വളയത്ത് സ്റ്റീൽ ബോംബ് സ്ഫോടനം; നൊച്ചാട് സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം, കാറിന് തീയിട്ടു
കോഴിക്കോട്: വളയത്ത് സ്റ്റീൽ ബോംബ് സ്ഫോടനം. വളയം ഒ.പി മുക്കിൽ ഇന്നലെ രാത്രിയാണ് ബോംബേറ് നടന്നത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കില്ല. സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്. വളയം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് വിദഗ്ധരും സ്ഥലത്തെത്തും.
അതിനിടെ, നൊച്ചാട് സി.പി.എം പ്രവർത്തകന്റെ വീടിനുനേരെ ഒരുസംഘം ആക്രമണം നടത്തി. നൊച്ചാട് ലോക്കൽ കമ്മിറ്റി അംഗം മാരാർകണ്ടി സുൽഫിയുടെ വീടിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിട്ടു. വീട്ടുകാർ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. രണ്ട് സംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.