള്‍ അവികസിത, വികസ്വര രാജ്യങ്ങളില്‍ വയോജന ജനസംഖ്യ കൂടുകയും ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്യുമ്പോള്‍ സ്ഥിതി വഷളാവും. ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്ത പ്രായമായവരുടെ ജീവിതം ദുസ്സഹമാകും. വയസായ സ്ത്രീകളായിരിക്കും ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരിക. അപ്പോള്‍ ജനസംഖ്യാ നിയന്ത്രണത്തിനായി യത്‌നിക്കുന്ന സര്‍ക്കാരുകള്‍ വയോജന സംരക്ഷണത്തിനായുള്ള നയങ്ങള്‍ രൂപീകരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട സയമം അതിക്രമിച്ചിരിക്കുകയാണ്.

യൂറോപ്പിലെ സ്ഥിതി

ലോകത്ത് ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ളത് യൂറോപ്പിലാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ജനസംഖ്യാ പ്രതിസന്ധി നേരിടുന്നുണ്ട്. 2021-ലെ 418 മില്ല്യണ്‍ എന്ന ജനസംഖ്യ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 362 മില്ല്യണ്‍ ആകുമെന്നാണ് കണക്ക്. ജനസംഖ്യാ ശോഷണം പല രാജ്യങ്ങളുടേയും നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്നതാണ്. യൂറോപ്പില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമായ കൊസവോയില്‍ മാത്രമാണ് ഫെര്‍ട്ടിലിറ്റി റേറ്റ് റീപ്ലേസ്‌മെന്റ് ലെവലിനും മുകളിലുള്ളത്. 2.3 ആണ് ഇവിടുത്തെ ഫെര്‍ട്ടിലിറ്റി റേറ്റ്.

കൊസവോ കഴിഞ്ഞാല്‍ ഫ്രാന്‍സാണ് ഫെര്‍ട്ടിലിറ്റി റേറ്റ് (1.9) അല്‍പമെങ്കിലും മെച്ചപ്പെട്ട മറ്റൊരു രാജ്യം. വലിയ കുടുംബങ്ങള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് മാസം തോറും 131 യൂറോ, മറ്റ് ഗ്രാന്റുകള്‍ എന്നിവ നല്‍കുന്നുണ്ട്. ഓരോ കുട്ടിയും ജനിക്കുമ്പോള്‍ കുടുംബത്തിന് 944 യൂറോയും ലഭിക്കും.

ഇറ്റലിയാണ് ആശങ്കയിലുള്ള മറ്റൊരു രാജ്യം. 1.3 ആണ് ഇവിടുത്തെ ഫെര്‍ട്ടിലിറ്റി നിരക്ക്. ഇറ്റലിയില്‍ ഒരു സ്ത്രീ ആദ്യം അമ്മയാകുന്ന കുറഞ്ഞ പ്രായം 31 ആണ്. ജനനനിരക്കുയര്‍ത്താന്‍ നിരവധി മാര്‍ഗങ്ങള്‍ സര്‍ക്കാരുകള്‍ പരീക്ഷിക്കുന്നുണ്ട്. ഓരോ കുട്ടി ജനിക്കുമ്പോഴും ദമ്പതിമാര്‍ക്ക് 800 യൂറോ നല്‍കുന്ന പദ്ധതി 2015 ല്‍ ഇറ്റലി നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഇതു കൊണ്ട് യാതൊരു ഫലവുമുണ്ടായില്ല. യൂറോപ്പില്‍ ഏറ്റവും കൂടിയ പ്രായമാണിത്. ഫെര്‍ട്ടിലിറ്റി നിരക്ക് കുറവുള്ള മറ്റൊരു യൂറോപ്യന്‍ രാജ്യം നോര്‍വെ ആണ്. 1.5 ആണ് ഇവിടുത്തെ നിരക്ക്.

ഫ്രാന്‍സ് പോലെ 1.9 ജനനിരക്കുള്ള മറ്റൊരു രാജ്യമാണ് സ്വീഡന്‍. ഓരോ കുട്ടിക്കും മാസം 167 ഡോളര്‍ വീതം സ്വീഡന്‍ നല്‍കുന്നുണ്ട്. കുട്ടിക്ക് 11 ഉം 15 ഉം വയസാകുമ്പോള്‍ ഈ തുക കൂടുും. ദമ്പതിമാര്‍ക്ക് 480 ദിവസത്തെ പെയിഡ് പേരന്റൽ അവധിയും സ്വീഡന്‍ നല്‍കുന്നുണ്ട്.

