Featured Posts

Breaking News

5,000 രൂപ നൽകിയില്ല: അമ്മയെ കൊന്ന് സ്യൂട്ട്കേസിലാക്കി ട്രെയിൻ യാത്ര; പ്ലസ് ടു വിദ്യാർഥി പിടിയിൽ


പ്രയാഗ്‌രാജ്: 5,000 രൂപ നൽകാൻ വിസമ്മതിച്ചതിന് അമ്മയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി യുവാവ്. ഹരിയാനയിലെ ഹൻസിയിലാണ് സംഭവം. ബിഹാർ സ്വദേശിനിയായ പ്രതിഭാ ദേവി(42) ആണ് കൊല്ലപ്പെട്ടത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായk ഹിമാൻഷു കുമാറാണ്(20) മാതാവിനെ കൊലപ്പെടുത്തിയ കേസിൽ യു.പിയിലെ പ്രയാഗ് രാജിൽനിന്ന് പിടിയിലായത്

വെള്ളിയാഴ്ച പുലർച്ചെ 2.40-ഓടെ സംശയാസ്പദമായ രീതിയിൽ ഹിമാൻഷു കുമാറിനെ പ്രയാഗ് രാജിൽ കണ്ടെത്തിയ പോലീസുകാർ ഇയാളെ ചോദ്യംചെയ്തു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്യൂട്ട്കേസ് തുറന്ന് നോക്കിയപ്പോൾ ഉള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതക വിവരം ചുരുളഴിഞ്ഞത്.

എച്ച്പി കോട്ടൺ മില്ലിൽ ജോലിചെയ്തിരുന്ന പ്രതിഭാ ദേവി ഹാൻസിയിലെ ആര്യ നഗറിലെ ബോഗരം കോളനിയിലുള്ള വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. അമ്മയുടെ 6,000 രൂപ ശമ്പളത്തിൽ 5,000 രൂപ താൻ ആവശ്യപ്പെട്ടെങ്കിലും അവർ കൊടുക്കാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ ഹിമാൻഷു അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്കേസിലാക്കുകയുമായിരുന്നു.

സ്യൂട്ട്കേസുമായി പ്രതി ഹൻസിയിൽ നിന്ന് ഗാസിയാബാദിലേക്ക് ട്രെയിനിൽ കയറി. ഗാസിയാബാദിൽ നിന്ന് ടാറ്റാ നഗർ എക്സ്പ്രസിൽ കയറി പ്രയാഗ്‌രാജിലെത്തുകയായിരുന്നു. കേസ് ഹാൻസി പോലീസിന്റെ പരിധിയിൽ വരുമെന്നും ബ്രിജ്കിഷോർ ഗൗതം വ്യക്തമാക്കി. ഇവർ ബീഹാർ ഗോപാൽഗഞ്ച് സ്വദേശികളാണ്. പിതാവ് ബീഹാറിൽ ജോലിചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

No comments