Featured Posts

Breaking News

എലിസബത്ത് രാജ്ഞി വിടവാങ്ങി; ഹാരിക്കും മക്കൾക്കും ഇനി രാജകീയ പദവികൾ ഉപയോഗിക്കാം


ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചതോടെ ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും മക്കളായ ആർച്ചിക്കും ലിലിബെറ്റിനും രാജകീയ പദവികൾക്ക് ഉപയോഗിക്കാം. മക്കൾക്ക് രാജകീയ പദവികൾ നിഷേധിച്ചുവെന്ന് മേഗൻ അവകാശപ്പെട്ട് ഒരു വർഷത്തിനു ശേഷമാണ് അവർക്ക് അവരുടെ രാജകീയ പദവികൾ സാ​ങ്കേതികമായി ലഭിക്കുന്നത്. അതുപ്രകാരം ആർച്ചി മൗണ്ട് ബാറ്റൺ-വിൻഡ്സർ ഇപ്പോൾ രാജകുമാരനാണ്.

ആർച്ചിയുടെ ഇളയ സഹോദരി ലിലിബെറ്റ് ലിലി മൗണ്ട്ബാറ്റൺ-വിൻഡ്സർ, മുത്തച്ഛൻ ചാൾസിന്റെ മരണശേഷം രാജകുമാരിയാകുമെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, ഹാരിയുടെയും മേഗന്റെയും രാജപദവികളിൽ മാറ്റമൊന്നും വരില്ല.

രാജകുടുംബത്തിന് പുറത്തുനിന്നുള്ള ആളും കറുത്ത വർഗക്കാരിയുമായതിനാൽ തനിക്കും ഹാരിക്കും ജനിച്ച ആർച്ചിക്ക് രാജപദവി ഇല്ലാത്തതിനാൽ പൊലീസ് സംരക്ഷണം ലഭിക്കില്ലെന്ന് പറഞ്ഞത് ഞെട്ടലുണ്ടാക്കിയെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ മേഗൻ യു.എസ് ബ്രോഡ്കാസ്റ്റർ ആയ ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ചാൾസ് അധികാരമേറ്റാൽ ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നൽകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നതായും അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ രാജവാഴ്ചയ്ക്കുള്ള ചാൾസിന്റെ ആഗ്രഹത്തിന് അനുസൃതമായി പ്രോട്ടോക്കോളുകൾ മാറ്റാൻ സാധ്യതയുണ്ടെന്നും അവർ സൂചിപ്പിച്ചിരുന്നു. അതായത് ആർച്ചിയുടെ രാജകുമാരൻ പദവി എടുത്തുകളയാനാണ് സാധ്യത.

1917ൽ ജോർജ് അഞ്ചാമൻ രാജാവ് സ്ഥാപിച്ച നിയമം അനുസരിച്ച്, ഒരുഭരണാധികാരിയുടെ മക്കൾക്കും പേരക്കുട്ടികൾക്കും സ്വമേധയാ രാജപദവികൾ ലഭിക്കാൻ അവകാശമുണ്ട്. ചാൾസിന്റെ പിൻഗാമിയായെത്തുക അദ്ദേഹത്തിന്റെ മൂത്തമകനും ഹാരിയുടെ ജ്യേഷ്ഠനുമായ വില്യമാണ്. രാജ്ഞിയുടെ മരണത്തോടെ, പിന്തുടർച്ചാവകാശ നിയമം പുനഃക്രമീകരിച്ചു. ജോർജ് രാജകുമാരൻ (9), ഷാർലറ്റ് രാജകുമാരി (7), ലൂയിസ് രാജകുമാരൻ (4), ഹാരി രാജകുമാരൻ, മാസ്റ്റർ ആർച്ചി (3) എന്നിവരായിരിക്കും വില്യം രാജകുമാരന്റെ പിൻഗാമികൾ.

No comments