യൂറോപ്പിലെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ജനസംഖ്യ ഉയര്‍ത്താനുള്ള നടപടികളിലാണ്. ബേബി ബോണസ്. ടാക്‌സ് ഇന്‍സന്റീവ്, പെയ്ഡ് പേരന്റല്‍ ലീവ് തുടങ്ങി നിരവധി മാര്‍ഗങ്ങളാണ് ഇതിന് അവലംബിക്കുന്നത്. സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, മാള്‍ട്ട എന്നീ രാജ്യങ്ങള്‍ റഷ്യയേക്കാളും ജനനനിരക്ക് കുറഞ്ഞ രാജ്യങ്ങളാണ്.

കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് സൗജന്യ വന്ധ്യതാ ചികിത്സ, മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് എന്നിവ ഹംഗറി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് വിട്ടുപോയ താജിക്കിസ്താന്‍ 1996 ലാണ് അമ്മ നായിക പദ്ധതി നിര്‍ത്തലാക്കിയത്. യുക്രൈന്‍ ഇത് നിര്‍ത്തലാക്കിയെങ്കിലും 2001 ല്‍ പുനഃസ്ഥാപിച്ചു. കസാഖിസ്ഥാന്‍ പദ്ധതി നിര്‍ത്തലാക്കിയില്ലങ്കിലും പേര് മാറ്റിയിട്ടുണ്ട്. 10 മക്കളുള്ളവര്‍ക്ക് സ്വര്‍ണ പെന്‍ഡന്റും എട്ടും ഒമ്പതും മക്കളുള്ളവര്‍ക്ക് വെള്ളി പെന്‍ഡന്റുമാണ് കസാഖിസ്ഥാന്‍ സമ്മാനമായി നല്‍കുന്നത്.
മക്കള്‍ക്ക് 21 വയസാകുന്നതുവരെ അമ്മാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പ്രത്യേക അലവന്‍സും ലഭിക്കും.

ജനസംഖ്യ കുറയുന്ന വികസിത രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറ്റം വഴി ജനസംഖ്യ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. കുടിയേറ്റത്തെ ഇതുവരെ പ്രോത്സാഹിപ്പിക്കാതിരുന്ന ജപ്പാന്‍ പോലും നയം മാറ്റുകയാണ്.

ദക്ഷിണ കൊറിയയും ബെര്‍ത്ത് സ്‌ട്രൈക്കും

ദക്ഷിണ കൊറിയയിലെ പുതു തലമുറയെ ഷാംപു ജനറേഷന്‍ എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ബന്ധങ്ങളും വിവാഹവും കുട്ടികളും വേണ്ടെന്ന് കരുതുന്നവരാണ് ഷാംപു ജനറേഷന്‍. ഈ ഷാംപു ജനറേഷനാണ് ദക്ഷിണ കൊറിയയെ ലോകത്ത് ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള രാജ്യമാക്കി മാറ്റിയത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 0.81 ആണ്. 1970 കളില്‍ 4 ആയിരുന്നു നിരക്ക്. പിന്നീട് വന്ന കുടുംബാസൂത്രണ പദ്ധതികളും വികസനവും എല്ലാം ഫെര്‍ട്ടിലിറ്റി നിരക്ക് വന്‍ തോതില്‍ കുറയാന്‍ ഇടയായി.

കുട്ടികളെ വളര്‍ത്തുന്ന ചെലവ് താങ്ങാന്‍ സാധിക്കാത്തതാണ് ഫെര്‍ട്ടിലിറ്റി നിരക്ക് കുറയാന്‍ ഒരു പ്രധാന കാരണം. വികസിത രാജ്യമാണെങ്കിലും ദക്ഷിണ കൊറിയയില്‍ ഇപ്പോഴും വീട്ടു ജോലികളും കുട്ടികളെ വളര്‍ത്തലും സ്ത്രീകളുടെ മാത്രം ജോലിയായാണ് കണക്കാക്കുന്നത്. അപ്പോള്‍ കുട്ടികളുണ്ടായാല്‍ അവരെ വളര്‍ത്താനായി സ്ത്രീകള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. അതു കൊണ്ടു തന്നെ ജോലി വേണോ കുട്ടികള്‍ വേണോ എന്ന ചോദ്യം ഉയരുമ്പോള്‍ സ്ത്രീകള്‍ ജോലി തിരഞ്ഞെടുക്കുന്നു. തൊഴിലിടത്തിലും വേതന കാര്യത്തിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് പരിഗണന കുറവാണെന്നതും ഒരു പ്രധാന കാര്യമാണ്. മത്സര ലോകത്ത് പ്രസവത്തിനും കുട്ടികളെ വളര്‍ത്താനുമായി കരിയര്‍ ബ്രേക്കെടുത്ത് കരിയര്‍ ഇല്ലാതാക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ല. അതു കൊണ്ട് തന്നെ ' ബെര്‍ത്ത് സ്‌ട്രൈക്കി' ലാണ് തങ്ങളെന്നാണ് ദക്ഷിണ കൊറിയന്‍ സ്ത്രീകള്‍ പറയുന്നത്.

