Featured Posts

Breaking News

അധികാരത്തിലേറാൻ ഉപയോഗിച്ച 75 വയസ്സ്... പാളുമോ മോദി ഗ്യാരന്‍റി?


ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചൂടിൽ രാജ്യം അമർന്നിട്ട് മാസങ്ങളായി. ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ കളം നിറയുകയാണ്. പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയപരമായ ഒരു ചോദ്യത്തിനും നേരാംവണ്ണം ഉത്തരം നൽകാൻ ബിജെപിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടവും കഴിഞ്ഞ ഈ കാലം വരെയും തയ്യാറായിരുന്നില്ല. ഇന്നലെ അരവിന്ദ് കെജ്‌രിവാൾ ആ ചോദ്യം ചോദിക്കുന്നത് വരെ.....

സെപ്തംബറിൽ 75 വയസ്സ് തികയുന്ന മോദി അടുത്ത തവണയും പ്രധാനമന്ത്രിയാകുമോ എന്ന കെജ്‌രിവാളിന്റെ, ആ ചോദ്യം പക്ഷെ ബിജെപി നേതൃത്വത്തിന്റെ ചങ്കിൽ തന്നെ തറച്ചു. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരത്തിലുണ്ടായിരുന്ന അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മണിക്കൂറുകൾക്കുള്ളിൽ മാധ്യമങ്ങളെ കണ്ട് വിഷയത്തിൽ വിശദീകരണം നൽകേണ്ടി വന്നു. കെജ്‌രിവാൾ ആയുധമാക്കിയ മോദി -യോഗി ഭിന്നത തള്ളി യോഗിക്ക്‌ തന്നെ രംഗത്ത് വരേണ്ടി വന്നു. 75 വയസ്സ് എന്ന റിട്ടയർമെന്റ് പ്രായം പാർട്ടി ഭരണ ഘടനയിലില്ലെന്ന് പറഞ്ഞ് ദേശീയ വക്താവ് ജെപി നദ്ദ വാർത്താക്കുറിപ്പ് ഇറക്കി. 

മാസങ്ങളായി രാഹുൽ ഗാന്ധിയും പ്രതിപക്ഷ കക്ഷികളുടെ നിരവധി നേതാക്കളും നിരന്തരം വായിട്ടലച്ചിട്ടും കഴിയാത്തത് ജയിലിൽ നിന്ന് പുറത്ത് വന്നതിനടുത്ത മണിക്കൂറുകള്‍ക്കുള്ളിൽ കെജ്‌രിവാളിന് കഴിഞ്ഞു എന്നുള്ളതാണ് യാഥാർത്ഥ്യം. മറ്റ് പ്രതിപക്ഷ നേതാക്കളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയുന്നതും ഈ രാഷ്ട്രീയ പ്രായോഗികത മൂലമാണ്. ഹനുമാൻ സമർപ്പണവും ഭാരത്‌ മാതാ കീ വിളികളും മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്ന അയാളുടെ ആ രീതിയുടെ ഭാഗമാണ്.

വലിയ തരക്കേടില്ലാതെ ഇൻഡ്യ സഖ്യം മുന്നോട്ട് പോകുമ്പോൾ തിരഞ്ഞെടുപ്പിൽ ബിജെപിയെ തുരത്താനുള്ള അടുത്ത സ്റ്റെപ് പാർട്ടിയിൽ വിള്ളലുണ്ടാക്കുകയാണ് എന്ന് കെജ്‌രിവാൾ മനസ്സിലാക്കുന്നു. പ്രകടമല്ലെങ്കിലും ബിജെപിക്കുള്ളിൽ എരിയുന്ന മോദിയുടെ ഏകാധിപത്യ പ്രവണതക്കെതിരെയുള്ള എതിർപ്പിനെ തുറന്ന് വിടാൻ ശ്രമിക്കുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ യു പി മുഖ്യമന്ത്രി പദത്തിൽ നിന്ന് യോഗി ആദിത്യ നാഥിനെ മാറ്റുമെന്ന കെജ്‌രിവാളിന്റെ ആരോപണം അത് ലക്ഷ്യം വെച്ചായിരുന്നു. 

യോഗി ആയാലും അമിത് ഷാ ആയാലും തന്നെക്കാൾ വളരാൻ ആരെയും മോദി അനുവദിക്കില്ല എന്ന ആരോപണം പാർട്ടിക്കുള്ളിലെ അസ്വസ്ഥരായ മുതിർന്ന നേതാക്കക്കൾക്ക്‌ മേൽ കുത്തിവെക്കുകയായിരുന്നു കെജ്‌രിവാൾ. ഒരു പരിധി വരെ അതിൽ അദ്ദേഹം വിജയം കണ്ടു എന്ന് വേണം കരുതാൻ. യാതൊരു വെല്ലുവിളികളുമില്ലാതെ ഹാട്രിക് വിജയത്തിലേക്ക് ഓട്ടം തുടങ്ങിരുന്ന മോദി തിരഞ്ഞെടുപ്പിന്റെ നാലാം ലാപ്പിൽ കിതക്കുകയും ഇന്നേ വരെ ഇല്ലാത്ത രീതിയിൽ അസ്വസ്ഥനായി കാണപ്പെടുകയും ചെയ്യുന്നത് അത് കൊണ്ട് കൂടിയാണ്. ഒരർത്ഥത്തിൽ തന്റെ മുൻഗാമികളെ വെട്ടി നിരത്താൻ മോദി ഉപയോഗിച്ച ആയുധം മോദിയുടെ കഴുത്തിനുനേരെ നീട്ടുകയായിരുന്നു കെജ്‌രിവാൾ ചെയ്തത്.


