മത്സരിച്ച മണ്ഡലത്തിലെല്ലാം വോട്ട് കൂട്ടി; പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭയ്ക്ക് നറുക്ക് വീണേക്കും...
തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്. സി.കൃഷ്ണകുമാറും ബിജെപി പരിഗണനാ പട്ടികയിലുണ്ട്.
ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, മെട്രോമാൻ ഇ.ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ചത്. എൽഡിഎഫിലെ സി.പി.പ്രമോദ് മൂന്നാം സ്ഥാനത്തായി.
ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഊർജമാകുമെന്നാണു പ്രതീക്ഷ. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. പാലക്കാട്ടും ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫാണു ഭരിക്കുന്നത്. കണ്ണാടി മാത്രമാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് 9707 വോട്ടിന്റെ ലീഡുണ്ട്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്.