പൗരത്വ നിയമം, ആൾക്കൂട്ട കൊലപാതകം, ഡൽഹി കലാപം...; ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം പുറത്ത്
ലണ്ടൻ : നരേന്ദ്ര മോദി സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി ‘ഇന്ത്യ, ദ് മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം. ഇന്നലെ രാത്രി ബ്രിട്ടീഷ് സമയം ഒമ്പതിനായിരുന്നു (ഇന്ത്യൻ സമയം പുലർച്ചെ 1.30) ബിബിസി–ടുവിൽ ഒരു മണിക്കൂർ നീണ്ട രണ്ടാം എപ്പിസോഡിന്റെ സംപ്രേക്ഷണം നടന്നത്.
മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം നടന്ന വിവാദ സംഭവങ്ങളെല്ലാം തുറന്നുകാട്ടുന്നതായിരുന്നു ഡോക്യുമെന്ററി. ബീഫിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും കുറ്റക്കാരായവരെ രക്ഷിക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നടത്തിയ ശ്രമങ്ങളും ഡോക്യുമെന്ററിയിൽ വ്യക്തമായുണ്ട്. ജാർഖണ്ഡിലെ അലിമുദീൻ അൻസാരിയുടെ കൊലപാതക ദൃശ്യങ്ങൾ സഹിതമായിരുന്നു ലോകത്തിനു മുന്നിൽ ബിബിസി ഇക്കാര്യങ്ങൾ വിളിച്ചു പറഞ്ഞത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനായി കേന്ദ്രസർക്കാർ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ കഥ ഒന്നൊന്നായി ഡോക്യുമെന്ററിയിലുണ്ട്. രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും ഉൾപ്പെടെയുള്ള 4000 പേരെ അറസ്റ്റു ചെയ്തും ജാമ്യം നിഷേധിച്ച് ജയിലിൽ അടച്ചും നടത്തിയ കിരാതമായ പട്ടാളവാഴ്ചയുടെ കാലം വ്യക്തമായി പരമ്പരയുടെ രണ്ടാം ഭാഗം വിവരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത ദിനങ്ങളായി എണ്ണപ്പെട്ട ഈ ദിവസങ്ങളിൽ നടന്ന ലോകമറിയാത്ത മനുഷ്യാവകാശ ലംഘനങ്ങളും കൃത്യമായി ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.
ബംഗ്ലാദേശിൽ നിന്നും ആസമിലേക്ക് കുടിയേറിയ മുസ്‍ലിംങ്ങളെ ലക്ഷ്യംവച്ചുള്ള പൗരത്വ റജിസ്റ്ററും അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്കു നേരേ സർക്കാർ നടത്തിയ ക്രൂരമായ അടിച്ചമർത്തലുമാണ് രണ്ടാം എപ്പിസോഡിലെ മറ്റൊരു പ്രതിപാദ്യ വിഷയം. അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ആസാമിലെ നിരവധി മുസ്‍ലിം കുടുംബങ്ങൾ ജയിലിൽ അടയ്ക്കപ്പെട്ടതും കൊടിയ പീഡനങ്ങൾക്ക് ഇരയായതുമെല്ലാം ഇരകളുടെ വെളിപ്പെടുത്തലായി ഡോക്യുമെന്ററിയിലുണ്ട്.
ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനെ നേരിടാനായി പൊലീസ് യൂണിവേഴ്സിറ്റിയിലും കുട്ടികളുടെ ഹോസ്റ്റലിലും കയറി നടത്തിയ നരനായാട്ടും അതിന്റെ പേരിൽ ജയിലിലായി ജീവിതം തകർന്നവരുടെ കഥയുമെല്ലാം ലോകത്തിനു മുന്നിൽ മോദി സർക്കാരിന്റെ അസഹിഷ്ണുത വിവരിക്കുന്നു. 53 പേരുടെ മരണത്തിനും അഞ്ഞൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കാനും ഇടയായ ഡൽഹി കലാപത്തിന്റെ നേർക്കാഴ്ചകളും ഡോക്യുമെന്ററിയിലുണ്ട്. കലാപം അടിച്ചമർത്താനെന്ന പേരിൽ ഡൽഹി പൊലീസ് നടത്തുന്ന കലാപത്തേക്കാൾ ക്രൂരമായ പീഡനങ്ങളുടെ ദൃശ്യങ്ങൾ സഹിതമാണ് ഡോക്യുമെന്ററി ഇതെല്ലാം വിവരിച്ചത്.
ഗോദ്ര ട്രെയിൻ തീവയ്പും അതിനെത്തുടർന്നുണ്ടായ ഗുജറാത്ത് കലാപവും കലാപത്തിൽ അന്നത്തെ സർക്കാരിനെതിരെ ആരോപണങ്ങളുമായാണ് കഴിഞ്ഞയാഴ്ച സംപ്രേക്ഷണം ചെയ്ത ഒന്നാം എപ്പിസോഡ്. അത് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിനെതിരേയുള്ള നിരോധനവും വിവാദങ്ങളും കത്തിപ്പടരുന്നതിനിടെയാണ് ഇന്നലെ ഡോക്യുമെന്ററിയുടെ രണ്ടാംഭാഗവും പുറത്തുവന്നത്.