കുട്ടികൾ ഉണ്ടായാൽ മാറ്റി നിർത്തേണ്ട ഒന്നല്ല സെക്സ് ; കുട്ടികൾ ആയി എന്നത് സെക്സ് ആസ്വദിക്കാതിരിക്കാനുള്ള കാരണം അല്ല !
ഇന്നും എന്താണ് സെക്സ് എന്നറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്. കുട്ടികളെ ഉണ്ടാക്കുവാൻ ഉള്ള പ്രക്രിയയായി ഇതിനെ കാണുന്നവർ നമുക്കിടയിൽ ഒരുപാടുണ്ട്. മധുവിധു നാളുകളിൽ പോലും സ്വന്തം പങ്കാളിയുടെ നഗ്നത ഇരുട്ടിൽ അല്ലാതെ അനുഭവിച്ചവർ വളരെ ചുരുക്കം ആയിരിക്കും. പലപ്പോഴും വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കാത്തിരിക്കേണ്ടി വന്ന പുരുഷന്മാർ ഉണ്ട്. കാരണം അവൾക്ക് ഇത് ഭയമാണ്. എന്താണ് സെക്സ് എന്ന് അവൾക്കറിയില്ല.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുവാനായി രക്ഷകർത്താക്കൾ തന്നെ ആൺകുട്ടികളായാലും പെൺകുട്ടികളായാലും അവർക്ക് സെക്സിനെ കുറിച്ച് പറഞ്ഞു കൊടുക്കണം. തെറ്റായ അറിവുകൾ കൂട്ടുകാരിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ശരിയായ അറിവ് സ്വന്തം രക്ഷകർത്താക്കൾ തന്നെ മക്കളെ പറഞ്ഞു പഠിപ്പിക്കുന്നത്. ഭർത്താവിന് ആവശ്യമുണ്ടാവുമ്പോൾ നിർവികാരതയോടെ പലപ്പോഴും കിടന്നു കൊടുക്കുന്ന പെൺകുട്ടികളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.
“മാരിറ്റൽ റേപ്പ്” എന്ന ഓമനപ്പേര് ഇട്ട് വിളിക്കുന്ന ഈ സംഭവത്തിനെ കുറിച്ച് നമ്മൾ സിനിമയിൽ പോലും ചർച്ച ചെയ്തിട്ടുണ്ട്. ഒരു പുരുഷന് എന്താണ് വേണ്ടത് എന്ന് അവൾക്ക് അറിയില്ല. അവൾക്ക് എന്ത് വേണമെന്ന് തിരിച്ചു പുരുഷനും അറിയില്ല. ഇന്റർനെറ്റും സോഷ്യൽ മീഡിയയും എല്ലാം വിരൽതുമ്പിൽ ആസ്വദിക്കുന്ന ഈ കാലത്തെ പെൺകുട്ടികളെ കുറിച്ചാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്ന ആശ്ചര്യം ഉണ്ടാകാം. എന്നാൽ ഇപ്പോഴും ഇത്തരത്തിലുള്ള പുരുഷന്മാരും സ്ത്രീകളും നമുക്ക് ചുറ്റുമുണ്ട് എന്നതാണ് വാസ്തവം.
കിടപ്പറയിൽ അഞ്ചു മിനിറ്റിൽ ഒതുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു ഇന്ന് സെക്സ്. പുരുഷന് മാത്രം രതിമൂർച്ഛ വരുന്നത് വരെ ചെയ്യേണ്ട ഒന്നല്ല സെക്സ്. സ്ത്രീക്കും അതിന് അവകാശമുണ്ട് എന്നും ആളുകൾ മനസ്സിലാക്കുന്നില്ല. രതിമൂർച്ഛ അനുഭവിച്ച മലയാളി സ്ത്രീകൾ വളരെ കുറവായിരിക്കും. സ്വന്തം സുഖത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നവരാണ് ചില പുരുഷന്മാർ. അവർക്ക് ശുക്രസ്ഖലനം നടക്കാൻ വേണ്ടി അഞ്ചു മിനിറ്റ് മാത്രം സെക്സ് ചെയ്യുന്ന ഒരുപാട് പേരുണ്ട്.
അങ്ങനെയുള്ളവർ ഒന്നും ഭാര്യയ്ക്ക് എന്തുവേണമെന്നോ അവളുടെ ഇഷ്ടങ്ങൾ എന്താണെന്നോ അറിയാൻ ശ്രമിക്കാറില്ല. സ്വന്തം ഇഷ്ടങ്ങൾ വായ തുറന്നു പറഞ്ഞു കൂടെ എന്ന് പറയുന്ന പുരുഷന്മാർ മനസ്സിലാക്കേണ്ടത് സ്ത്രീകൾ അങ്ങനെ വെട്ടിത്തുടർന്ന് പറയണം എന്നില്ല. അവളെ സ്നേഹിച്ചും തലോടിയും ചോദിച്ചറിയാൻ ശ്രമിച്ചാൽ അവളെല്ലാം പറയും. ഇനി കുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് വിരലിൽ എണ്ണാവുന്ന തവണകളായി മാറുന്ന അവസ്ഥയാണ് ഇന്ന് കണ്ടു വരുന്നത്.
50- 60 വയസ്സായാൽ രണ്ടു കട്ടിലിൽ അല്ലെങ്കിൽ രണ്ടു മുറിയിൽ കഴിയുന്ന ഭാര്യ ഭർത്താക്കന്മാരും ഉണ്ട്. ശാരീരിക ബന്ധത്തിൽ ഏർപ്പെടുവാൻ പ്രായപരിധികൾ ഒന്നുമില്ല. എല്ലാദിവസവും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വേണ്ടി മാത്രമല്ല ഒരുമിച്ച് കിടക്കുന്നത്. പരസ്പരം കെട്ടിപ്പിടിച്ചും നെഞ്ചിലമർത്തി ഇഷ്ടങ്ങളും അനിഷ്ടങ്ങളും നാണിക്കാതെ പറയുമ്പോൾ ആണ് മനോഹരമായ ഒരു ദാമ്പത്യം ഉണ്ടാകുന്നത്.
ഒരു ജീവിതകാലം മുഴുവൻ നിങ്ങൾ കൂടെ കഴിയേണ്ട വ്യക്തിയോട് തുറന്നു സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ആ ബന്ധത്തിന് എന്തോ കുഴപ്പമുണ്ട്. കുട്ടികൾ ഉണ്ടായാൽ മാറ്റേണ്ട ഒന്നല്ല ശാരീരിക ബന്ധം. കുട്ടികളായി എന്നത് സെക്സ് ആസ്വദിക്കാതിരിക്കാൻ ഉള്ള ഒരു കാരണമല്ല.