2000 ത്തിന്റെ ആരംഭത്തിലാണ് ഇതിന്റെ പ്രത്യാഘാതം ഭരണകൂടം മനസിലാക്കിയത്. ആയുര്‍ദൈര്‍ഘ്യം കൂടുതലയായതിനാല്‍ ജനന നിരക്ക് കുറഞ്ഞാല്‍ ചെറുപ്പക്കാരേക്കാള്‍ പ്രായമായവരായിരിക്കും രാജ്യ ജനസംഖ്യയില്‍ കൂടുതല്‍. വൃദ്ധ ജനസംഖ്യയുടെ ആരോഗ്യ സംരക്ഷണത്തിനും സന്തോഷത്തിനുമായി പൊതുപണം ഏറെ ചെലവാക്കേണ്ട അവസ്ഥ സംജാതമാകും. തൊഴിലെടുക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാരുടെ കുറവ് തൊഴില്‍ മേഖലയേയും രാജ്യത്തിന്റെ ഉത്പാദന ക്ഷമതയേയും ബാധിക്കും. ഇതേ നിലയില്‍ പോകുകയാണങ്കില്‍ ദക്ഷണിണ കൊറിയന്‍ സാമ്പത്തിക രംഗം ഇന്നത്തെ നിലയില്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ മാത്രം ജനങ്ങള്‍ ആ രാജ്യത്തുണ്ടാവുകയില്ല.

കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. 2006 ല്‍ ജനന നിരക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സാമ്പത്തിക സഹായം, കുട്ടികളുടെ ചെലവിന് പണം, മാതാപിതാക്കള്‍ക്ക് ഒരു മണിക്കൂര്‍ ജോലി സമയം കുറച്ച് നല്‍കല്‍, കൂടുതല്‍ അവധി എന്നിങ്ങനെ എന്നിട്ടും സര്‍ക്കാര്‍ പദ്ധതികള്‍ ഫലം കാണുന്നില്ല.

വൃദ്ധ ജനസംഖ്യ വര്‍ധിച്ചതോടെ അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികളും താളം തെറ്റി. സഹായങ്ങള്‍ എല്ലാവരിലേക്കും എത്താന്‍ വൈകി. ജോലി ചെയ്യാനാകാത്ത വൃദ്ധര്‍ക്ക് ജീവിതം ദുസ്സഹമായി. പലര്‍ക്കും മക്കളില്ലാത്തതോ മക്കള്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തതോ വയസ്സായവരുടെ ജീവിതം ദുരിതത്താലാക്കി. വികസിത രാജ്യങ്ങളുടെ ഇയില്‍ ദക്ഷിണ കൊറിയയിലെ വൃദ്ധരുടെ ഇടയിലെ പട്ടിണി ഏറ്റവും കൂടുതലാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് 1980 ല്‍ കൊറിയയിലെ യുവജനങ്ങളുടെ എണ്ണം ഏകദേശം 1.4 കോടിയായിരുന്നു. 2012 ല്‍ അത് ഒരു കോടിയായും 2021 ല്‍ അത് 80 ലക്ഷമായി കുറഞ്ഞു. 2060 ല്‍ 40 ലക്ഷമായി കുറയുമെന്നാണ് കണക്ക്. ഇത് രാജ്യത്തെ സാമ്പത്തികമായും സാമൂഹിക പരമായും ബാധിക്കുമെന്നുറപ്പാണ്. തൊഴിലെടുക്കാന്‍ സാധിക്കുന്ന യുവജനങ്ങളുടെ കുറവ് സാമ്പത്തിക സ്ഥിതിയെ പിന്നോടിക്കും. ഇപ്പോള്‍ തന്നെ കുട്ടികളില്ലാത്തതിനാല്‍ പല സ്‌കൂളുകളും പൂട്ടേണ്ട സ്ഥിതിയാണ്. വൃദ്ധ ജനസമൂഹത്തെ സംരക്ഷിക്കാനായി കൂടുതല്‍ ഫണ്ട് കണ്ടെത്തേണ്ടി വരും. ഇതിനായി കൂടുതല്‍ നികുതി ചുമത്തേണ്ടി വരും. തൊഴിലെടുക്കാന്‍ ആവശ്യത്തിന് യുവജനങ്ങൾ ഇല്ലാതാകുന്നത് സാമ്പത്തിക രംഗത്തെ പിന്നോട്ടടിക്കും. സൈനിക ശക്തിയേയും ഇത് ബാധിക്കും. സൈന്യത്തില്‍ സേവനമനുഷ്ടിക്കാന്‍ ആളുകളില്ലാതെ വരും.

