Featured Posts

Breaking News

പത്താം ക്ലാസ് കഴിഞ്ഞാൽ എന്ത് പഠിക്കണം?


ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകൾ ബാധിക്കാത്ത കുട്ടികളും മാതാപിതാക്കളുമുണ്ടാവില്ല. വിജയകരമായ കരിയറിന് കൃത്യമായ പ്ലാനിങ് അത്യന്താപേക്ഷിതമാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. പരീക്ഷകൾ കഴിഞ്ഞിരിക്കുന്ന പത്താം ക്ലാസുകാരിയോട് ഇനിയെന്ത് എന്നു ചോദിച്ചാൽ എന്തുത്തരമാവും കിട്ടുക? റിസൽട്ട് വരട്ടെ. അതിനുശേഷമാവാം തീരുമാനം. എന്റെ അച്ഛന് എന്നെ ഒരു ചാർട്ടേഡ് അക്കൗണ്ടന്റാക്കാനാണാഗ്രഹം.

 അതുകൊണ്ട് ഞാൻ കൊമേഴസ് സ്ട്രീമിൽ 10+2 നു ചേരും. എന്റെ കൂട്ടുകാരി സയൻസിനു ചേരണമെന്നു പറയുന്നു, അതുകൊണ്ടു ഞാനും. വീടിനടുത്തുള്ള സ്കൂളിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് സ്ട്രീമുണ്ട്. അതുകൊണ്ടതിന് ചേരാം.പോളിടെക്നിക്കിലെ ഇലക്ട്രോണിക് ബ്രാഞ്ച് നല്ലതാണെന്നു പറഞ്ഞു. ഞാനാകെ കൺഫ്യൂഷനിലാണ്.
10–ാം ക്ലാസിനുശേഷം ഒരു കുട്ടി ഏതു സ്ട്രീം തിരഞ്ഞെടുക്കുന്നുവെന്നത് അയാളുടെ കരിയറിലെ വളരെ പ്രധാനപ്പെട്ടതും വിധിനിർണായകമായതുമായ ചുവടുവയ്പാണ്.

പ്ലസ്ടുവിന് ഏതു കോമ്പിനേഷനുകൾ തിരഞ്ഞെടുക്കണമെന്ന് വേണ്ടത്ര ആലോചിച്ച് തീരുമാനിക്കണം. കുട്ടിയുടെ കഴിവുകളെയും താൽപര്യങ്ങളെയും കൃത്യമായി വിലയിരുത്തണം. ഉദാഹരണത്തിന്, പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്ന വിദ്യാർഥി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ കുട്ടിക്ക് ആഭിമുഖ്യമുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. സ്വന്തം കരിയർ ലക്ഷ്യങ്ങൾ നിറവേറ്റാൻ തിരഞ്ഞെടുക്കുന്ന സ്ട്രീം സഹായിക്കുമോ എന്നും പരിശോധിക്കണം.

തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന സ്ട്രീമിനെക്കുറിച്ചും ഉപരിപഠനസാധ്യതകളെക്കുറിച്ചും നിങ്ങളുടെ മാതാപിതാക്കൾ, അധ്യാപകർ തുടങ്ങിയവരോടു സംസാരിക്കണം. നിങ്ങളുടെ താൽപര്യങ്ങൾ മാതാപിതാക്കളെയും അധ്യാപകരെയും അറിയിക്കേണ്ടതുണ്ട്.
സ്വന്തം കുട്ടികൾ എന്തു പഠിക്കണമെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് ഉത്കണ്ഠ തോന്നുക സ്വാഭാവികമാണ്. കുട്ടികളുടെ അഭിരുചികൾക്കിണങ്ങുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കുക പ്രധാനമാണ്. 

ആശയക്കുഴപ്പമുണ്ടെങ്കിൽ ഒരു വിദഗ്ധന്റെ അഭിപ്രായമാരായുന്നത് നന്ന്. വിവിധ മേഖലകളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങൾ ശേഖരിച്ച ശേഷം മാതാപിതാക്കളുടെ കൂടി സഹായത്തോടെ അന്തിമതീരുമാനമെടുക്കണം. മാതാപിതാക്കളുടെ പങ്ക് മാർഗനിർദേശം നൽകുന്നതിൽ മാത്രമായിരിക്കണം; അവരുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കലാവരുത്. ഓരോ കുട്ടിയും വ്യത്യസ്തരാണ്; അഭിരുചികളിലും കഴിവുകളിലും.

