ഇതു കൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താൻ കഴിയില്ല; ധൈര്യപൂർവം മുന്നോട്ടു പോകും
ദുബായ്: പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടി വരുമെന്നു ലുലു ചെയർമാൻ എം.എ.യുസഫലി. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡി സമൻസ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുസഫലി. സമൻസ് സംബന്ധിച്ച കാര്യങ്ങൾ വാർത്ത നൽകിയവരോടു ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താൻ കഴിയില്ല.
സമൂഹമാധ്യമങ്ങളിൽ എന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കിൽ അത് ലുലുവിന്റെ ലീഗൽ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആരോപണങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ നിന്നും നിക്ഷേപ സംരംഭങ്ങളിൽ നിന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവം മുന്നോട്ടു പോകും. സമൂഹമാധ്യമങ്ങളിൽ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്ന് യൂസഫലി.
310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നൽകുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം ദുബായിൽ പറഞ്ഞു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരൻ വിജേഷ് പിള്ള സമീപിച്ചതായി കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. അനുസരിച്ചില്ലെങ്കിൽ വകവരുത്തുമെന്നു പറയാൻ എം.വി.ഗോവിന്ദൻ നിർദേശിച്ചെന്നും യുഎഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളിൽ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസിൽ കുടുക്കുമെന്നും വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചിരുന്നു.