ജപ്പാനിലും സ്ഥിതി മറിച്ചല്ല. 1.26 മാത്രം ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്കുള്ള ജപ്പാനില്‍ 40 ശതമാനം ജനങ്ങളും 60 വയസിന് മുകളിലുള്ളവരാണ്. കുടുംബമില്ലാത്തതിനാല്‍ സാമൂഹികമായി ഒറ്റപ്പെടുന്ന വയോധികരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ കെയര്‍ ഹോമില്‍ ചെറിയ കുട്ടികളെ ' ജോലിക്ക്' നിയോഗിച്ച വാര്‍ത്ത അടുത്തിടെ ജപ്പാനില്‍ നിന്ന് പുറത്തു വന്നിരുന്നു. മൂന്നു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുമായി അവരുടെ അമ്മമാര്‍ക്ക് കെയര്‍ ഹോമിലെത്താം. കുട്ടികള്‍ക്ക് ശമ്പളമായി പാല്‍പ്പൊടിയും ഡയപ്പറും നല്‍കും. അമ്മാര്‍ക്ക് ഒരു കപ്പ് ചായയും.

ഫെര്‍ട്ടിലിറ്റി നിരക്ക് കുറവായ യു.കെയില്‍ 44 ശതമാനം ആളുകളും പെന്‍ഷന്‍ പ്രായമായ 66 വയസ് കഴിഞ്ഞവരാണ്. പെന്‍ഷനാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗം. അടുത്തിടെ പണപ്പെരുപ്പം വര്‍ധിച്ചതോടെ ഇവരുടെ ജീവിതം ദുരിതത്തിലായെന്നാണ് റിപ്പോര്‍ട്ട്. ഊര്‍ജ പ്രതിസന്ധിമൂലം വൈദ്യുതി ചാര്‍ജ് വന്‍ തോതില്‍ വര്‍ധിപ്പിച്ചു. ഇതോടെ പെന്‍ഷന്‍ തുകയില്‍ നിന്ന് നല്ലൊരു സംഖ്യ വൈദ്യുത നിരക്കായി നല്‍കണ്ട അവസ്ഥയിലായി. ഭക്ഷണത്തിന് പോലും പലര്‍ക്കും പണം തികയുന്നില്ല. ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും പെന്‍ഷന്‍ പ്രായം കഴിഞ്ഞതിന്റെ പേരില്‍ ആരും ജോലി നല്‍കുന്നില്ലന്നാണ് പലരും പറയുന്നത്. 2021 ല്‍ യുകെയില്‍ 10,000 വയോജനങ്ങള്‍ തണുപ്പ് മൂലം മാത്രം മരിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലാളി ക്ഷാമം മൂലം ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസവുമുണ്ടാകുന്നു. അടുത്തിടെ പോര്‍ച്ചുഗലില്‍ ആവശ്യത്തിന് ചികിത്സാ സഹായം ലഭിക്കാതെ ഇന്ത്യക്കാരിയായ ഗര്‍ഭിണി മരിച്ച സംഭവം ഇതിനുദാഹരണമാണ്. ജീവനക്കാരില്ലാത്തതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയതാണ് ഇതിന് കാരണം. കോവിഡ് കാലത്തും വികസിത രാജ്യങ്ങളിലെല്ലാം ഇതായിരുന്നു അവസ്ഥ.

