Featured Posts

Breaking News

അദാനിയെ വിട്ട് ബിബിസിയുടെ പുറകേ: പരിഹസിച്ച് പ്രതിപക്ഷം...


ന്യൂഡൽഹി : ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. രാജ്യത്ത് ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യാണെന്ന് കോൺഗ്രസ് ആരോപിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കോൺഗ്രസ് ബിബിസി ഓഫിസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ചത്. ജയറാം രമേഷ് ഉൾപ്പെടെയുള്ള നേതാക്കളും പരിശോധനയ്‌ക്കെതിരെ രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ്, ബിബിസി ഓഫിസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയെ കോൺഗ്രസ് പരിഹസിക്കുന്നത്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോഴും, കേന്ദ്ര സർക്കാർ ബിബിസിക്കു പിന്നാലെ പോവുകയാണെന്ന് നേതാക്കൾ വിമർശിച്ചു.

‘‘ആദ്യം ബിബിസി ഡോക്യുമെന്ററി പുറത്തുവന്നു, അത് നിരോധിക്കപ്പെട്ടു. ഇപ്പോൾ ആദ്യനികുതി വകുപ്പ് ബിബിസി ഓഫിസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥ’ – കോൺഗ്രസ് ട്വീറ്റ് ചെയ്തു.

‘‘അദാനി വിഷയം അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പക്ഷേ, സർക്കാർ ബിബിസിയുടെ പിന്നാലെയാണ്. വിനാശകാലേ വിപരീതബുദ്ധി’ – കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രയും സർക്കാരിനെതിരെ രംഗത്തെത്തി. ‘‘ബിബിസിയുടെ ഡൽഹി ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുകൾ കണ്ടു. ഉള്ളതാണോ? തികച്ചും അപ്രതീക്ഷിതം’ – മൊയ്ത്ര പരിഹസിച്ചു

70 പേരടങ്ങുന്ന സംഘമാണ് ബിബിസി ഓഫിസുകളിൽ പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്. ചില ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഇവർ പിടിച്ചെടുത്തെന്നും വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിന്റെ പരിസരത്തേക്ക് എല്ലാവർക്കും പ്രവേശനം നിഷേധിച്ചു. അതേസമയം റെയ്ഡല്ല, സര്‍വേ മാത്രമാണ് നടക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ അടുത്തിടെ വൻ വിവാദമായിരുന്നു.

No comments