Featured Posts

Breaking News

സുന്നി ഐക്യത്തിന് ആരാണ് തടസ്സം? വഴിത്തിരിവായത് സാദിഖലി തങ്ങളുടെ സന്ദർശനം...


മലബാറിലെ സാമുദായിക രാഷ്ട്രീയ രംഗത്തെ ഏറ്റവും പുതിയ ചർച്ച സുന്നി ഐക്യവും അതുണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുമാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ബലി പെരുന്നാൾ ദിനത്തിൽ നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളോടെയാണ് ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചത്. സുന്നി ഐക്യം വലിയ ആഗ്രഹമാണെന്ന് തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവന സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസല്യാരും സ്വാഗതം ചെയ്തതോടെയാണ് ഏറെക്കാലത്തെ സുന്നി ഐക്യമെന്ന ആവശ്യം വീണ്ടും സജീവ ചർച്ചയിലേക്ക് എത്തിയത്.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പ്രസ്താവനകളെ സ്വാഗതം ചെയ്യുകയും ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തയാറാണെന്നു കൂടി അറിയിക്കുകയും ചെയ്തതോടെ വിഷയം വെറും വാക്കുകളിൽ ഒതുങ്ങുന്നില്ലെന്ന സൂചനയാണ് നൽകുന്നത്.

ഇകെ വിഭാഗമായും എപി വിഭാഗമായും പിരിഞ്ഞിരിക്കുന്ന ഇരു സുന്നികളും ഒരുമിച്ചാൽ അത് മലബാറിലെ സാമുദായിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉണ്ടാക്കുന്ന ചലനങ്ങൾ വലുതായിരിക്കും. രാഷ്ട്രീയപരമായി മുസ്‌ലിം ലീഗിന് വലിയ നേട്ടമുണ്ടാകുമെന്നു വിലയിരുത്താമെങ്കിലും അതുണ്ടാക്കുന്ന രാഷ്ട്രീയ വികാസങ്ങൾ വലുതായിരിക്കും.

രണ്ട് സുന്നി വിഭാഗങ്ങൾ

കേരളത്തിലെ മഹാ ഭൂരിപക്ഷം വരുന്ന മുസ്‌ലിം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കേരളത്തിലെ മുസ‌്‌ലിം സമുദായത്തിലെ പരമോന്നത പണ്ഡിത സഭയായാണ് സമസ്തയെ കണക്കാക്കുന്നത്. 1926ൽ കോഴിക്കോട് വച്ചാണ് വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹ്മദ് കുട്ടി മുസല്യാർ തുടങ്ങിയ ഒട്ടേറെ മികച്ച പണ്ഡിതരുടെ നേതൃത്വത്തിൽ സമസ്ത രൂപീകരിക്കപ്പെടുന്നത്. 40 പണ്ഡിതർ അടങ്ങുന്ന മുശാവറ (കൂടിയോലോചന സമിതി) അംഗങ്ങളാണ് സമസ്തയിലെ ഉന്നത നേതൃത്വം.

സാമുദായികമായി ഏറെ ശക്തിയാർജിച്ച സമസ്ത 1989 ലാണ് വലിയ പിളർപ്പിനെ നേരിടുന്നത്. സംഘടനാ പ്രശ്നങ്ങളും ലീഗുമായും മറ്റും ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളുടെ പേരിലുള്ള തർക്കവും സമസ്തയുടെ പിളർപ്പിലേക്ക് വഴിവച്ചു. ഇ.കെ.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന ഇകെ വിഭാഗവും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന എപി വിഭാഗവുമായാണ് വേർപിരിഞ്ഞത്. എപി വിഭാഗം സമസ്തയിൽ നിന്നു പിരിഞ്ഞു പുതിയ സംഘടനയുണ്ടാക്കിയതോടെ സുന്നി സമൂഹം രണ്ടായി വിഭജിക്കപ്പെട്ടു. പോഷക സംഘടനകളും സ്ഥാപനങ്ങളും പള്ളികളുമെല്ലാം രണ്ട് വിഭാഗത്തിന്റെ കീഴിലേക്ക് മാറി. പിന്നീട് മത്സരിച്ച് പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചും പോഷക സംഘടനകൾ വളർത്തിയും ഇരു സംഘടനകളും കേരളത്തിലെ വലിയ സംഘടനകളായി മാറി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ

