കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു; രണ്ടു മരണം
ബെംഗളൂരു∙ കര്‍ണാടകയിലെ ബെല്ലാരിയിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നു രണ്ടു രോഗികള്‍ മരിച്ചു. ബെല്ലാരിയിലെ വിജയനഗര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (വിംസ്) ഐസിയുവിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചതാണു ദുരന്തത്തിനിടയാക്കിയത്. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന വൃക്കരോഗി മൗലാന ഹുസൈന്‍, പാമ്പുകടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ചേട്ടമ്മ എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ 9.30ന് ജനറേറ്റര്‍ തകരാറിനെ തുടര്‍ന്നു വൈദ്യുതി വിതരണം നിലച്ചിരുന്നു. ഈ സമയത്താണ് ഇരുവരും മരിച്ചത്. അതേസമയം, വൈദ്യുതി വിതരണം നിലച്ചതും രോഗികളുടെ മരണവും തമ്മില്‍ ബന്ധമില്ലെന്നും രണ്ടു രോഗികളും അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വാഭാവിക മരണം മാത്രമാണെന്നു വിംസ് ഡയറക്ടര്‍ വിശദീകരിച്ചു. സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.