പ്രധാന സ്ട്രീമുകൾ

10–ാം ക്ലാസിനുശേഷം പ്ലസ് ടുവിനു ചേരുന്ന ഒരു വിദ്യാർഥിക്ക് പ്രധാനമായും മൂന്നു സ്ട്രീമുകളാണ് തിരഞ്ഞെടുക്കാനുള്ളത്.

സയൻസ്

എൻജിനീയറിങ്, മെഡിസിൻ, ശാസ്ത്രം തുടങ്ങിയ മേഖലകളിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ ഈ സ്ട്രീം തന്നെ തിരഞ്ഞെടുക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നിവയാണ് പ്രധാന വിഷയങ്ങൾ.

ഹ്യൂമാനിറ്റീസ്/ ആർട്സ്

മാനവികവിഷയങ്ങൾ, ഭാഷ, സാഹിത്യം എന്നിവയിൽ തൽപരരായവർക്ക് ഈ സ്ട്രീം അഭിലഷണീയം. ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സൈക്കോളജി, സോഷ്യോളജി, ആന്ത്രപ്പോളജി, ജേണലിസം, ഭാഷകൾ എന്നിങ്ങനെ വിഷയങ്ങളുടെ വലിയ നിരയുണ്ട് ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കാൻ.

കൊമേഴ്സ്

വാണിജ്യം, അക്കൗണ്ടിങ്, സാമ്പത്തികശാസ്ത്രം എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങൾ.

സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കുമ്പോൾ
ഗണിതശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ്, എൻജിനീയറിംങ്, ഗ്രാഫിക്സ്, ഇക്കണോമിക്സ് എന്നിവയാണ് പ്രധാന വിഷയങ്ങൾ. ഇവയിൽ ഏതെങ്കിലും നാലു വിഷയങ്ങളുടെ കോമ്പിനേഷനുകൾ ആണ് തിരഞ്ഞെടുക്കാൻ കഴിയുക. എൻജിനീയറിങ്/ ഗണിതവും അനുബന്ധ വിഷയങ്ങളും / ഫിസിക്സ്/ കെമിസ്ട്രി എന്നീ മേഖലകളിൽ ഉപരിപഠനം നടത്തുന്നവർ മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവ നിർബന്ധമായും തിരഞ്ഞെടുക്കണം.‌ മെഡിസിൻ, ലൈഫ് സയൻസ്, പാരാമെഡിക്കൽ, നഴ്സിങ് എന്നിവ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്നവർ ബയോളജി ഉൾപ്പെടുന്ന നാലു വിഷയങ്ങൾ പഠിച്ചിരിക്കണം. സയൻസ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയകരമായി പൂർത്തീകരിച്ചവർക്കു നിരവധി ഉപരിപഠന സാധ്യതകളാണുള്ളത്. ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റ് കാണുക.

∙എൻജിനീയറിങ്
∙മെഡിസിൻ
∙നഴ്സിങ്
∙പാരാമെഡിക്കൽ
∙ഗണിതശാസ്ത്രം / സ്റ്റാറ്റിസ്റ്റിക്സ്
∙കംപ്യൂട്ടർ സയൻസ്
∙ഫിസിക്സ്, കെമിസ്ട്രി, ബയോളജി
∙അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഹോർട്ടി കൾച്ചർ, ഫിഷറീസ്
∙നിയമം
∙കൊമേഴ്സ്, മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ്
∙ഭാഷകൾ, സാഹിത്യം
∙ജേണലിസം
∙ഡിസൈൻ
∙CA, CS, CMA