ഒറ്റക്കുട്ടി നയം തിരുത്തി ചൈന

100 കോടി ജനസംഖ്യയിലെത്തിയ ആദ്യ രാജ്യമാണ് ചൈന (1980). ഇപ്പോള്‍ 142 കോടിയാണ് ചൈനയിലെ ജനസംഖ്യ. അനിയന്ത്രിതമായി വളരുന്ന ജനസംഖ്യാനിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1979 ല്‍ ഒറ്റക്കുട്ടി നയം നടപ്പിലാക്കിയ ചൈന 2016 ആയപ്പോഴേക്കും അതില്‍ നിന്ന് പിന്നോട്ട് പോയി. മൂന്നു കുട്ടികള്‍ വരെ ആകാമെന്നാണ് ചൈനയുടെ ഇപ്പോളത്തെ നയം. കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ലിംഗ സന്തുലനത്തെ ബാധിച്ചിരുന്നു. മാത്രമല്ല രാജ്യത്ത് വൃദ്ധരായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തു. ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് കണ്ടതിനാണ് ചൈന നയം മാറ്റിയത്. 1.3 ആണ് ചൈനയിലെ ഇപ്പോളത്തെ ജനന നിരക്ക്.

ഒരു കുടുംബത്തിന് ഒന്നിലേറെ കുട്ടികളുണ്ടെങ്കില്‍ കനത്ത പിഴ ഈടാക്കുമെന്നതിനാല്‍ സ്ത്രീകള്‍ പലരും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഗര്‍ഭ നിരോധന ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്നത് വ്യാപകമായിരുന്നു. ഒറ്റക്കുട്ടി നയം അവരുടെ പ്രത്യുത്പാദന നിരക്കും ജനസംഖ്യാ വളര്‍ച്ചനിരക്കും ഗണ്യമായി കുറച്ചു.എന്നാല്‍ നയം മാറ്റിയിട്ടും അതിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാനായില്ല. തുടര്‍ന്ന് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറായി. യുവ ദമ്പതിമാര്‍ക്ക് നികുതി ഇളവുകള്‍, ജോലി, പാര്‍പ്പിടം, സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം എത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം.

എങ്ങനെ മറികടക്കാം

ഫെര്‍ട്ടിലിറ്റി നിരക്ക് 2.0 ആണെങ്കില്‍ ലോക ജനസംഖ്യ ഇപ്പോളുള്ള നിലയില്‍ തന്നെ തുടരും. അതായത് ഒരു ദമ്പതിമാര്‍ക്ക് കുറഞ്ഞത് രണ്ട് കുട്ടികള്‍ വേണം. പക്ഷേ വികസ്വര രാജ്യങ്ങളില്‍ ഇത് 2.1 വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനിക്കുന്ന എല്ലാ കുട്ടികളും ജീവിക്കണമെന്നില്ലന്നതും ആണ്‍കുട്ടികള്‍ കൂടുതല്‍ ജനിക്കാന്‍ സാധ്യതയുണ്ടന്നതുമാണ് ഇതിന് കാരണമായി പറയുന്നത്.

ജനസംഖ്യാ ശോഷണം അനുഭവപ്പെടുന്ന രാജ്യങ്ങളെല്ലാം കുടിയേറ്റത്തിലൂടെയാണ് നിലവില്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. ജനന നിരക്ക് കൂട്ടാന്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന രാജ്യങ്ങളുമുണ്ട്. ശമ്പളത്തോടെയുള്ള അവധി, കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍, പണം, നികുതി ഇളവ് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ നിരവധി രാജ്യങ്ങള്‍ ചെയ്യുന്നുണ്ട്. ചില രാജ്യങ്ങള്‍ ഒരു പരിധി വരെ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ജനങ്ങള്‍ ഇതിനൊടെല്ലാം വിമുഖത പ്രകടിപ്പിക്കുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയില്ലങ്കില്‍ ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ മനുഷ്യ കുലം അപ്രത്യക്ഷമായേക്കാമെന്നാണ് അമേരിക്കന്‍ ആരോഗ്യ സാമ്പത്തിക വിദഗ്ധനും ആരോഗ്യ ഗവേഷകനുമായി പ്രൊഫ. ക്രിസ്റ്റഫര്‍ മറെ പറയുന്നത്.

