Featured Posts

Breaking News

സമസ്ത - ലീഗ് തര്‍ക്കം: ജൂണ്‍ നാലിന് ആരുടെ കോലങ്ങളെല്ലാം കത്തും...


തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ കേരളത്തില്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ പലരുടെയും കോലങ്ങള്‍ കത്തുമെന്ന് സൂചന. സാധാരണ ഏപി വിഭാഗം നേതാക്കളാണ് ഇത്തരം രാഷ്ട്രീയ വിമര്‍ശനത്തിന് വിധേയരാകുന്നുവെങ്കില്‍ ഇത്തവണ സമദാനി ജയിച്ചാലും തോറ്റാലും സമസ്ത ഇ കെ വിഭാഗവും ലീഗും പൊരിഞ്ഞ വാക് പോരിലേക്ക് പോകുമെന്നതില്‍ സംശയമില്ല. ഉമര്‍ ഫൈസി മുക്കത്തിന്റെ പരസ്യ പ്രസ്താവന വരുത്തി വെച്ച വിവാദം അടുത്ത നിയമസഭ വോട്ട് വരെ കത്തി നില്‍ക്കുമെന്നാണ് ഇടതു പക്ഷം കരുതുന്നത്.

മുസ്ലിം ലീഗിന് അവര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ പോലും വിജയിക്കുമെന്ന് ആത്മവിശ്വാസമുള്ള ലോക്സഭ മണ്ഡലങ്ങളാണ് മലപ്പുറവും പൊന്നാനിയും. എന്നാല്‍, എല്ലാ തവണത്തെയും പോലെയല്ല ഇത്തവണത്തെ കാര്യങ്ങള്‍. വോട്ട് ബാങ്കിന്റെ പ്രധാന ഘടകമായ സമസ്തയുമായുള്ള ചില അസ്വാരസ്യങ്ങള്‍ ഇത്തവണ ഇരു മണ്ഡലങ്ങളിലും ലീഗിന് തിരിച്ചടിയാകുമോ എന്നതാണ് തെരഞ്ഞടുപ്പിന് ശേഷവും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതായാലും സമദാനിയുടെ റിസള്‍ട്ട് പ്രഖ്യാപനം വരുന്ന മുറക്ക് വിവാദം വീണ്ടും തിളച്ചു മറിയുമെന്നതില്‍ സംശയമില്ല.

വിവാദങ്ങള്‍:

സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് മാനേജിങ് എഡിറ്റര്‍ ടി.പി ചെറൂപ്പയും മാര്‍ക്കറ്റിങ് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍ രാജീവും അറിയിച്ചു. ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി.

ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച് വരുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ മുസ്ലിം ലീഗിന്റെ പരസ്യം ബോധപൂര്‍വം തിരസ്‌ക്കരിച്ചതാണെന്ന രീതിയില്‍ പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പ്രചാരണം വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. എന്നാല്‍ മുസ്ലിം ലീഗ് പരസ്യം നല്‍കാമെന്ന് വാഗ്ദത്തം ചെയ്തെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. വസ്തുത ഇതാണെന്നിരിക്കെ സുപ്രഭാതം മുസ്ലിം ലീഗിന്റെ പരസ്യം തിരസ്‌ക്കരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് സുപ്രഭാതം അറിയിച്ചു.

പൊന്നാനിയില്‍ വോട്ട് ശതമാനം കുറഞ്ഞത് മുസ്ലിം ലീഗിന് തിരിച്ചടിയാവുമെന്ന് കെ എസ് ഹംസ പറയുന്നു. യുഡിഎഫിന്റെ കേന്ദ്രങ്ങളിലാണ് വോട്ടിങ് കുറഞ്ഞത്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകളാണ് പോയത്. ലീഗിന്റെ വോട്ട് ചെയ്യാതെ പോയിട്ടുണ്ട്. യൂത്ത് ലീഗ് അടക്കം വലിയ നിരാശയിലാണെന്നും അവരാണ് വോട്ട് ചെയ്യാതെ പോയതെന്നും കെ എസ് ഹംസ പറഞ്ഞു.