ആർട്സ് / ഹ്യൂമാനിറ്റിസ്

ഇക്കണോമിക്സ്, ചരിത്രം, സോഷ്യോളജി, പൊളിറ്റിക്സ്, ഭാഷകൾ, ജേണലിസം, സോഷ്യൽ വർക്ക്, ജ്യോഗ്രഫി, സൈക്കോളജി എന്നീ വിഷയങ്ങളുടെ വ്യത്യസ്ത കോമ്പിനേഷനുകൾ ആർട്സ് / ഹ്യൂമാനിറ്റീസ് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കു പഠിക്കാനാവും. ആർട്സ് / ഹ്യൂമാനിറ്റീസ് സ്ട്രീമിൽ പ്ലസ്ടു വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ഉപരിപഠനം നടത്താനാവുന്ന ചില മേഖലകൾ കൊടുത്തിരിക്കുന്നു.

∙ഭാഷകൾ (ഇംഗ്ലിഷ്, ഹിന്ദി, വിദേശഭാഷകൾ, പ്രാദേശിക ഭാഷകൾ)
∙സൈക്കോളജി, ആർക്കിയോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, ജ്യോഗ്രഫി, സോഷ്യൽവർക്ക്, ഇന്ത്യൻ കൾച്ചർ, ഇക്കണോമിക്സ്.

∙ഫൈൻ ആർട്സ്, തിയറ്റർ ആർട്സ്, ഫൊട്ടോഗ്രഫി
∙വെബ്ഡിസൈൻ
∙കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ
∙ഹോട്ടൽ മാനേജ്മെന്റ്
∙ഡിസൈൻ
സയൻസ്, കൊമേഴ്സ് വിഷയങ്ങൾ പഠിച്ചവർക്കും മേൽവിവരിച്ച മേഖലകൾ ഉപരിപഠനത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.

കൊമേഴ്സ്

പ്ലസ്ടുവിന് കൊമേഴ്സ് തിരഞ്ഞെടുത്തവർക്ക് ഉപരിപഠനത്തിന് കൊമേഴ്സ്, ഇക്കണോമിക്സ്, ബിസിനസ്, നിയമം എന്നിവ അഭികാമ്യമാണ്. CA, CS, CMA എന്നീ പ്രഫഷനൽ പ്രോഗ്രാമുകൾക്കും ചേരാം. പ്ലസ്ടുവിന് സയൻസ്, ആർട് വിഷയങ്ങൾ തിരഞ്ഞെടുത്തവർക്കും മേൽപറഞ്ഞ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനു തടസ്സങ്ങളൊന്നുമില്ല.

10–ാം ക്ലാസിനുശേഷം ചേരാവുന്ന ഡിപ്ലോമകൾ
SSLC ക്കുശേഷം തൊഴിൽ നേടാൻ സഹായിക്കുന്ന നിരവധി ഡിപ്ലോമകളുണ്ട്. ആറു മാസം മുതൽ മൂന്നു വർഷം വരെ ദൈർഘ്യമുള്ള ഇത്തരം പ്രോഗ്രാമുകൾ കുറഞ്ഞ കാലയളവിൽ ഒരു ജോലിയിൽ പ്രവേശിക്കുവാൻ സഹായിക്കും. ഫൊട്ടോഗ്രഫി, ത്രിഡി അനിമേഷൻ, ഫുട്‍വെയർ ടെക്നോളജി, അഗ്രികൾച്ചർ എന്നിങ്ങനെ വിവിധ മേഖലകളിൽ കോഴ്സുകൾ ലഭ്യമാണ്.

പോളിടെക്നിക് പഠനം

എസ്എസ്എൽസിയോ പ്ലസ്ടുവോ പൂർത്തിയാക്കിയവർക്ക് സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കി മെച്ചപ്പെട്ട തൊഴിൽ നേടാൻ പോളിടെക്നിക്കുകൾ സഹായിക്കുന്നു. പോളിടെക്നിക് കോഴ്സുകളുടെ കാലയളവ് മൂന്നു വർഷമാണെങ്കിലും ഐടിഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് ലാറ്ററൽ എൻട്രി വഴി രണ്ടു വർഷം കൊണ്ട് കോഴ്സ് പൂർത്തിയാക്കാം.
ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിടെക് എന്നിവയെല്ലാം എൻജിനീയറിങ് വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളിൽ പെടുന്ന കോഴ്സുകളാണ്. അവ തമ്മിലുള്ള താരതമ്യം ശ്രദ്ധിക്കുക.