ഈ പറയുന്ന കണക്കുകള്‍ ഭാഗികമായി ശരിയാണെങ്കില്‍ പോലും അത് കനത്ത ആഘാതമുണ്ടാക്കുമെന്നും കുടിയേറ്റം മാത്രമാണ് അതിന് പരിഹാരമെന്നുമാണ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പ്രൊഫ. ഇബ്രാഹിം അബൂബക്കര്‍ പറയുന്നത്. അത് വിജയകരമാകണമെങ്കില്‍ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ ആ രീതിയില്‍ മാറ്റേണ്ടതുണ്ടെന്നും ലോകരാജ്യങ്ങള്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ രൂപവത്കരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

യൂറോപ്യന്‍ രാജ്യങ്ങളും യു.എസ്.എയും കാനഡയും ഓസ്‌ട്രേലിയയുമെല്ലാം കുടിയേറ്റത്തിലൂടെ പിടിച്ച് നില്‍ക്കാനുള്ള ശ്രമമാണ്. കുടിയേറ്റത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരുന്ന ജപ്പാന്‍ പോലും ഇപ്പോള്‍ നയം മാറ്റിത്തുടങ്ങി. ജനസംഖ്യയിലെ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും വയോജനങ്ങള്‍ കൂടുകയും ചെയ്തതോടെ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യമാണ് മിക്ക വികസിത രാജ്യങ്ങളിലും. അതു കൊണ്ടാണ് അവര്‍ തൊഴിലാളികളുടെ കുടിയേറ്റം വന്‍ തോതില്‍ പ്രോത്സാഹിപ്പിക്കുന്നത്. വയോജനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട ആരോഗ്യ രംഗത്തേക്കാണ് ഈ കുടിയേറ്റം കൂടുതലായി നടക്കുന്നത്.

1000 പേര്‍ക്ക് രണ്ട് കുടിയേറ്റക്കാര്‍ എന്ന നിലയിലാണ് നിലവില്‍ യൂറോപ്പിലെ കുടിയേറ്റ നയം. 1990 മുതല്‍ 2000 വരെ യൂറോപ്പില്‍ രണ്ടരക്കോടി ആളുകള്‍ കുടിയേറി. 43 ശതമാനം യൂറോപ്പില്‍ തന്നെ ജനിച്ചവര്‍, 22 ശതമാനം ഏഷ്യക്കാര്‍, 14 ശതമാനം ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ വംശജര്‍ എന്നിങ്ങെയാണ് കണക്ക്. ആഫ്രിക്കയിലെ ജനപ്പെരപ്പവും മിഡില്‍ ഈസ്റ്റിലെ ആഭ്യന്തര പ്രശ്‌നങ്ങളും യൂറോപ്പിലേക്കുള്ള കുടിയേറ്റം കൂട്ടിയിട്ടുണ്ട്. തൊഴിലാളി ക്ഷാമം പരിഹരിക്കാനായി കാനഡയും ഓസ്‌ട്രേലിയയും നയം മാറ്റിയതും അടുത്തിടയാണ്. ഈവര്‍ഷം 1,95,000 സ്ഥിരതാമസ വിസകള്‍ അനുവദിക്കുമെന്നാണ് ഓസ്ട്രലിയ അറിയിച്ചിരിക്കുന്നത്. ഇതുവരെ 35,000 ആയിരുന്നിടത്താണ് അത്. കാനഡ ഈ വര്‍ഷം നാലു ലക്ഷത്തോളം സ്ഥിര താമസ വിസകള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ആതുരശുശ്രൂഷാ മേഖലയിലെ തൊഴിലാളികളുടെ കുടിയേറ്റം പ്രോത്സാഹപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. വര്‍ധിച്ചു വരുന്ന വയോജന ജനസംഖ്യയെക്കരുതിയാണ് ഇത്.

