Featured Posts

Breaking News

യുദ്ധത്തിനിടെ അപൂർവ നടപടിയുമായി യുഎസ്, കരസേന മേധാവിയെ പുറത്താക്കി


വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സൈത്ത്. സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഹെഗ്സെത്ത് റാൻഡിയോട് ആവശ്യപ്പെട്ടു. യുദ്ധത്തിനിടെ അപൂർവമായാണ് ഇത്തരമൊരു നടപടി. റാൻഡി ജോർജിനെ പുറത്താക്കിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസംഗത്തിന്റെ സംപ്രേഷണം ആരംഭിക്കുംമുൻപും നടന്നുകൊണ്ടിരിക്കുമ്പോഴും ടെൽ അവീവിലും ദോഹയിലും ദുബായിലും ഇറാന്റെ മിസൈൽ ആക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി. ഇന്നലെ രാവിലെ ഇസ്രയേലിലേക്ക് തുടർച്ചയായ മിസൈൽവർഷമാണ് ഇറാൻ നടത്തിയത്. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദിയുടെ കിഴക്കൻ മേഖലയിലും ആക്രമണമുണ്ടായി. സൗദി അറേബ്യ,യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങളും ലക്ഷ്യമിടുമെന്നു ഇറാൻ സേന മുന്നറിയിപ്പു നൽകി.

യുഎസിനും ഇസ്രയേലിനും വ്യാപകവും വിനാശകരവുമായ തിരിച്ചടി നൽകുമെന്നും ശത്രുക്കൾ മുട്ടുകുത്തുംവരെ യുദ്ധം തുടരുമെന്നും ഇറാൻ പ്രതികരിച്ചു. അഞ്ചാം ആഴ്ചയിലെത്തിയ യുദ്ധത്തിൽ ഇന്നലെയും ഇരുപക്ഷവും രൂക്ഷമായ ആക്രമണം തുടർന്നു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണത്തിൽ പാലവും ഉരുക്കുഫാക്ടറിയും തകർന്നു.

ശിലായുഗത്തിലേക്ക് തിരിച്ചയയ്ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാൻ. ബഹ്റൈനിലെ ആമസോണിന്റെ കെട്ടിടം ആക്രമിച്ചതായി ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സെന്ററിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.

നേരത്തെ ജോർദാനിലെ സൈനികത്താവളത്തിൽവച്ച് യുഎസിന്റെ യുദ്ധവിമാനം ആക്രമിച്ചെന്നും ഇറാൻ അവകാശപ്പെട്ടിരുന്നു. അൽ അസ്റാഖ് സൈനികത്താവളത്തിലെ വിമാനത്തിനുനേരെയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്തു.

അതേസമയം, യുഎസ് ആക്രമണത്തിൽ ടെഹ്റാനിൽ നിർമാണത്തിലിരുന്ന പാലം തകർന്നതായും ഇറാൻ സൈന്യം അറിയിച്ചു. നിർമാണത്തിലിരുന്ന കറാജ് പാലമാണ് തകർന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള പാലമായിരുന്നു ഇത്.

No comments