പോളിടെക്നിക് കോഴ്സുകൾ

കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാവകുപ്പിനു കീഴിൽ AICTE (All India Council for Technical Education) യുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 66 പോളിടെക്നിക്കുകളുണ്ട്. SSLC പാസായവർക്ക് ഈ പോളിടെക്നിക്കുകളിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകൾക്കു ചേരാവുന്നതാണ്. 1947 ൽ നാലായിരത്തിൽ താഴെ കുട്ടികൾക്കു മാത്രം പ്രവേശനം നൽകാൻ കഴിയുമായിരുന്ന 53 പോളിടെക്നിക്കുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. പക്ഷേ, ഇന്ന് അവയുടെ എണ്ണം 500 ൽ അധികമാണ്. മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും മികച്ച അധ്യാപകരുമായുള്ള പോളിടെക്നിക്കുകളിൽ ഉയർന്ന പ്ലെയ്സ്മെന്റ് സൗകര്യമുണ്ട്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എന്നീ പരമ്പരാഗത കോഴ്സുകൾക്ക് ഇന്നും പ്രിയമുണ്ട്. ആർക്കിടെക്ചറൽ അസിസ്റ്റന്റ്ഷിപ്, ഡയറി എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി, ഗ്ലാസ് & സിറാമിക് എൻജിനീയറിങ്, ഇന്റീരിയർ ഡിസൈൻ, പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ് എന്നീ കോഴ്സുകൾക്ക് ഉയർന്ന തൊഴിൽ സാധ്യതയുണ്ട്.

ITI ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ
കേരളത്തിൽ സർക്കാർ മേഖലയിൽ 82 ഐടിഐകളാണ് നിലവിലുള്ളത്. സ്വകാര്യ മേഖലയിൽ 40 ൽ അധികം ITI കൾ പ്രവർത്തിക്കുന്നു. സർക്കാർ മേഖലയിലുള്ള 41 ഐടിഐകളിൽ National Council of Vocational Training (NCVT) അംഗീകാരത്തോടെ നടക്കുന്ന നിരവധി ഏകവത്സര/+ ദ്വിവൽസര ട്രേഡുകൾ ലഭ്യമാണ്. ഇതിനു പുറമേ മികവിന്റെ കേന്ദ്രം (Centre of Excellence) പദ്ധതിയിലും തിരഞ്ഞെടുക്കപ്പെട്ട ഐടിഐകളിൽ കോഴ്സുകൾ നടത്തി വരുന്നു. കൂടാതെ, കേരള ഗവൺമെന്റിന്റെ SCVT(State Council of Vocational Training) പദ്ധതിപ്രകാരവും നിരവധി ഐടിഐ ട്രേഡുകൾ ലഭ്യമാണ്. ഈ കോഴ്സുകൾ എൻസിവിടിയുടെ കീഴിലല്ലെങ്കിലും PSC അംഗീകാരമുള്ളതുകൊണ്ട് തൊഴിൽ സാധ്യതയ്ക്കു കുറവൊന്നുമില്ല. ഐടിഐ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത 10–ാം ക്ലാസ് ആണെങ്കിലും ചില ട്രേഡുകളിലേക്ക് 10 –ാം ക്ലാസ് പരാജയപ്പെട്ടവർക്കും പ്രവേശനം നൽകും. കോഴ്സിൽ ചേരാൻ ഉയർന്ന പ്രായപരിധിയില്ല.