മോദിക്ക് ബാധകമല്ലേ ബിജെപിയുടെ റിട്ടയർ നിയമം ?

ഭാരതീയ ജനതാ പാർട്ടിയിൽ സർവ്വപര ഏകാധിപതിയാണ് മോദി. ഒരു പാർട്ടി നിയമത്തിനും മോദിയുടെ സംഹാര താണ്ഡവത്തെ ഇത് വരെയും എതിർത്ത് നിൽക്കാൻ കഴിഞ്ഞിട്ടില്ല. തനിക്കെതിരെയുള്ള നീക്കങ്ങളെ പാർട്ടി നിയമങ്ങളുണ്ടാക്കി പഴുതടയ്ക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്. മുന്നോട്ടുള്ള അധികാര വഴികളിലെ തടസ്സങ്ങൾ നീക്കാൻ ഒറ്റയ്ക്ക് പാർട്ടി നിയമം തിരുത്തിയ ചരിത്രമാണ് മോദിയുടേത്. അത്തരത്തിലുള്ള നീക്കമായിരുന്നു പാർട്ടിയുടെ മുതിർന്ന സ്ഥാനത്തുള്ളവർക്ക് 75 വയസ്സിന് മുകളിൽ പ്രായം പാടില്ല എന്ന അപ്രഖ്യാപിത റിട്ടയർമെന്റ് നിയമം. 2014 മെയിലാണ് മോദി പാർട്ടിക്കുള്ളിൽ തനിക്ക് വിലങ്ങുതടിയായ താപ്പാനകളെ പുറത്ത് ചാടിക്കാൻ ഈ നിയമം കൊണ്ട് വരുന്നത്.


അങ്ങനെ രാഷ്ട്രീയ വനവാസം നേരിടേണ്ടി വന്നവരാണ് എല്‍ കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും സുമിത്ര മഹാജനും യശ്വന്ത് സിൻഹയും പോലെയുള്ള നിരവധി നേതാക്കൾ. രാജ്യം മുഴുവൻ രഥമുരുട്ടിയിട്ടും 75 ൽ തട്ടിയാണ് അദ്വാനിക്ക്‌ പ്രധാനമന്ത്രി പദം നഷ്ടമായത്. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെൻ പട്ടേലും 75 വയസ്സിൽ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നയാളാണ്. 

ആദ്യ മോദി സര്‍ക്കാരിന്‍റെ സമയത്ത് ന്യൂനപക്ഷ മന്ത്രിയായിരുന്ന നജ്മ എ ഹെപ്തുള്ളയെ 75 വയസ്സ് പൂർത്തിയായ ഉടനെ രാജി വെപ്പിച്ചതും ചരിത്രമാണ്. തലമുറ മാറ്റം ആവശ്യപ്പെട്ട് കർണ്ണാടകയിൽ ബി എസ് യെദിയൂരപ്പയെയും ഡൽഹിയിൽ മദൻ ലാലിനെയും മാറ്റിയതും ഉദാഹരണം. 2019ല്‍ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 75 വയസ്സ് കഴിഞ്ഞ 20 ഓളം മുതിർന്ന നേതാക്കളെയാണ് സ്ഥാനാർഥി പട്ടികയിൽ നിന്ന് മാറ്റി നിർത്തിയത്. യുവജനങ്ങൾക്ക് അവസരം കൊടുക്കുക എന്നതിനപ്പുറം തന്റെ അപ്രമാദിത്തം ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു മോദിയുടേത്.

കൽരാജ് മിശ്ര, ബി എസ് കോഷിയാരി, ബി സി ഖണ്ഡൂരി, കാരിയ മുണ്ഡ, ശാന്തകുമാർ, ഹുകുംദേവ് നാരായൺ യാദവ്, സത്യനാരായൺ ജതിയ, ശത്രുഘ്‌നൻ സിൻഹ് തുടങ്ങി നേതാക്കളും ഇങ്ങനെ സ്ഥാനം തെറിച്ചവരാണ്.

ബിജെപിയും മോദിയും നേരിടുന്ന ചോദ്യം

അദ്വാനി അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് ബാധകവും മോദിക്ക് ബാധകവുമല്ലാത്ത റിട്ടയർ നിയമത്തിന്റെ ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുകയാവും അടുത്തദിവസങ്ങളിൽ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ചെയ്യുക. ആ ചോദ്യത്തിന് പാർട്ടിക്കുള്ളിൽ തന്നെ മറുപടി പറയാൻ മോദി നിർബന്ധിതനാകും. മോദി തരംഗം ഇന്ത്യയിലെവിടെയുമില്ലെന്ന യഥാർഥ്യം മറ നീക്കി പുറത്ത് വന്ന സാഹചര്യത്തിൽ, അന്ന് അസ്വസ്ഥരായി പുറത്തേക്ക് പോയ മുതിർന്ന നേതാക്കൾ ഈ അവസരത്തിൽ വിമർശനവുമായി തിരിച്ചു വന്നാൽ അതിനെ പ്രതിരോധിക്കാൻ പാർട്ടിയും മോദിയും പെടാപ്പാട് പെടും. ആ അവസരമുണ്ടാക്കിയെടുക്കാനാണ് കെജ്‍രിവാള്‍ ശ്രമിക്കുന്നതും...!


(കടപ്പാട് : റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍)

Story Short: But Kejriwal's question whether Modi, who will turn 75 in September, will be the prime minister again, has nailed the BJP leadership. Home Minister Amit Shah, who was in Telangana election campaign, had to meet the media within hours to explain the issue.


Community-verified icon


No comments