യുഎഇയിൽ പെൺവാണിഭ സംഘത്തിന് വഴങ്ങിയില്ല; ഓടിരക്ഷപെട്ട് മലയാളി യുവതി
റാസൽഖൈമ ∙ പെൺവാണിഭ സംഘത്തിൽനിന്ന് മലയാളി യുവതി ഓടിരക്ഷപ്പെട്ടു. അബായ ഷോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ഈ മാസം 22ന് റാസൽഖൈമയിൽ എത്തിച്ച കോഴിക്കോട്ടുകാരിയാണ് ചതിയിൽനിന്നു രക്ഷപ്പെട്ടത്. റാസൽഖൈമ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരെ വൈകാതെ നാട്ടിലേക്കു തിരിച്ചയയ്ക്കും. 50,000 ഇന്ത്യൻ രൂപ ശമ്പളവും താമസവുമായിരുന്നു അബായ ഷോപ്പിലെ ജോലിക്ക് വാഗ്ദാനം ചെയ്തിരുന്നത്.
റാസൽഖൈമ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിയ കോട്ടയം സ്വദേശികളെന്നു പരിചയപ്പെടുത്തിയവർ നേരെ കൊണ്ടുപോയത് റാസൽഖൈമയിലെ ഒരു വില്ലയിലേക്ക്. അവിടെ 2 മലയാളികളും ഒരു തമിഴ്നാട്ടുകാരിയും ഉൾപ്പെടെ മറ്റു 3 പേർ കൂടി ഉണ്ടായിരുന്നു. പുരുഷന്മാർ വന്നു പോകുന്നതു കണ്ട് മറ്റു സ്ത്രീകളോട് കാര്യം തിരക്കിയപ്പോഴാണ് പെൺവാണിഭ സംഘത്തിലാണ് വന്നുപെട്ടതെന്ന് അറിയുന്നത്. പിറ്റേ ദിവസമാണ് ജോലിയെക്കുറിച്ച് വിശദീകരിച്ചത്. ഇത്തരം ജോലി ചെയ്യാൻ താൽപര്യമില്ലെന്നും തിരിച്ചയയ്ക്കാനും യുവതി ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. വീസയ്ക്കും വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനുമായി വൻ തുക ചെലവുണ്ടെന്നും തിരിച്ചു കിട്ടാതെ വിടില്ലെന്നും പറഞ്ഞതോടെ യുവതി വിഷമത്തിലായി. എല്ലാം ശരിയാകുമെന്നു അവിടെയുള്ള മറ്റു സ്ത്രീകളും വിശദീകരിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
സാമ്പത്തിക പ്രയാസത്തിൽ നിന്ന് കരകയറാനാണ് കുട്ടികളെ മാതാവിനെ ഏൽപിച്ച് വിദേശ ജോലിക്ക് തയാറായതെന്ന് യുവതി പറഞ്ഞു. വഴങ്ങില്ലെന്നു കണ്ടതോടെ മറ്റൊരു സ്ഥലത്തേക്കു മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു സംഘം. ഇതു മനസ്സിലാക്കിയ യുവതി രക്ഷപ്പെടാനുള്ള തയാറെടുപ്പ് തുടങ്ങി. പാസ്പോർട്ട് നേരത്തേ പുറത്തുകൊണ്ടുവന്നു വച്ചിരുന്നു. ഗേറ്റ് തുറന്നുകൊടുക്കാനായി പുറത്തുവന്നതിനിടെയാണ് ഓടി രക്ഷപ്പെട്ടത്. ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകരായ നാസർ അൽമാഹ, നവാസ് കണിയാപുരം, ലത്തീഫ് ചെറുതുരുത്തി, പ്രിസ്റ്റിൻ എന്നിവരെത്തി യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
വിദേശ ജോലിക്ക് പുറപ്പെടുന്നതിന് മുൻപ് വീസയുടെയും ജോലിയുടെയും നിജസ്ഥിതി ഉറപ്പാക്കണമെന്ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സൈനുൽ ആബിദീൻ സലീം പറഞ്ഞു. അംഗീകൃത സംഘടനകളിലോ ഇന്ത്യൻ എംബിസിയിലോ കോൺസുലേറ്റിലോ നോർക്കയുമായി ബന്ധപ്പെട്ടോ അന്വേഷിക്കാം. വിദേശ ജോലിക്ക് വരുന്നവർ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ ചതിയിൽപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.