Breaking News

ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നത് ഏതു സാഹചര്യത്തിൽ?; സർജറിക്ക് ശേഷമുള്ള ജീവിതം എപ്രകാരം?


സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ആശങ്കയുണ്ടാക്കുന്ന ഒന്നാണ് ഹിസ്ട്രക്റ്റമി അഥവാ ​ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ. മറ്റ് ചികിത്സകളെല്ലാം പരാജയപ്പെടുകയോ ജീവനുതന്നെ ഭീഷണിയാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ​ഗർഭപാത്രം എടുത്തുകളയുക എന്ന തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്താറുള്ളത്. പക്ഷെ, വണ്ണം കൂടൽ, മുടികൊഴിച്ചിൽ, നടുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നോർത്ത് വളരെയധികം മനഃപ്രയാസത്തോടെയാണ് സ്ത്രീകൾ ഹിസ്ട്രക്റ്റമിയെ സമീപിക്കുന്നത്. ​ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയക്കുറിച്ചും പൊതുവെ പറഞ്ഞുകേൾക്കുന്ന ആശങ്കകളുടെ യാഥാർഥ വശങ്ങളെക്കുറിച്ചും ഡോ. ഷമീമ അൻവർ സാദത്ത്(സീനിയർ കൺസൾട്ടന്റ്, ആസ്റ്റർ വിമൺ, ഹെൽത്ത്) സംസാരിക്കുന്നു.

ഗർഭപാത്രം നീക്കം ചെയ്യുക എന്നത് അവസാനത്തെ ഓപ്ഷൻ

​ഗർഭപാത്രം നീക്കം ചെയ്യുന്നത് കൂടിവരുന്നു എന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട് കാരണം, വൈദ്യശാസ്ത്രരം​ഗം ഏറെ പുരോ​ഗമിച്ചു കഴിഞ്ഞു. ​ഗർഭപാത്രവുമായി ബന്ധപ്പെടുന്ന അസുഖങ്ങൾക്കുള്ള ആദ്യത്തെ പ്രതിവിധി ഒരിക്കലും ​ഗർഭപാത്രം നീക്കം ചെയ്യലല്ല. മറ്റ് ചികിത്സാവിധികളല്ലാം പരാജയപ്പെടുന്നിടത്തോ രോ​ഗിയുടെ ജീവ തന്നെ അപകടത്തിലാവുന്ന ഘട്ടത്തിലോ ആണ് ​ഗ‍ർഭപാത്രം നീക്കം ചെയ്യുകയെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അമിതമായ ആർത്തവ രക്തസ്രാവം, ​ഗർഭാശയ മുഴകൾ, സിസ്റ്റുകൾ, അഡിനോ മയോസിസ്, എൻഡോ മെട്രിയോസിസ്, കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാവുന്ന സാ​ഹചര്യത്തിലാണ് ​ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരാറ്.

ചില സാഹചര്യങ്ങളിൽ പ്രസവത്തോടെ ​ഗർഭപാത്രം എടുത്ത് കളയേണ്ട സ്ഥിതി വരാറുണ്ട്. പ്രസവശേഷം രക്തസ്രാവം നിൽക്കാതെയാവുമ്പോഴാണ് ഇത് ചെയ്യാറുള്ളത്. ഈ പറഞ്ഞവയൊക്കെ തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണ്‌. ഒരു ഫൈബ്രോയിഡ് കണ്ടാൽ ഉടൻ ​ഗർഭപാത്രം എടുത്തുകളേയണ്ടി വരുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാൽ, എല്ലാ ഫൈബ്രോയിഡുകളും ​ഗർഭപാത്രം നീക്കം ചെയ്യലിന് കാരണമാവില്ല എന്നതാണ് യാഥാർഥ്യം. ബ്ലീഡിങ്ങിന് ഉള്ള രോ​ഗികൾക്ക് പലതരം ഹോ‍ർമോണൽ മരുന്നുകൾ ഇപ്പോൾ ഉണ്ട്. ഫൈബ്രോയിഡ് ആയാൽ പോലും ​ഗർഭപാത്രം നീക്കം ചെയ്യണ്ട എന്ന ആ​ഗ്രഹം രോ​ഗിക്ക് ഉണ്ടെങ്കിൽ അതിന് ഉള്ള യൂട്രാഎൻ ഫൈബ്രോയിഡ് എംപ്ലോയിസേഷൻ പോലുള്ള മെത്തേഡുകൾ ഉപയോ​ഗിക്കാവുന്നതാണ് എന്നാൽ, ഇത് എല്ലാ രോ​ഗികളിലും പ്രായോ​ഗികമാവണം എന്നില്ല. രോ​ഗാവസ്ഥ, രോ​ഗിയുടെ ശാരീരികാവസ്ഥ എന്നിവയൊക്കെ നോക്കിയാണ് ചികിത്സ നിർണയിക്കുക. ​ഇത്തരം ചികിത്സാ രീതികൾ പ്രയോജനപ്പെടാതിരിക്കുകയും ​ജീവന് അപകടം ഉണ്ടാവുകയും ചെയ്യുന്ന സാ​ഹചര്യങ്ങളിലാണ് ​ഗർഭപാത്രം എടുത്തു കളയുകയെന്ന തീരുമാനം എടുക്കുക.

