Featured Posts

Breaking News

ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിലെത്തി, ഇനി ഇറാനിലേക്ക്...


മലപ്പുറം: കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർഥാടകൻ ശിഹാബ് ചോറ്റൂരിന് വിസ അനുദവിച്ചതോടെ പാക്കിസ്ഥാനിലെത്തി. പാക്കിസ്ഥാനിൽ ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്ക്കൊപ്പം സർവസ്തുതിയും അല്ലാഹുവിനാണെന്നും പാകിസ്താനിലെത്തിയെന്നും അദ്ദേഹം കുറിച്ചു.

 പാക്കിസ്ഥാൻ വിസ അനുവദിച്ചുവെന്നും യാത്ര തുടരുമെന്നും ശിഹാബ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. പാക്കിസ്ഥാൻ വിസ നൽകാൻ വൈകിയതിനാൽ ഏകദേശം നാല് മാസത്തോളം ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്‌സ് സ്‌കൂളിലാണ് താമസിച്ചത്. പാകിസ്താന്റെ അനുമതി ലഭിച്ചതോടെ ഇനി അദ്ദേഹം ഇറാനിലേക്ക് നടക്കും.

ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാർഥന വേണം. ഇന്ത്യയിലും പാകിസ്താനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കി.

പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാൻസിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാകിസ്താൻ സന്ദർശിക്കാനാണെങ്കിൽ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകൾക്കുള്ളിൽ ലഭിക്കും. എന്നാൽ പാകിസ്താനിലൂടെ ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാൻ വൈകുന്നതെന്ന് ശിഹാബ് നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.

2023 - ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. ജൂണ്‍ രണ്ട് തുടങ്ങിയ യാത്രക്ക് പാക് വിസ കിട്ടാത്തത് തടസമായിരുന്നു. പാക് വിസ കിട്ടിയതോടെ ഇനി യാത്ര സുഗമമാകുമെന്നാണ് ഷിഹാബിന്‍റെ പ്രതീക്ഷ. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

No comments