Featured Posts

Breaking News

ഇന്ത്യയില്‍ ജോലി ചെയ്യുന്നവരിൽ 86% പേരും സഹിച്ചും കഷ്ടപ്പെട്ടും കഴിയുന്നവർ...


മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നത് ഉയർന്ന തസ്തികകളിൽ ജോലി ലഭിക്കുന്നതിന് അനിവാര്യമാണ്. എന്നാൽ ജോലി ലഭിച്ചതുകൊണ്ടു മാത്രം ജീവിതസാഹചര്യങ്ങൾ മികച്ചതാണെന്ന നിഗമനത്തിൽ എത്തിച്ചേരാനാകില്ല. തൊഴിലിടത്തിൽ നേരിടുന്ന അനുഭവങ്ങൾ ജീവിതത്തിന്റെ ആകെയുള്ള നിലവാരത്തെ ബാധിക്കുന്നുണ്ട്. ഇന്ത്യയിലെ ജീവനക്കാരിൽ 86 ശതമാനവും തൊഴിലിടത്തിൽ പോരാടുകയോ അങ്ങേയറ്റം കഷ്ടപ്പെടുകയോ ചെയ്യുന്നവരാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ആഗോള തലത്തിൽ ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും പരിശോധിക്കുന്ന ഗാലപ്പ് 2024 സ്റ്റേറ്റ് ഓഫ് ഗ്ലോബൽ വർക്ക്‌പ്ലേസ് റിപ്പോർട്ടിലാണ് ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം പുറത്തുവന്നിരിക്കുന്നത്.

അമേരിക്കൻ അനലിറ്റിക്സ് കമ്പനിയായ ഗാലപ്പ് നടത്തിയ പഠനത്തിൽ ജീവനക്കാരുടെ തൊഴിലിടത്തിലെ സാഹചര്യങ്ങളെ അഭിവൃദ്ധിക്ക് സഹായിക്കുന്നത്, പോരാടേണ്ടി വരുന്നത്, കഷ്ടപ്പാടുകൾ നിറഞ്ഞത് ഇങ്ങനെ മൂന്നായി തരംതിരിച്ചിരുന്നു. ഇന്ത്യയിലെ ജീവനക്കാരിൽ 86 ശതമാനവും തങ്ങളുടെ തൊഴിലിടം പോരാട്ടങ്ങൾ നിറഞ്ഞതോ കഷ്ടപ്പാടുകൾ നിറഞ്ഞതോ ആണെന്നാണ് വെളിപ്പെടുത്തിയത്. 14 ശതമാനം മാത്രമാണ് അഭിവൃദ്ധിക്ക് ഉതകുന്ന സാഹചര്യം തൊഴിലിടത്തിൽ ഉള്ളതായി അംഗീകരിച്ചത്. അഭിവൃദ്ധി പ്രാപിക്കുന്ന അന്തരീക്ഷത്തിൽ ജോലിചെയ്യുന്നവരുടെ ആഗോളതലത്തിലുള്ള കണക്ക് 34 ശതമാനമാണെന്നിരിക്കെ ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളുടെ ദയനീയ അവസ്ഥയിലേക്ക് പഠന റിപ്പോർട്ട് വെളിച്ചം വീശുന്നുണ്ട്.

വരുന്ന അഞ്ചുവർഷക്കാലം വളർച്ചയുടേതായിരിക്കുമെന്ന കാഴ്ചപ്പാടോടെ നിലവിലെ ജീവിത സാഹചര്യങ്ങൾക്ക് ഏഴോ അതിനു മുകളിലോ റേറ്റിങ് നൽകിയവരാണ് ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. നിലവിലെ ജീവിത സാഹചര്യത്തിൽ അനിശ്ചിതത്വം ഉള്ളവരും പ്രതികൂല മനോഭാവമുള്ളവരും സാമ്പത്തികമായി വിഷമിക്കുന്നവരും സമ്മർദ്ദം അനുഭവിക്കുന്നവരും പോരാടുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഭാവിയെ പറ്റിയുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ട് അങ്ങേയറ്റം ദയനീയ സ്ഥിതിയിൽ ജീവിതസാഹചര്യങ്ങൾക്ക് നാലോ അതിൽ താഴെയോ റേറ്റിങ് നൽകിയവരാണ് കഷ്ടപ്പെടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തതു മുതൽ ഉയർന്ന മാനസിക സമ്മർദ്ദം, വിഷമങ്ങൾ, ശാരീരികമായ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ഇവർക്ക് നേരിടേണ്ടിവരുന്നുണ്ട്. അഭിവൃദ്ധി പ്രാപിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പോലെയുള്ള പരിരക്ഷകൾ ഇല്ലാത്തവരാണ് കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നത്.

എന്നാൽ ഇന്ത്യയിൽ മാത്രമല്ല ദക്ഷിണേഷ്യൻ മേഖലയിൽ പൊതുവേ ഈ ട്രെൻഡാണ് നിലനിൽക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യയിലെ ആകെ കണക്കെടുത്താൽ 15 ശതമാനം ജീവനക്കാർ മാത്രമാണ് സ്വയം അഭിവൃദ്ധി പ്രാപിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുള്ളത്. തൊഴിലടത്തിൽ വളർച്ച നേടുന്നവർ 14 ശതമാനം മാത്രമാണെങ്കിലും ദക്ഷിണേഷ്യയിലെ ആകെ കണക്കെടുക്കുമ്പോൾ ഈ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്ന ജീവനക്കാരുള്ള രാജ്യം നേപ്പാളണ് (22 ശതമാനം). തൊഴിൽ സാഹചര്യങ്ങളിൽ പതിവായി ദേഷ്യം തോന്നുന്നതായി 35 ശതമാനം ഇന്ത്യൻ ജീവനക്കാരും സമ്മതിക്കുന്നു. ഇത് ഈ മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. എന്നാൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ കണക്കുകളിൽ ഇന്ത്യയിൽ ഏറ്റവും പിന്നിലാണ്. 32 ശതമാനം ജീവനക്കാർ മാത്രമാണ് മാനസിക സമ്മർദ്ദത്തെക്കുറിച്ച് വ്യാകുലപ്പെടുന്നത്.

സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിലും ആണെങ്കിലും തൊഴിലിൽ ഊർജ്ജസ്വലതയോടെ ഇടപഴകുന്നവരാണ് ഇന്ത്യയിലെ 32 ശതമാനം ജീവനക്കാരും. ഇക്കാര്യത്തിൽ ആഗോള ശരാശരി 23 ശതമാനം മാത്രമാണ്. അതായത് ഇന്ത്യയിൽ ജോലിക്കാർ ക്ഷേമത്തിന്റെയും ജീവിതനിലവാരത്തിന്റെയും കാര്യത്തിൽ ബുദ്ധിമുട്ടുകയോ പോരാടുകയോ ചെയ്യുന്നുണ്ടെങ്കിലും അവരിൽ ഏറിയ പങ്കും ജോലിയോട് ആത്മാർത്ഥതയും പ്രതിബദ്ധതയും പുലർത്തുന്നുവെന്നാണ് പഠനം വെളിവാക്കുന്നത്.

Story Short: Getting better education is essential for getting jobs in higher positions. But just because you got a job, you cannot conclude that living conditions are better. Experiences in the workplace affect the overall quality of life. A study has found that 86 percent of employees in India struggle or suffer greatly at work.

No comments