Featured Posts

Breaking News

ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപഭോഗം 19.5GB, ഒരു വര്‍ഷം കൊണ്ട് ഇരട്ടിയാവും


ഒരു ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 19.5 ജിബിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2022ലെ കണക്കാണിത്. ഒരാള്‍ 6600 പാട്ടുകള്‍ കേള്‍ക്കുന്നതിന് തുല്യമാണിത്. ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്ക് പ്രതിമാസം 14 എക്‌സാബൈറ്റിലധികമായെന്നും (Exabytes) 3.2 ഇരട്ടി വര്‍ധനവാണുണ്ടായതെന്നും നോക്കിയയുടെ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലാകമാനമുള്ള പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2018 ല്‍ 4.5 എക്‌സാബൈറ്റ്‌സ് ആയിരുന്നത് 2022 ആയപ്പോഴേക്കും 14.4 ആയി ഉയര്‍ന്നു.

അതേസമയം, രാജ്യത്തെ ഡാറ്റാ ഉപഭോഗത്തില്‍ നൂറ് ശതമാനത്തോളം പേരും 4ജി, 5ജി ഉപഭോക്താക്കളാണ്. 2024 ഓടുകൂടി ഇപ്പോഴുള്ളതിന്റെ ഇരട്ടി ഡാറ്റാ ഉപഭോഗം ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

4ജി എല്‍ടിഇ നെറ്റ് വര്‍ക്ക് വിജയകരമായി വിന്യസിച്ചതാണ് മൊബൈല്‍ ഡാറ്റ ഉപഭോഗത്തിലെ ഈ വര്‍ധനവിന് കാരണമെന്ന് നോക്കിയയുടെ ഇന്ത്യ മാര്‍ക്കറ്റ് മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സഞ്ജയ് മാലിക്ക് പറഞ്ഞു. ഈ സ്ഥിതി 5ജിയിലൂടെ മറ്റൊരു തലത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

2022 ല്‍ ഏകദേശം 7 കോടി 5ജി ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇത് 5ജിയോടുള്ള വിപണിയുടെ താല്‍പര്യം പ്രകടമാക്കുന്നതാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള വിവിധ ആവശ്യങ്ങള്‍ 5ജി നെറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള വാണിജ്യസ്ഥാപനങ്ങളുടെ നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2027 ഓടെ സ്വകാര്യ വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള നിക്ഷേപം 25 കോടി ഡോളര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നോക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

No comments