Featured Posts

Breaking News

നവവധുവിനോട് ഒടുവില്‍ നുഫൈല്‍ പറഞ്ഞു; ഇനി ഞാനുറങ്ങട്ടെ..


അരീക്കോട്:  മരിക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഫോണില്‍ സംസാരിച്ചിരുന്നു. നെഞ്ച് വേദനയുള്ളതിനാല്‍ ആശുപത്രിയിലാണെന്ന് പറഞ്ഞു. കുറച്ച് സമയം ഉറങ്ങണം, എണിക്കുമ്പോള്‍ എല്ലാം സുഖപ്പെടും. നീ പ്രാര്‍ഥിക്കെന്ന് പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. പക്ഷെ, വിചാരിച്ചില്ല ഇനി ഉണരുകയില്ലെന്ന്..’  ഉള്ളംതേങ്ങിയാണ് ഫാത്തിമ മിന്‍ഹ സംസാരിച്ചത്.

ദു:ഖഭാരം തളംകെട്ടിനിന്ന കുനിയില്‍ കൊടവങ്ങാട്ടെ മൈതാനിയില്‍ ദേശീയ പതാക പുതച്ചുകിടന്ന പ്രിയതമനെ അവസാനമായി ഒരു നോക്കു കാണാന്‍ നവവധു എത്തിയപ്പോള്‍ തീരാനോവില്‍ ആയിരങ്ങള്‍ മൗനത്തിന്റെ ഗുഹയിലാണ്ടു. നുഫൈലിന്റെ നവവധു കൊടിയത്തൂര്‍ കുളങ്ങര സ്വദേശി ഫാത്തിമ മിന്‍ഹ ചില്ലുകൂട്ടിലൂടെ പ്രിയപ്പെട്ടവനെ കണ്ടു. മരണ വാര്‍ത്തയറിഞ്ഞത് മുതല്‍ മൂന്ന് നാള്‍ അടക്കിപ്പിടിച്ച ഹൃദയവേദന തന്റെ പാതിയെ നേരില്‍ക്കണ്ടപ്പോള്‍ കണ്ണീര്‍മഴയായി. ഒന്നിച്ചുള്ള ജീവിതത്തിന്റെ ഇരുപത്തിനാലാം നാളാണ് വിധി നുഫൈലിനെ തട്ടിയെടുത്തത്.

നിക്കാഹിന് ശേഷം അവര്‍ കുറേ യാത്രകള്‍ പോയിരുന്നു. വെള്ളിയാഴ്ച അതിരപ്പിള്ളിയില്‍ പോയിരുന്നു, ശനിയാഴ്ചയാണ് വധൂ വീട്ടിലെത്തിയത്. ഞായറാഴ്ച ലഡാക്കിലേക്ക് മടങ്ങണം. ശനിയാഴ്ച രാത്രി 11.30വരെ അവരൊന്നിച്ചുണ്ടായിരുന്നു. പുതിയ വസ്ത്രം തയ്പിച്ചു. ഫാത്തിമയെ ഉടുപ്പിച്ചു. അടുത്ത മാസം കുടുംബത്തിലൊരു വിവാഹ ചടങ്ങുണ്ട്. ഈ വസ്ത്രം ധരിച്ചാകണം അതില്‍ പങ്കെടുക്കേണ്ടതെന്ന് പറഞ്ഞു.

 ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് നുഫൈല്‍ വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച സൈനിക ക്യാംപിലേക്ക് മടങ്ങുമ്പോള്‍ വിളിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ചെറിയ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. അവിടുത്തെ കൊടുംതണുപ്പില്‍ ചുമ ഉണ്ടാകാതിരിക്കാനുളള ഗുളിക നാട്ടില്‍നിന്നുതന്നെ കൈയില്‍ കരുതിയിരുന്നു. 

ബുധനാഴ്ച രാവിലെയും ഉച്ചയ്ക്കും ഫോണ്‍ വിളിച്ചു. എല്ലാം സുഖമായെന്നും പ്രയാസങ്ങളില്ലെന്നും പറഞ്ഞു. പക്ഷെ, രാത്രിയില്‍ വീണ്ടും നെഞ്ച് വേദന ഉണ്ടായി. വ്യാഴാഴ്ച രാവിലെ 8.30ന് ഫാത്തിമ വിളിച്ചു. രണ്ട് മണിക്കൂറിന് ശേഷം വീണ്ടും വിളിച്ചപ്പോഴാണ് ആശുപത്രിയില്‍ എത്തിയതായി അറിഞ്ഞത്. പിന്നെ വരുന്നത് മരണവാര്‍ത്തയാണ്.

ഈ മാസം രണ്ടിനായിരുന്നു നുഫൈല്‍ ഫാത്തിമ മിന്‍ഹയെ നിക്കാഹ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ലഡാക്കിലേക്ക് തിരിച്ചു. നാലാം നാളില്‍ ദുരന്തവാര്‍ത്ത കുടുംബത്തെ തേടിയെത്തി. തന്റെ പ്രിയപ്പെട്ടവന്റെ ജീവന് പകരമായി ഉമ്മയ്‌ക്കൊപ്പം രാജ്യത്തിന്റെ ദേശീയ പതാക സ്വീകരിക്കുമ്പോള്‍ ഫാത്തിമ മിന്‍ഹയെ ആര്‍ക്കും സമാശ്വസിപ്പിക്കാന്‍ വാക്കുകളുണ്ടായിരുന്നില്ല.

No comments