ഖാലിദ് അൽ അമെരിയും സുനൈനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ
ദുബായ്: അറബ് ലോകത്തെ പ്രശസ്ത വ്ളോഗറും യുട്യൂബറുമായ ഖാലിദ് അൽ അമെരിയും തമിഴ് നടി സുനൈനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവരുടെയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുടെ സംശയത്തിന് കാരണമായിരിക്കുന്നത്.
രണ്ട് മോതിരങ്ങളുടെ പോസ്റ്റ് ഖാലിദ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുനൈന ഒരാളുടെ കൈപിടിച്ച ചിത്രം പോസ്റ്റ് ചെയ്തത്. ഇത് ഖാലിദ് ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തു. ഇതേ തുടർന്ന് ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തിയെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിക്കുകയായിരുന്നു. ഇരുവരും ഇതിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
നേരത്തെ ഖാലിദ് അൽ അമേരി യുഎഇ സ്വദേശിനിയായ സലാമ മുഹമ്മദിനെ വിവാഹം ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ ഇരുവരും ചേർന്നുള്ള വിഡിയോകൾ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ സലാമ വേർപിരിയൽ സ്ഥിരീകരിച്ചു. മുൻ ഭർത്താവുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും ഫെബ്രുവരി 13 ന് താൻ വിവാഹമോചനം നേടിയെന്നും സലാമ വെളിപ്പെടുത്തിയിരുന്നു.
സ്റ്റാൻഫോർഡ് ബിരുദധാരിയായ ഖാലിദിന് സലാമയിൽ രണ്ട് ആൺമക്കളുണ്ട്. സലാമ പീസ് ഫുൾ സ്ഥാപകയും പ്രമുഖ വ്യവസായ സംരംഭകയുമാണ്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ഇരുവരുടെയും വേർപിരിയൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ഞെട്ടിച്ചു. ഇന്ത്യയിൽ നിന്നുള്ള ഉള്ളടക്കം പതിവായി പങ്കുവയ്ക്കുന്ന ഖാലിദിന് മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഫോളോവേഴ്സുണ്ട്.
പ്രിയങ്കരം കേരം തിങ്ങും കേരള നാട്
കേരളത്തെ ഇഷ്ടപ്പെടുന്ന ഖാലിദ് അൽ അമേരി ഇടയ്ക്കിടെ സംസ്ഥാനം സന്ദർശിക്കാറുണ്ട്. മത്സ്യത്തൊഴിലാളകളുടെ ബോട്ടിൽ കയറി മഴ ആസ്വദിച്ചും ഇന്ത്യൻ ഭക്ഷണം ആസ്വദിച്ചും ഖാലിദ് ഇന്ത്യക്കാരുടെ മനം കവർന്നു. ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ് ചെയ്ത റീലിന് 35 ലക്ഷത്തിലേറെ കാഴ്ചക്കാരും 3,10,000-ലേറെ ലൈക്കുകളും ലഭിച്ചു. പരമ്പരാഗത വാഴയിലയിലായിരുന്നു ഭക്ഷണം കഴിച്ചത്. "ബിസ്മില്ലാഹ്" എന്ന് ബഹുമാനത്തോടെ പറഞ്ഞതിന് ശേഷം വിഭവങ്ങൾ രുചിച്ച ശേഷം, ഇന്ത്യൻ ഭക്ഷണം എരിവുള്ളതാണെന്ന് ആളുകൾ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്ന് അദ്ദേഹം അത്ഭുതപ്പെടുന്നു. ഹൈദരാബാദ് സന്ദർശിച്ച അദ്ദേഹം ടെന്നിസ് താരം സാനിയ മിർസയുടെ വീട്ടിലെത്തുകയുണ്ടായി. അടുത്തിടെ നടൻ മമ്മൂട്ടിയെ അഭിമുഖം നടത്തിയതോടെ അദ്ദേഹം കൂടുതൽ പേരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. യുഎഇയിലെ ഏറ്റവും പ്രശസ്തനായ സമൂഹമാധ്യമ താരങ്ങളിൽ ഒരാളാണ് ഖാലിദ് അൽ അമെരി.
ആരാണ് സുനൈ?
കഴിഞ്ഞ ദിവസമാണ് ഒരു പുരുഷന്‍റെ കൈപിടിച്ച ചിത്രം തമിഴ് യുവനടി സുനൈന പോസ്റ്റ് ചെയ്തത്. 2005-ൽ കുമാർ വേഴ്സസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നാഗ് പൂര്‍ സ്വദേശിയായ സുനൈന അരങ്ങേറ്റം കുറിച്ചത്. കാതലിൽ വിഴുന്തേൻ (2008) എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച് നടി അതിവേഗം പ്രശസ്തിയിലേക്ക് ഉയർന്നു. 2012-ൽ പുറത്തിറങ്ങിയ നീർപറവൈ എന്ന ചിത്രം നിരൂപക പ്രശംസ നേടുകയും സുനൈനയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നോമിനേഷൻ ലഭിക്കുകയും ചെയ്തു. ബെസ്റ്റ് ഫ്രണ്ട് എന്ന മലയാള ചിത്രത്തിലടക്കം പതിനാറോളം സിനിമകളിലും ആറോളം വെബ് സീരീസുകളിലും അഭിനയിച്ചു. 35 വയസ്സുകാരിയെ താരത്തിന് ഇൻസ്റ്റഗ്രാമിൽ 10 ലക്ഷം ഫോളോവേഴ്‌സുണ്ട്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഇൻസ്പെക്ടർ ഋഷി എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.
(മനോരമ ഓണ്‍ലൈന്‍)