Featured Posts

Breaking News

ഷവർമ തയാറാക്കാൻ മാർഗരേഖ; ലൈസൻസി​ല്ലാതെ വിറ്റാൽ വൻ പിഴയും ആറു മാസം വരെ തടവും

തിരുവനന്തപുരം: ഷവർമ തയാറാക്കാനും വിൽക്കാനും പുതിയ മാർഗരേഖയുമായി സംസ്ഥാന സർക്കാർ. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽക്കുന്നത് നിയന്ത്രിക്കാനാണ് നടപടി. ഷവർമയിലൂടെ ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ലൈസൻസില്ലാതെ ഷവർമ വിറ്റാൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം വരെ തടവും ലഭിക്കും.

തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ പാടില്ല, നാല് മണിക്കൂറിന് ശേഷം ബാക്കിവന്ന ഇറച്ചി ഷവർമയിൽ ഉപയോഗിക്കരുത് തുടങ്ങിയ നിരവധി നിർദേശങ്ങളാണ് ഇതിലുള്ളത്.

നിർദേശങ്ങൾ ഇങ്ങനെ: 

വൃത്തിയുള്ള സ്ഥലത്ത് മാത്രമേ നിർമാണം നടത്താവൂ.
ഭക്ഷണമുണ്ടാക്കുന്നവർ ഹെയർക്യാപും ഗ്ലൗസും ധരിക്കണം.
ഷവർമ ഉണ്ടാക്കുന്ന സ്റ്റാൻഡുകളിൽ പൊടിയും ചളിയും പാടില്ല.
പാർസൽ നൽകുന്ന ഷവർമ പാക്കറ്റുകളിൽ നിർമിച്ച തീയതിയും സമയവും രേഖപ്പെടുത്തണം.
ഇറച്ചി മുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം.
ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്ന് മാത്രമേ വാങ്ങാവൂ.
ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഉണ്ടാകണം.
ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിട്ടും തുടർച്ചയായി വേവിക്കണം.
അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം.
ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമത് വേവിക്കണം.
ഷവർമക്കായി തയാറാക്കുന്ന പച്ചക്കറികൾ 50 പി.പി.എം (പാർട്‌സ് പെർ മില്യൺ) ക്ലോറിൻ വെള്ളത്തിൽ കഴുകിയെടുക്കണം.
പാസ്റ്ററൈസ്ഡ് മുട്ട മാത്രമേ മയണൈസ് നിർമാണത്തിന് ഉപയോഗിക്കാവൂ.
മയണൈസ് പുറത്തെ താപനിലയിൽ രണ്ട് മണിക്കൂറിലധികം വെക്കാൻ പാടില്ല.
ഉപയോഗിച്ചശേഷം ബാക്കിവരുന്ന മയണൈസ് നാലു ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം. രണ്ടു ദിവസത്തിനുശേഷം ഇത് ഉപയോഗിക്കാൻ പാടില്ല.

No comments