സിഐസി വിവാദം തൊട്ട് പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനം വരെയുണ്ടായ വിവാദങ്ങള്‍ സമസ്തയെയും ലീഗിനെയും രണ്ട് ചേരികളിലാക്കി. ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ സമസ്തയിലെ ലീഗ് വിരുദ്ധരായ യുവനേതാക്കളെ സാദിഖലി തങ്ങള്‍ മാറ്റിനിര്‍ത്തിയതിനു പിന്നാലെ സമസ്തയിലെ ലീഗ് വിരുദ്ധര്‍ തങ്ങള്‍ക്കെതിരെ നിരന്തരം സമൂഹമാധ്യമങ്ങളിലും മറ്റും പ്രചാരണങ്ങള്‍ നടത്തി. മാത്രവുമല്ല, സമസ്തയുടെ പൊതുവേദികളില്‍ പോലും പാണക്കാട് കുടുംബത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സമസ്തയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലീഗ് നേതാക്കള്‍ ഇടപെടുന്നുവെന്നതാണ് കാലങ്ങളായി സമസ്ത പരോക്ഷമായി ഉന്നയിക്കുന്ന കാര്യങ്ങളിലൊന്ന്. ഹൈദരലി തങ്ങളുടെ മരണശേഷം സാദിഖലി തങ്ങള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തശേഷമാണ് ഭിന്നത രൂക്ഷമാവുന്നത്.

സമസ്തയിലെ ഭൂരിപക്ഷം ലീഗ് അനുകൂലികളും വിവാദത്തോടെ പ്രതിസന്ധിയിലായി. ഇതോടെയാണു സമസ്തയും ലീഗും തമ്മിലുള്ള ബന്ധം വഷളാക്കുന്ന രീതിയില്‍ പ്രചാരണങ്ങള്‍ നടത്തരുതെന്നും സമസ്ത ഇത്തരം പ്രചാരണങ്ങള്‍ക്കായി ആരെയും നിയോഗിച്ചിട്ടില്ലെന്നും സമസ്ത വാര്‍ത്തക്കുറിപ്പ് ഇറക്കേണ്ടി വന്നത് വിവാദത്തിന് അല്‍പ്പം ശമനം നല്‍കിയെങ്കിലും വോട്ട് ആര്‍ക്ക് കൊടുക്കണമെന്നതില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും ആശങ്കയുണ്ടായി. പലരും നോട്ടക്ക് വോട്ട് നല്‍കിയതായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. സമസ്തയിലെ ലീഗ് വിരുദ്ധര്‍ (ഷജറകള്‍) എന്ന അറബി പദത്തിലാണ് അറിയപ്പെടാറുള്ളത്.

ഷജറകള്‍ എന്ന് പറയുന്നത് ചുരുങ്ങിയ എണ്ണം ആളുകള്‍ മാത്രമാണെന്നാണ് ലീഗ് അണികള്‍ക്കിടയിലെ സംസാരം. ഇത് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നതാണ് ലീഗ് നേതൃത്വവും വിശ്വസിക്കുന്നത്.എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെല്ലാം മുഖ്യമന്ത്രി സിഎഎയെക്കുറിച്ചും ന്യൂനപക്ഷ വിഷയങ്ങളെ കുറിച്ചും സംസാരിച്ചത് ന്യൂനപക്ഷത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടത് ഇടപെടലുണ്ടെന്ന വികാരം ഉണ്ടാക്കിയോ എന്നതാണ് മറ്റൊരു കാര്യം. ആദ്യഘട്ടത്തില്‍ തന്നെ സിഎഎയ്ക്കെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചത് സിപിഎം തന്ത്രം വിലപ്പോവില്ലെന്ന് ലീഗിന് ആശ്വസിക്കാന്‍ കഴിയുന്ന കാര്യവുമാണ്.

സിറ്റിങ് എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തേക്കും ഡോ. എംപി അബ്ദുസമദ് സമദാനി പൊന്നാനിയിലേക്കും സീറ്റുകള്‍ വച്ചുമാറിയത് എന്തിനാണെന്നതിന് കൃത്യമായ ഉത്തരം ലീഗ് നേതൃത്വം ഇതുവരെ പറഞ്ഞിട്ടില്ല. പൊന്നാനിയില്‍ ഇ ടി വിരുദ്ധ വികാരമുണ്ടായതുകൊണ്ടാണ് മണ്ഡലം വെച്ചുമാറിയതെന്നാണ് സൂചന. അതേസമയം, അബ്ദുസമദ് സമദാനിക്കു പൊന്നാനി മണ്ഡലത്തില കോട്ടക്കല്‍, തിരൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ വേണ്ടത്ര പിന്തുണയില്ല. എംഎല്‍എയായിരുന്ന കാലത്ത് തന്നെ കോട്ടക്കലിലെ ലീഗുകാര്‍ക്കിടയില്‍ സമദാനി വിരുദ്ധരുണ്ടായിട്ടുണ്ട്. മുന്‍ മുസ്ലിം ലീഗുകാരനാണെന്ന വികാരവും സമസ്ത - ലീഗ് ഭിന്നതയും ഹംസയ്ക്കു വോട്ടാവുമങ്കില്‍ സമദാനിക്കത് തിരിച്ചടിയായേക്കും.

No comments