മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ചു; ബംഗളൂരുവിൽ മാൾ അടച്ചുപൂട്ടി
ബംഗളൂരു: പരമ്പരാഗത വേഷം ധരിച്ചെത്തിയ കർഷകന് ബംഗളൂരുവിലെ ഷോപ്പിങ് മാളിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ നടപടിയുമായി അധികൃതർ. മുണ്ടുടുത്ത കർഷകനെ തടഞ്ഞ ബംഗളൂരു മാഗഡി റോഡിലെ ജി.ടി വേൾഡ് മാളിന് പൂട്ടിടാൻ ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) തീരുമാനിച്ചു. 2023 -24 വർഷത്തെ വസ്തു നികുതി അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, കർഷകനെ തടഞ്ഞ സംഭവം കർണാടക നിയമസഭയിലും ചർച്ചയായി. ഈ വിഷയത്തിൽ മാൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിയമവ്യവസ്ഥയുണ്ടെന്നും ബി.ബി.എം.പി ഉദ്യോഗസ്ഥരോട് ഇക്കാര്യം സംസാരിച്ചതായും കർണാടക നഗര വികസന മന്ത്രി ബൈരതി സുരേഷ് സഭയെ അറിയിച്ചു. മന്ത്രിയുടെ തീരുമാനം സ്വാഗതംചെയ്ത സ്പീക്കർ യു.ടി. ഖാദർ നടപടി വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനു പുറമെയാണ് വസ്തുനികുതി അടക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ബി.ബി.എം.പിയുടെ സമാന്തര നടപടി. 1.78 കോടി രൂപയാണ് നികുതിയിനത്തിൽ ജി.ടി വേൾഡ് മാൾ അധികൃതർ അടക്കാനുള്ളതെന്നും ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നതായും ബി.ബി.എം.പി സോണൽ കമീഷണർ വിനോദ് പ്രിയ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 70കാരനായ ഫക്കീരപ്പ എന്ന കർഷകൻ മകൻ നാഗരാജിനൊപ്പം സിനിമ കാണാനായാണ് മാളിലെത്തിയത്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ ഫക്കീരപ്പയെ തടഞ്ഞു. മാളിലെ ഡ്രസ് കോഡ് പ്രകാരം മുണ്ടുടുത്ത് കയറാനാവില്ലെന്ന് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 70കാരനായ ഫക്കീരപ്പ എന്ന കർഷകൻ മകൻ നാഗരാജിനൊപ്പം സിനിമ കാണാനായാണ് മാളിലെത്തിയത്. എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ ഫക്കീരപ്പയെ തടഞ്ഞു. മാളിലെ ഡ്രസ് കോഡ് പ്രകാരം മുണ്ടുടുത്ത് കയറാനാവില്ലെന്ന് അറിയിച്ചു.
സംഭവത്തിന്റെ വിഡിയോ ദൃശ്യം മകൻ നാഗരാജ് പകർത്തിയത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ വൈറലായി. കർഷകരും കന്നട അനുകൂല സംഘടന പ്രവർത്തകരും സംഘടിച്ച് മാളിന് മുന്നിൽ മുണ്ടുടുത്തെത്തി പ്രതിഷേധിച്ചു. ഇതോടെ മാൾ അധികൃതർ ക്ഷമാപണം നടത്തി. പ്രതിഷേധക്കാർ ഫക്കീരപ്പയെ മാളിലെത്തിച്ച് ഹാരമണിയിച്ച് ആനയിച്ചു. മാൾ അധികൃതരുടെ നടപടിക്കെതിരെ രാഷ്ട്രീയ, സാമൂഹിക തലങ്ങളിൽനിന്ന് വിമർശനമുയർന്നു. ഇതിനുപിന്നാലെയാണ് മാളിന് പൂട്ടിട്ട് ബി.ബി.എം.പി നടപടി.