സമസ്ത എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത് ഇകെ വിഭാഗം സമസ്തയാണ്. ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റും ആലിക്കുട്ടി മുസല്യാർ ജനറൽ സെക്രട്ടറിയും കൊയ്യോട് ഉമ്മർ മുസല്യാർ ട്രഷററുമായ കമ്മിറ്റിയാണ് ഇപ്പോൾ നയിക്കുന്നത്. അന്തരിച്ച മുൻ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമസ്തയുടെ ഉപാധ്യക്ഷനായിരുന്നു. വിദ്യാർഥി സംഘടനയായ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്കെഎസ്എസ്എഫ്), വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് (എസ്കെഐഎംവിബി), യുവാക്കളുടെ സംഘടനയായ സുന്നി യുവജന സംഘം (എസ്‌വൈഎസ്) തുടങ്ങി ഒട്ടേറെ പോഷക സംഘടനകളും ഉപ പോഷക സംഘടനകളും ഇന്ന് സമസ്തക്കുണ്ട്. ആയിരക്കണക്കിന് മഹല്ലുകളും പതിനായിരക്കണക്കിന് മദ്രസകളും സമസ്തയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

പരമ്പരാഗതമായി മുസ്‌ലിം ലീഗിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് സമസ്തക്കുള്ളത്. പ്രത്യക്ഷത്തിൽ രാഷ്ട്രീയ ആഭിമുഖ്യമോ താൽപര്യമോ ഇല്ലെങ്കിലും സമസ്തയുടെ ഭൂരിഭാഗം അണികളും മുസ്‌ലിം ലീഗിനെയും അതുവഴി യുഡിഎഫിനെയും പിന്തുണക്കുന്നവരാണ്. പല സമയങ്ങളിലും സമസ്തയുടെ എതിർപ്പ് മൂലം സീറ്റ് നിഷേധവും മറ്റു നിലപാട് മാറ്റങ്ങളും ലീഗിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഈ അടുത്ത് സമസ്ത സിപിഎമ്മുമായി അടുക്കുന്നെന്നും മറ്റും വാദങ്ങളുണ്ടായിരുന്നു. ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ടു മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതും വഖഫ് വിഷയത്തിൽ ലീഗിന്റെ തീരുമാനത്തോട് വിയോജിച്ചതുമെല്ലാം ഇരു വിഭാഗവും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന വാദത്തിലേക്ക് നയിച്ചിരുന്നു.

ഈ അടുത്ത് ഉണ്ടായ സമസ്ത–സിഐസി പ്രശ്നവും ലീഗിനെ ആശങ്കയിലാക്കിയിരുന്നു. ഇരു വിഭാഗവും ലീഗിന്റെ ഉറച്ച വോട്ട് ബാങ്കായതിനാൽ സമസ്ത–സിഐസി പ്രശ്ന പരിഹാരത്തിന് ലീഗാണ് മുൻകൈ എടുത്തത്. സമസ്തയുടെ മിക്ക സ്ഥാപനങ്ങളുടെയും തലപ്പത്തും മഹല്ലുകളുടെ ഖാസി സ്ഥാനത്തും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും മറ്റു പാണക്കാട് തങ്ങൾമാരുമാണുള്ളത്. അണികൾ ഇരു സംഘടനകളിലും പ്രവർത്തിക്കുന്നവരായതിനാലും ലീഗിനെ ഒഴിവാക്കി സമസ്തക്കോ സമസ്തയെ ഒഴിവാക്കി ലീഗിനോ മുന്നോട്ടു പോകാൻ കഴിയില്ല.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ

1989 ൽ സമസ്തയിൽ ഉണ്ടായ പിളർപ്പിനെ തുടർന്നാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ രൂപം കൊള്ളുന്നത്. എപി വിഭാഗം സമസ്തയെന്ന പേരിൽ അറിയപ്പെടുന്ന ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് പിളർപ്പിന്റെ സമയത്ത് മുശാവറ അംഗമായിരുന്ന കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ. കോഴിക്കോട് മർകസാണ് സംഘടനയുടെ ആസ്ഥാനം. യുവജന സംഘടനയായ സുന്നി യുവജന സംഘം, വിദ്യാർഥി സംഘടനയായ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ, സുന്നി വിദ്യാഭ്യാസ ബോർഡ് തുടങ്ങി ഒട്ടേറെ പോഷക സംഘടനകൾ എപി വിഭാഗത്തിനുമുണ്ട്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ഒരു പോഷക സംഘടനയാണ് കേരള മുസ‌്‌ലിം ജമാഅത്ത്. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ തന്നെയാണ് ഇതിന്റെ പ്രസിഡന്റ്. ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളാണ് ജനറൽ സെക്രട്ടറി. മർകസ്, നോളജ് സിറ്റി തുടങ്ങി മത ഭൗതിക മേഖലകളിൽ ഒട്ടേറെ സ്ഥാപനങ്ങൾ ഇന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി എപി വിഭാഗത്തിനുണ്ട്. ഇകെ വിഭാഗം ലീഗിനൊപ്പം അണിനിരന്നപ്പോൾ സിപിഎമ്മിനൊപ്പം അണിനിരന്നവരാണ് എപി വിഭാഗം. മുസ്‌ലിം ജനസാമാന്യത്തിൽ ഇടതു പക്ഷത്തിന് വേരോട്ടം ഉണ്ടായതും മലബാറിൽ പല സീറ്റുകളിലും വിജയം നേടിയതും എപി വിഭാഗം പിന്തുണച്ചു തുടങ്ങിയതോടെയാണ്. ഇടതു ഭരണത്തിൽ പല സ്ഥാനങ്ങളും ഇതോടെ എപി വിഭാഗത്തിന് ലഭിച്ചിരുന്നു. ചില സമയങ്ങളിലെങ്കിലും പ്രത്യക്ഷമായ രാഷ്ട്രീയ യുദ്ധത്തിലേക്കും ഇത് വഴിവച്ചിരുന്നു.