​ഗർഭാശയം നീക്കം ചെയ്യുന്നത് രണ്ട് തരത്തിൽ

​ഗർഭപാത്രം മാത്രം നീക്കം ചെയ്യുക അല്ലെങ്കിൽ ​ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുക എന്നതാണ് ഹിസ്ട്രക്ടമിയുടെ രണ്ട് രീതികൾ. മുമ്പ് വയറുകീറിയുള്ള ശസ്ത്രക്രിയാരീതി മാത്രമാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോ​ഗതിയോടെ ലാപ്രോസ്കോപ്പി പോലെ ശസ്ത്രക്രിയക്ക് ശേഷമുള്ള സങ്കീർണതകൾ കുറയ്ക്കുന്ന രീതികൾ കൂടി പ്രചാരത്തിലുണ്ട്‌. ഇതിൽ ഏറ്റവും എളുപ്പം മുറിവ് ഉണങ്ങുന്നതും വേദനയും ബ്ലീഡിങ്ങും കുറവ് ആയിരിക്കുന്നതും ലാപ്രോസ്കോപ്പി അല്ലെങ്കിൽ കീഹോൾ സ‍ർജറിയിൽ ആണ്. മൂന്നാം ദിവസം ആശുപത്രിയിൽനിന്ന് വീട്ടിലേക്കു പോവാനും ശസ്ത്രക്രിയയുടെ പിറ്റേ ദിവസം മുതൽ തന്നെ രോഗിക്ക് കുനിയാനും നടക്കാനും ഒരാഴ്ച കഴിഞ്ഞാൽ സാധാരണ പോലെ ജീവിതശൈലി പിന്തുടരാനും കഴിയും. പക്ഷെ, വലിയ മുഴകളൊക്കെ ഉണ്ടാവുന്ന സാ​ഹചര്യങ്ങളിൽ ലാപ്രോസ്കോപ്പി പ്രായോ​ഗികമാവണമെന്നില്ല.‌

യോനിയിലൂടെ നടത്തുന്ന സർജറിയാണ് മറ്റൊന്ന്. ലാപ്രോസ് കോപ്പി പോലെ തന്നെ വയറിൽ വലിയ മുറിവ് ഇല്ലാത്തതിനാൽ വജൈനൽ ഹിസ്ട്രക്ടമിയും ​ശസ്ത്രക്രിയക്ക് ശേഷം രോ​ഗിക്ക് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതല്ല. വലിയ മുറിവുകൾ ഉണ്ടാവില്ല എന്നതിനാൽ രോ​ഗിക്ക് എളുപ്പം ഭേദമാകാൻ സാധിക്കും. പണ്ടു മുതലേയുള്ള രീതിയാണ് അടിവയറിന് താഴെയായി മുറിവ് ഉണ്ടാക്കി ​ഗർഭപാത്രം നീക്കം ചെയ്യുക എന്നത്. ഈ ശസ്ത്രക്രിയ ചെയ്താൽ നീളത്തിലുള്ള മുറിവിനടുത്തു ചെറിയ വേദന ഉണ്ടായേക്കാം. അഞ്ച് ദിവസം വരെ ആശുപത്രിയിൽ കഴിയേണ്ടിയും വരാം. ചെരിയുമ്പോഴും എഴുന്നേൽക്കുമ്പോഴും അടിവയറിന്റെ ഇരുവശങ്ങളിലും വേദന അനുഭവപ്പെട്ടേക്കാം.