എന്നാല്‍ ഇത്തരത്തിലുള്ള കുടിയേറ്റവും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വംശീയാക്രമണങ്ങളും സംഘര്‍ഷവും ഉണ്ടാകാന്‍ ഇവ കാരണമാകും. തികച്ചും വിഭിന്നമായ ഒരു സംസ്‌കാരത്തില്‍ നിന്ന് കുടിയേറുന്നവര്‍ സംഘടിതരാകുമ്പോള്‍ തങ്ങളുടെ സംസ്‌കാരവും ശീലങ്ങളും കുടിയേറ്റ പ്രദേശത്തും കൊണ്ടു വരാന്‍ ശ്രമിക്കും. ഇത് ഒരു എത്‌നിക് കോണ്‍ഫ്‌ളിക്ടിന് തന്നെ കാരണമായേക്കാം. മറ്റു വര്‍ഗക്കാരുടെ കൂട്ടത്തോടെയുള്ള കുടിയേറ്റം തദ്ദേശീയരെ ആശങ്കയിലാക്കും. പലയിടത്തും നടക്കുന്ന വംശീയ ആക്രമണങ്ങള്‍ ഇതിന്റെ പ്രതിഫലനങ്ങളാണ്.

ഇന്ത്യയും ജനസംഖ്യയും

ലഭ്യമായ കണക്കുകള്‍ പ്രകാരം 1,368,737,513 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം. 2027-ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് പറയുന്നതെങ്കിലും 209-21 ലെ ദേശീയ ആരോഗ്യ സര്‍വെ പ്രകാരം ഇന്ത്യയിലെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് റീപ്ലേസ്മന്റ് നിരക്കിനും താഴെ(2.0)യായിട്ടുണ്ടെന്നതാണ് വസ്തുത. 1992 ലെ ഒന്നാം സര്‍വേയില്‍ ഇന്ത്യയിലെ നിരക്ക് 3.4 ആയിരുന്നു. 20 വര്‍ഷത്തിനുള്ളിലാണ് ഇത് റീപ്ലേസ്‌മെന്റ് നിരക്കിനും താഴെയെത്തിയത്. ഇന്ത്യയില്‍ സിക്കിം (1.1) ആണ് ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം. കേരളവും തെലങ്കാനയും (1.8) ത്രിപുര (1.7)യുമാണ് തൊട്ടടുത്ത്. ബിഹാര്‍ (3), ഉത്തര്‍ പ്രദേശ് (2.4) , ജാര്‍ഖണ്ഡ് (2.3) എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഈ നിരക്ക് റീപ്ലേസ്‌മെന്റ് നിരക്കിനേക്കാള്‍ ഉയര്‍ന്ന നിലയിലുള്ളത്. ഈ സംസ്ഥാനങ്ങളിലും ഇത് വര്‍ഷം തോറുംകുറയുന്നതായാണ് സര്‍വേയില്‍ കാണുന്നത്.

ദേശീയ തലത്തില്‍ ഒരു കുടുംബാസൂത്രണ പരിപാടിയുള്ള രാജ്യമാണ് ഇന്ത്യ. ഇഷ്ടമുള്ള കുടുംബാസൂത്രണ മാര്‍ഗം തിരഞ്ഞെടുക്കാനുള്ള അവകാശവും ഇന്ത്യയില്‍ സ്ത്രീകള്‍ക്കുണ്ട്. വികസിത രാജ്യങ്ങളില്‍ 20-ാം നൂറ്റാണ്ടിന്റെ പകുതിമുതല്‍ കണ്ടുതുടങ്ങിയ ജനനനിരക്കിന്റെ കുറവ് കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ ഇന്നുണ്ടങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. അതു കൊണ്ടുതന്നെ ജനസംഖ്യ നിന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പല പാര്‍ലമെന്റ് അംഗങ്ങളും നിരവധി തവണ ഇതിനായി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവയൊന്നും പാര്‍ലമെന്റിന്റെ കടമ്പ കടന്നിട്ടില്ല. നിര്‍ബന്ധിത കുടുംബാസൂത്രണത്തെ എതിര്‍ക്കുന്നുവെന്നും എത്ര മക്കള്‍ വേണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നുമാണ് 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്ത നിലപാട്. അസം, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനസംഖ്യാ നിയന്ത്രണം നടത്തുന്ന ദമ്പതിമാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നയം കഴിഞ്ഞ വര്‍ഷമാണ് യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കേരളം എവിടെ

'നാം ഒന്ന് നമുക്ക് ഒന്ന്' എന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന തരത്തിലാണ് കേരളത്തിലെ സ്ഥിതി. പുതിയ ദേശീയ ആരോഗ്യ സര്‍വെ പ്രകാരം കേരളത്തിന്റെ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ല്‍ നടത്തിയ ആദ്യ സര്‍വേയില്‍ ഇത് 2.0 ആയിരുന്നു. ഇന്നത്തെ മലയാളി കുടുംബങ്ങളില്‍ ശരാശരി രണ്ടു കുട്ടികള്‍ തികച്ചില്ലെന്നതാണ് വസ്തുത. ഒരുകുഞ്ഞ് മാത്രമുള്ള ധാരാളം കുടുംബങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കുട്ടികള്‍ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും കൂടുകയാണ്.