കോഴ്സുകൾ

എൻജിനീയറിങ് സ്ട്രീം
ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), സർവെയർ, ഇലക്ട്രീഷ്യൻ, റേഡിയോ/ ടിവി മെക്കാനിക്, ഇലക്ട്രോണിക് മെക്കാനിക്, റഫ്രിജറേഷൻ, ഫിറ്റർ, ടർണർ, ആട്ടോമൊബൈൽ, കാർപെന്റർ, പെയിന്റർ, ടൂൾ & ഡൈ.
നോൺ എൻജിനീയറിങ് സ്ട്രീം
സ്റ്റെനോഗ്രഫി, സെക്രട്ടറിയൽ പ്രാക്ടീസ്, ഡ്രസ് മേക്കിങ്, ഫൊട്ടോഗ്രഫി, ഹെയർ & സ്കിൻ കെയർ

VHSE (Vacational Higher Secondary Education)

കേരളത്തിൽ 389 സ്കൂളുകളിലായി 1100 ബാച്ചുകളിൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി അഥവാ വിഎച്ച്എസ്ഇ കോഴ്സുകൾ നടത്തിവരുന്നുണ്ട്. പ്ലസ്ടു കോഴ്സുകൾ നടത്തിവരുന്നുണ്ട്. പ്ലസ്ടു പഠനത്തോടൊപ്പം ഏതെങ്കിലും ഒരു മേഖലയിൽ തൊഴിൽ പരിശീലനവും നടത്തുന്ന രീതിയിലാണ് കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. സാങ്കേതിക നൈപുണ്യം കൈവരിച്ച മാനവവിഭവശേഷിയുടെ അപര്യാപ്തതയാണ് ഇന്ത്യയിലെ തൊഴിൽ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രശ്നത്തെ അഭിമുഖീകരിക്കുകയും സാങ്കേതിക വൈദഗ്ധ്യം നേടിയ തൊഴിൽ ശക്തിയെ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ വിദ്യാഭ്യാസ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പഠനവിഷയങ്ങൾ മൂന്നു പാർട്ടുകളിലായാണ്. VHSE കോഴ്സുകളുടെ ദൈർഘ്യം രണ്ടു വർഷമാണ്. പ്ലസ്ടുവിനോട് തുല്യത നൽകിയിരിക്കുന്നതുകൊണ്ട് വിഎച്ച്എസ്ഇ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് തടസ്സങ്ങളില്ല. പാർട്ട് രണ്ടിലെ ഓരോ ഗ്രൂപ്പിലും പഠിക്കുന്ന മൂന്നു വിഷയങ്ങൾക്കു കൂടെയുള്ള ഓപ്ഷണൽ വിഷയം ആ ഗ്രൂപ്പിന് അനുയോജ്യമായ ഒരു തൊഴിലധിഷ്ഠിത വിഷയമായിരിക്കും. വിഎച്ച്എസ്ഇ പഠനത്തിനുശേഷം പഠനമേഖലയുമായി ബന്ധപ്പെട്ട ഒരു തൊഴിൽ നേടുകയോ ഏതെങ്കിലും കോളജുകളിലോ പോളിടെക്നിക്കുകളിലോ ചേർന്ന് ഉപരിപഠനം നടത്തുകയോ ചെയ്യാവുന്നതാണ്.

വിഎച്ച്എസ്ഇ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിരവധി തൊഴിലവസരങ്ങളുണ്ട്.
∙വിഎച്ച്എസ്ഇയിലെ ലാബ് അസിസ്റ്റന്റ് നിയമനത്തിന് വിഎച്ച്എസ്ഇ കോഴ്സ് മതിയായ യോഗ്യതയാണ്.
∙ 12 വിഎച്ച്എസ്ഇ കോഴ്സുകൾ (സിവിൽ കൺസ്ട്രക്‌ഷൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍, മെക്കാനിക്കൽ സർവീസിങ്, റഫ്രിജറേഷൻ, റബർ ടെക്നോളജി, അഗ്രിക്കൾച്ചർ എന്നിങ്ങനെ) കേരള പിഎസ്‌സി പല പോസ്റ്റുകൾക്കും മതിയായ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ബി വിഭാഗത്തിലെ വൊക്കേഷണൽ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഓപ്ഷണൽ വിഷയങ്ങളോടൊപ്പം താൽപര്യമുണ്ടെങ്കിൽ, ഗണിതം(Mathematics) ഒരു അധിക വിഷയമായി എടുത്തു പഠിക്കാവുന്നതും മെഡിക്കൽ പ്രവേശന പരീക്ഷയോടൊപ്പം എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാവുന്നതുമാണ്.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍







No comments