സർജറിയ്ക്ക് ശേഷമുള്ള വിശ്രമരീതിയാണ് പൊണ്ണത്തടിയിലേക്ക് പ്രധാനമായും നയിക്കുക

​ഗർഭപാത്രം നീക്കം ചെയ്ത ശേഷം നടുവേദന, വണ്ണം വെക്കൽ, അമിത വിയർപ്പ് തുടങ്ങിയ പ്രശ്നങ്ങളുണ്ടായി എന്ന് പറയുന്നവരുണ്ട്. ​ഗർഭപാത്രം നീക്കം ചെയ്തത് കൊണ്ടല്ല ശസ്ത്രക്രിയക്ക് ശേഷം പിന്തുടരുന്ന തെറ്റായ രീതികൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത്. വണ്ണം വെക്കലും നടുവേദനയും പരസ്പരം ബന്ധപ്പെട്ട് ‌കിടക്കുന്ന കാര്യങ്ങളാണ്. സർജറിയ്ക്ക് ശേഷം കിടക്കയിൽ തന്നെ കിടക്കുന്നതാണ് മിക്ക സ്ത്രീകളും പിന്തുടരുന്ന രീതി. സർജറി കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ രോ​ഗിയോട് നടക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നതെങ്കിലും മൂന്ന് മാസം ബെഡിൽ തന്നെ കിടന്ന് വിശ്രമിക്കുക എന്ന രീതിയാണ് നല്ലൊരു ശതമാനം പിന്തുടരുന്ന രീതി. അതോടുകൂടി തന്നെ വണ്ണം വെക്കുകയും മസിലുകൾ വീക്ക് ആവുകയും എഴുന്നേറ്റ് നടക്കുമ്പോൾ നടുവേ​ദന തോന്നുകയും ഒക്കെ ചെയ്യും. അത് പോലെ തന്നെ പ്രസവാനന്തരം ചെയ്യുന്ന പോലെ പല തരം മരുന്നുകളും നൽകും. ഇത് ശരീരഭാരം വീണ്ടും കൂടുന്നതിന് കാരണമാവും. ശസ്ത്രക്രിയ്ക്ക് ശേഷം വളരെ സജീവമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആളുകൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറില്ല.

ഓവറി എടുത്ത ആളുകളിൽ അമിത വിയർപ്പ് കണ്ടുവരാറുണ്ട്. പെട്ടെന്ന് ഹോർമോൺ വ്യത്യാസങ്ങൾ വരുന്നത് കൊണ്ടാണ് ആർത്തവവിരാമത്തിന് ശേഷം വരുന്നതു പോലെയുള്ള ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. നന്നായി വിയർക്കുക, തണുക്കുക, അങ്ങനെ ഒക്കെയുള്ള കാര്യങ്ങൾ ചിലപ്പോൾ ആർത്തവവിരാമം വന്നവർക്കുളളതിനേക്കാൾ അധികമായും കാണാം. ഹോട്ട് ഫ്ലഷസ് കൂടുതൽ ആണെങ്കിൽ ഹോ‍ർമോൺ ചികിത്സ എടുക്കുന്നതിൽ തെറ്റില്ല, വല്ലാത്ത ഹോർമോണൽ പ്രശ്നം ഉള്ളവർക്ക് ചെറിയ ഡോസ് ഹോ‍‍ർമോണൽ മരുന്നുകൾ കഴിക്കാം. അത് കഴിക്കാൻ പറ്റാത്തവരും ഉണ്ടാവുമെന്നതിനാൽ തന്നെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാവൂ. മുടി കൊഴിച്ചിൽ ന്യൂട്രീഷ്യൻ പ്രശ്നം കൊണ്ടോ അല്ലെങ്കിൽ മാനസിക സമ്മർദം കൊണ്ടോ ഒക്കെ ഉണ്ടാവാം. സമ്മർദകരമായ ആർത്തവം കഴിഞ്ഞാൽ മുടി നന്നേ കൊഴിയും. അത് കഴിഞ്ഞാൽ അത് വീണ്ടും തിരിച്ച് വരും, അതില്ല എങ്കിൽ ന്യൂട്രീഷണൽ കാര്യങ്ങൾ കൂടി നോക്കേണ്ടി വരും വൈറ്റമിൻ ഡി, കാൽസ്യം, ബി കോംപ്ലക്സ് തുടങ്ങിയവയുടെ അഭാവം ഇല്ലെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.

സർജറി കഴിഞ്ഞ് രണ്ടാം ദിവസം മുതൽ നടന്ന് തുടങ്ങാം, ബാലൻസ് ഡയറ്റ് പിന്തുടരാം

സർജറി കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതൽ രോ​ഗിക്ക് നടന്നു തുടങ്ങാം. അത്യാവശ്യം കുനിഞ്ഞു നിവരുന്നതിലോ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നതിലോ ഒന്നും തെറ്റില്ല. ഒന്നര മാസത്തേക്ക് ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല, ഓപ്പൺ സർജറി ആണെങ്കിൽ മൂന്ന് മാസത്തോളം അമിതഭാരം എടുക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ​ഡോക്ടർമാർ നിർദേശിക്കാറുള്ളത് . അതല്ലാതെ പൂർണമായും കിടന്നുകൊണ്ടുള്ള വിശ്രമത്തിന്റെ ആവശ്യമില്ല. ​ഗർഭപാത്രം നീക്കം ചെയ്ത ആളുകൾ സർജറി ചെയ്തു എന്നതുകൊണ്ട് മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല. ബ്ലീഡിങ് ഉണ്ടായിരുന്ന ആളുകൾ ആണെങ്കിൽ രക്തക്കുറവ് ഉണ്ടാവും. അയേൺ റിച്ച് ആയുള്ള ഭക്ഷണം കഴിക്കാനാണ് ഇത്തരം ആളുകൾ ശ്രദ്ധിക്കേണ്ടത്. അണ്ഡാശയം എടുത്ത ആളുകൾ ആണെങ്കിൽ കാത്സ്യം, വിറ്റമിൻ ഡി എടുക്കുന്നത് നല്ലതാണ്. ഇത്തരം പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഹെൽത്തി ബാലൻസ്ഡ് ഡയറ്റ് അതായത് പ്രായത്തിനനുസരിച്ച് ഒരു സ്ത്രീ പിന്തുടരേണ്ട ഭക്ഷണക്രമം പാലിച്ചാൽ മതി.

ശസ്ത്രക്രിയക്ക് മുമ്പ് കൗൺസിലിങ് പ്രധാനം

​ഗർഭപാത്രം നീക്കം ചെയ്യുന്നതോടെ സ്ത്രീത്വം തന്നെ നഷ്ടപ്പെട്ടുവെന്നു കരുതുന്നുവർ ഉണ്ട് സ്ത്രീത്വം നിലനിൽക്കുന്നത് ​ഗർഭപാത്രത്തെ മാത്രം ആശ്രയിച്ചിട്ടല്ല എന്ന് ഇത്തരക്കാരെ പറഞ്ഞ് മനസ്സിലാക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. രോ​ഗിയുമായി സംസാരിച്ച് അവരുടെ എല്ലാ ആശങ്കകളും ദുരീകരിക്കുക എന്നതാണ് ആദ്യം ചെയ്യുന്നത്. അണ്ഡാശയം നീക്കം ചെയ്യുന്നില്ല എങ്കിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവില്ലെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ സാധാരണ രീതിയിൽ ഉണ്ടാവാറില്ലെന്നും രോ​ഗികളെ പറഞ്ഞ് ബോധ്യപ്പെടുത്തും. 40, 42 വയസ്സിലൊക്കെ ​അണ്ഡാശയം നീക്കം ചെയ്യേണ്ടി വന്നാൽ അവർക്ക് ഹോട്ട് ഫ്ലാഷസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്, അതിനുള്ള ഹോർമോൺ റീ പ്ലേസ്മെന്റ് തെറാപ്പിയെ കുറിച്ചും രോ​ഗികളെ പറഞ്ഞ് മനസ്സിലാക്കും.

No comments