ഇക്കണക്കിന് മുന്നോട്ട് പോകുകയാണങ്കില്‍ കേരളത്തില്‍ മലയാളി ഇല്ലാതാകുന്ന കാലം വരുമോ എന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല നിര്‍ണയത്തിലും ഇത് സ്വാധീനം ചെലുത്തും. അതായത് ഭരണ സംവിധാനത്തിലും നമ്മുടെ (മലയാളികളുടെ) പ്രാതിനിധ്യം കുറയാന്‍ ഇത് കാരണമാകുമെന്നര്‍ഥം. ജനന നിരക്കിലുണ്ടായ മാറ്റം മൂലമാണ് വികസിതരാജ്യങ്ങളില്‍ വയോജനങ്ങളുടെ എണ്ണം കൂടുകയും ചെറുപ്പക്കാരുടെ എണ്ണം കുറയുകയും ചെയ്തത്. അതു തന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കുടിയേറ്റവും കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് വലിയ ആകര്‍ഷണമാണ്. അതു കൊണ്ടു തന്നെ കേരളത്തിലെ അവിദഗ്ധ തൊഴില്‍ മേഖലിയില്‍ വലിയ തൊഴിലാളി ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അതിനായി അന്യ സംസ്ഥാനങ്ങളെയാണ് കേരളം ഇന്ന് ആശ്രയിക്കുന്നത്. ജോലിക്കാര്‍ക്കായി കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലും.

2001 ലെ കണക്ക് പ്രകാരം സംസ്ഥാന ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണം 9.79 ശതമാനം ആയിരുന്നു. 2011 ല്‍ അത് 12.83 ഉും 2021 ല്‍ അത് 15.63 ശതമാനവുമായി. 2026 ആകുമ്പോഴേക്ക് ജനസംഖ്യയില്‍ 20 ശതമാനം പേര്‍ 60 വയസ്സ് കഴിഞ്ഞവരായിരിക്കും. നിലവില്‍ കേരളത്തിലെ ഏകദേശം 45 ലക്ഷം ആളുകള്‍ 60 വയസ്സിനു മുകളിലാണുള്ളത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. അവരില്‍ ഭൂരിഭാഗവും വിധവകളുമാണ്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതോടെ അവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരവസ്ഥയിലേക്ക് പോയേക്കാം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് വയോജനങ്ങള്‍. ആരുടെയെങ്കിലും കാരുണ്യത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് നമ്മുടെ സമൂഹത്തില്‍ അവര്‍ക്കുള്ളത്. വയോധികരെ സന്തോഷത്തോടെ നിലനിര്‍ത്താന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് അത്യാവശ്യം. മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു നയം അവതരിപ്പിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സംസ്ഥാനത്തെ എല്ലാ വയോജനങ്ങള്‍ക്കും പരമാവധി ക്ഷേമ സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് നയം ലക്ഷ്യം വയ്ക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതോടെ നയങ്ങളില്‍ മാറ്റം വരുത്താനും പുതുക്കാനും തയ്യാറകേണ്ടതുണ്ട്. പ്രായമായവരുടെ തൊഴിലവസരങ്ങള്‍, സാമൂഹ്യ സുരക്ഷ, പെന്‍ഷന്‍ എന്നിവയാണ് വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിനു മുന്‍പിലുള്ള പ്രധാന വെല്ലുവിളി.

ജനസംഖ്യയിലുണ്ടാവുന്ന കുട്ടികളുടെ കുറവ് ഒരുപരിധിവരെ നല്ലതാണെന്ന് തോന്നാമെങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമായേക്കാമെന്ന് ഉറപ്പാണ്. വ്‌ളാദ്മിര്‍ പുതിന്‍ പറയുന്നതു പോലെ നമ്മളിലെത്രപേര്‍ അവശേഷിക്കുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നമ്മുടെ വിധിയും ചരിത്രവും നിര്‍ണയിക്കപ്പെടുക.

(കടപ്പാട്: മാതൃഭൂമി)


News Highlights: fertility rate and global population,world population is ageing,declining fertility rates and rising


No comments