ബംഗാളില്‍ സംഭവിച്ചത് കണ്ണൂരിലും നടക്കും, മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണം: കെ എം ഷാജി
കോഴിക്കോട്: കണ്ണൂരില്‍ സിപിഐഎമ്മിന്റെ പതനം സംഭവിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ബംഗാളില്‍ സിപിഐഎമ്മിന് സംഭവിച്ചതാണ് കണ്ണൂരിലും നടക്കുന്നത്. സിപിഐഎം കേഡറുകള്‍ ആത്മ പരിശോധന നടത്തണം. സിപിഐമ്മിന്റെ മരണം അനിവാര്യമാണെന്നും കെ എം ഷാജി പറഞ്ഞു.
സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുവിന്റെ വെളിപ്പെടുത്തലോടെ പി ജയരാജനും വിശുദ്ധനല്ലായെന്ന് തെളിഞ്ഞു. സിപിഐഎം എന്ന കപ്പല്‍ മുങ്ങാന്‍ പോകുന്നു എന്നതിന്റെ തെളിവാണ് പി ജയരാജനെതിരായ ആരോപണങ്ങള്‍ എന്നും കെ എം ഷാജി വിമര്‍ശിച്ചു. മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും കെ എം ഷാജി പ്രതികരിച്ചു
കഴിഞ്ഞ ദിവസങ്ങളില്‍ പി ജയരാജന്‍, ജയരാജന്റെ മകന്‍ ജെയിന്‍ രാജ്, ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍ എന്നിവര്‍ക്കെതിരെ മനുതോമസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്നും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തുള്‍പ്പടെ ജയരാജന്‍ കച്ചവടങ്ങള്‍ നടത്തിയെന്നും ഷാജറിന് സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടെന്നതും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മനു ഉയര്‍ത്തിയത്. പിന്നാലെ മനു തോമസിനെതിരെ ഭീഷണിയുമായി ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കിയും രംഗത്തെത്തിയിരുന്നു.