റോബിനും ആരതിക്കും ഇത് സ്വപ്ന നിമിഷം; വിവാഹനിശ്ചയം കഴിഞ്ഞു
ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഇനി ആരതി പൊടി റോബിൻ രാധാകൃഷ്ണന് സ്വന്തം. സോഷ്യൽ മീഡിയ ഏറെ കാത്തിരുന്ന വിവാഹ നിശ്ചയമാണ് ഇന്ന് കൊച്ചിയിൽ നടന്നത്. മാസങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ആരതിയും റോബിനുമായുള്ള വിവാഹ നിശ്ചയം നടക്കുന്നത്. പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തിൽ അതിമനോഹരമാണ് ഇരുവരും. ‘ഫൈനലി’ എന്ന കുറിപ്പോടെ ഇരുവരും ചിത്രങ്ങൾ പങ്കുവച്ചു.
ഇനിയും കാത്തിരിക്കാൻ വയ്യ എന്ന കുറിപ്പോടെ മോതിരങ്ങളുടെ ചിത്രം നേരത്തെ റോബിൻ പങ്കുവച്ചിരുന്നു. റോബിൻ എന്നും പൊടി എന്നുമാണ് മോതിരങ്ങളിൽ എഴുതിയത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധിപേരാണ് ഇരുവർക്കും ആശംസകളറിയിക്കാനായെത്തിയത്.
റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതമായ റോബിൻ ഒരു ഇന്റർവ്യൂവിൽ വച്ചാണ് ആരതിയെ കാണുന്നതും തമ്മിൽ ഇഷ്ടത്തിലാകുന്നതും. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. രണ്ടു പേരും ഇഷ്ടത്തിലായ അന്നുമുതൽ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്. നിശ്ചയദിനത്തിൽ ഇരുവരും പങ്കുവച്ച ഫോട്ടോയ്ക്ക് ആശംസകളുമായി നിരവധി പേരെത്തി. ഇത് ഞങ്ങൾ കാത്തിരുന്ന നിമിഷമെന്നാണ് ആരാധകർ പറയുന്നത്.