Featured Posts

Breaking News

ബീഫ് കഴിക്കാനുള്ള അവകാശം നൽകും; വിദ്വേഷ പ്രസംഗം ആവർത്തിച്ച് യോഗി ആദിത്യനാഥ്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ന്യൂനപക്ഷങ്ങൾക്ക് ബീഫ് കഴിക്കാനുള്ള അവകാശം നൽകാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ഇത് ഗോവധം അനുവദിക്കുന്നതിന് തുല്യമാണെന്നും യോഗി പറഞ്ഞു.

മൊറാദാബാദ് ജില്ലയിലെ ബിലാരിയിൽ ബി.ജെ.പി സ്ഥാനാർഥി പരമേശ്വർ ലാൽ സെയ്നിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ നാണംകെട്ട ആളുകൾ ഗോമാംസം കഴിക്കാനുള്ള അവകാശം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു,

നമ്മുടെ വേദങ്ങൾ പശുവിനെ അമ്മ എന്നാണ് വിളിക്കുന്നത്. പശുക്കളെ കശാപ്പുകാരുടെ കൈകളിൽ എത്തിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇന്ത്യ എന്നെങ്കിലും ഇത് അംഗീകരിക്കുമോ?’ -യോഗി ചോദിച്ചു. ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം നൽകാനാണ് അവർ ആഗ്രഹിക്കുന്നതെന്നും അതിനർഥം അവർ പശുവിനെ കൊല്ലുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും റോഹീങ്ക്യകൾക്കും വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന നരേന്ദ്ര മോദിയുടെ പരാമർശവും യോഗി ആവർത്തിച്ചു. ജനങ്ങളുടെ സ്വത്തുക്കളുടെ എക്സറേ നടത്തുമെന്ന് കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഒരാളുടെ വീട്ടിൽ നാലു മുറികളുണ്ടെങ്കിൽ അതിൽ രണ്ടെണ്ണം പിടിച്ചെടുക്കും. മാത്രമല്ല, സ്ത്രീകളുടെ സ്വർണാഭരണം ഉൾപ്പെടെ പിടിച്ചെടുക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും രാജ്യം ഇത് അംഗീകരിക്കില്ലെന്നും യോഗി പറഞ്ഞു.

2004 മുതൽ 2014 വരെയുള്ള യു.പി.എ സർക്കാറിന്‍റെ കാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കർണാടകയിൽ എസ്‌.സി, എസ്‌.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലിംകൾക്ക് നൽകാനാണ് ശ്രമമെന്നും യോഗി ആരോപിച്ചു. നേരത്തെ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്നും ഇൻഡ്യ മുന്നണിയെന്ന പേരിൽ വന്നിരിക്കുന്നവർ രാജ്യത്തെ വഞ്ചിച്ചവരാണെന്നും യോഗി തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചിരുന്നു.

No comments