ഐക്യ ശ്രമങ്ങൾ വിജയിക്കുമോ

പതിറ്റാണ്ടുകളായി നീണ്ടു നിൽക്കുന്ന സുന്നികൾക്കിടയിലെ ഭിന്നത പരിഹരിക്കണമെന്ന ആവശ്യം പലപ്പോഴായി ഉയർന്നു വരാറുണ്ട്. പല മഹല്ലുകളിലും സ്ഥാപനങ്ങളിലും അധികാരത്തിന്റെ പേരിൽ തർക്കം രൂക്ഷമാവുകയും ആക്രമണത്തിലേക്ക് വരെ വഴി മാറുകയും ചെയ്തിട്ടുമുണ്ട്. കുറച്ചു കാലം മുൻപ് വരെ ഇരുവിഭാഗം അണികളും തമ്മിൽ പോർവിളികളും വെല്ലുവിളികളും വരെ സജീവമായിരുന്നു. മാധ്യമ അഭിമുഖങ്ങളിൽ സുന്നി ഐക്യത്തിന് വേണ്ടി രണ്ട് വിഭാഗം നേതാക്കളും വാദിക്കാറുണ്ടെങ്കിലും പ്രായോഗിക തലത്തിലേക്ക് എത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം പുറത്ത് വന്ന കാന്തപുരം എ.പി.അബൂബക്കർ മുസല്യാരിന്റെ അഭിമുഖത്തിൽ സുന്നി ഐക്യത്തെ കുറിച്ചും മുസ്‌ലിം ലീഗുമായി യോജിച്ചു പോകുന്നതിനെ കുറിച്ചും അഭിപ്രായം പങ്കു വച്ചതോടെയാണ് വിഷയം വീണ്ടും സജീവമായത്. മുസ‌്‌ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ച് കാന്തപുരത്തിന്റെ വാക്കുകൾ: ‘‘മുസ്‌ലിം ലീഗുമായി ഒരുമിച്ചു പോകുന്നതാണ് നല്ലതെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. അസുഖ ബാധിതനായിരുന്ന സമയത്ത് ബഹുമാനപ്പെട്ട പാണക്കാട് സാദിഖലി തങ്ങളും മറ്റുള്ള പാണക്കാട്ടെ തങ്ങൻമാരും സന്ദർശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബും വന്നിരുന്നു. ഒന്നിച്ചു പോകുന്നതിലൂടെയെ പുരോഗതിയും നന്മയും സാധ്യമാകൂ’’.

സുന്നി ഐക്യം സംബന്ധിച്ച്, ‘‘എനിക്ക് അതിയായ ആഗ്രഹമുണ്ട്. എല്ലാവരുമായും യോജിച്ചു പോകാൻ താൽപര്യമുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കും അതാണ് നല്ലത്. ആരാണ് തടസ്സം നിൽക്കുന്നത് എന്നറിയില്ല. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായും നല്ല ബന്ധമാണുള്ളത്’’ എന്നാണ് കാന്തപുരം പറഞ്ഞത്.

തുടർ ചലനങ്ങൾ ഉണ്ടാവും

പ്രസ്താവനയെ സ്വാഗതം ചെയ്ത് സമസ്തയും ലീഗും ഉടൻ തന്നെ രംഗത്തെത്തി. കാന്തപുരത്തിന്റെ പ്രസ്താവന കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലീഗ് ന്യൂനപക്ഷത്തിന്റെ പൊതു പ്ലാറ്റ്ഫോം ആണെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. സമസ്ത എക്കാലവും സുന്നി ഐക്യത്തിനായുള്ള വ്യവസ്ഥാപിതമായ ഏതു നിർദേശവും സ്വാഗതാർഹമാണെന്നായിരുന്നു സമസ്ത നേതാക്കളുടെ പ്രതികരണം. പ്രസ്താവനയക്ക് ശേഷം അബ്ദു സമദ് സമദാനി എംപി കാന്തപുരത്തെ മർകസിൽ പോയിക്കാണുകയും ചെയ്തിരുന്നു. മധ്യസ്ഥ ചർച്ചയ്ക്ക് മുൻകൈ എടുക്കാൻ തയാറാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ അറിയിച്ചതോടെ ചർച്ചകൾ മുന്നോട്ടാണെന്ന് വ്യക്തം.

No comments