ചികിത്സക്കെത്തിയ 28കാരന്‍റെ ജനനേന്ദ്രിയം രോഗിയുടെ അനുവാദമില്ലാതെ നീക്കം ചെയ്തു..
ഗുവാഹാട്ടി: ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിന്റെ ജനനേന്ദ്രിയം രോഗിയുടെ അനുമതിയില്ലാതെ നീക്കം ചെയ്തതായി പരാതി. അസമിലെ സില്‍ചാറിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇരുപത്തിയെട്ടുകാരനാണ് ദുരനുഭവമുണ്ടായത്. ബയോപ്‌സി പരിശോധനയ്ക്കിടെയാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മണിപ്പുരിലെ ജിരിബാം സ്വദേശിയായ അതികുര്‍ റഹ്‌മാന്‍ സില്‍ചാറിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കെത്തിയത്. ബയോപ്‌സി പരിശോധനയ്ക്ക് ശേഷമാണ് തന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി റഹ്‌മാന്‍ തിരിച്ചറിഞ്ഞത്. തന്റെ അനുവാദമില്ലാതെ അവയവം നീക്കം ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചികിത്സിച്ച ഡോക്ടറും ഒളിവിലാണ്.
താന്‍ നിസ്സഹായനാണെന്നും എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നും തന്റെ ജീവിതം അവസാനിച്ചുവെന്നും റഹ്‌മാന്‍ പറയുന്നു. ഡോക്ടറെ പലതവണ വിളിച്ചുവെങ്കിലും അയാള്‍ പ്രതികരിച്ചിട്ടില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടു.